Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവി​ത്ത് ബി​ൽ 2025;...

വി​ത്ത് ബി​ൽ 2025; വിത്ത് ഔട്ട് കർഷകൻ

text_fields
bookmark_border
വി​ത്ത് ബി​ൽ 2025; വിത്ത് ഔട്ട് കർഷകൻ
cancel
പുതിയ വിത്ത് ബിൽ, കർഷകന്റെ വിത്തെടുത്ത് കോർപറേറ്റുകൾക്ക് കുത്താൻ കൊടുക്കുന്ന പാതകമാകുമെന്ന് ഇന്ത്യൻ കർഷകസമൂഹം ആശങ്കപ്പെടുന്നു. ബിൽ വിഭാവനം ചെയ്യുന്ന പ്രകാരം നിയമമായാൽ, വിത്തുകൾ ഉൽപാദിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വില നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം സമൂലമായി മാറും. ഈ തിരുത്തൽ പക്ഷേ, കർഷക പക്ഷത്തുനിന്നല്ല മറിച്ച് വിപണിക്കുവേണ്ടിയാണ് എന്നാണ് ഭയപ്പെടുത്തുന്ന വസ്തുത. വിത്ത് ബില്ലിലെ കാണാച്ചരടുകളിലൂടെ...

പകുതിയിലേറെ മനുഷ്യരും കൃഷിയും അനുബന്ധ തൊഴിലുകളും ജീവിതമാർഗമായി കൊണ്ടുനടക്കുന്ന ഇന്ത്യാ മഹാരാജ്യത്ത്, വിത്തിനുവേണ്ടി ഒരു ബിൽ വന്നിരിക്കുകയാണിപ്പോൾ. നിലവിലെ വിത്ത് സംബന്ധ നിയമങ്ങളെയെല്ലാം പൊളിച്ചെഴുതിക്കൊണ്ട്, ആധുനികവത്കരണവും കർഷക ക്ഷേമവും മുന്നിൽ കണ്ട് തയാറാക്കിയതെന്ന അവകാശവാദവുമായാണ് കേന്ദ്ര സർക്കാർ കരട് ബിൽ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ, ഒറ്റനോട്ടത്തിൽതന്നെ കർഷക വിരുദ്ധമാണ് ബിൽ എന്ന് പ്രതിഷേധമുയർന്നിരിക്കുന്നു.

കരടു ബില്ലിനെക്കുറിച്ച് ഡിസംബർ 9 വരെ പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാം. പ്രാദേശിക വിത്ത് ഉൽപാദകരിൽനിന്ന് കോർപറേറ്റുകളിലേക്ക് വിത്തിന്റെ നിയന്ത്രണം കൈമാറുന്ന ഘടനാപരമായ മാറ്റമെന്നാണ് പുതിയ ബില്ലിനെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.

സർക്കാർ വാദം

  • വിത്തുകളുടെ നിർബന്ധിത രജിസ്ട്രേഷനിലൂടെ ഗുണനിലവാരം ഉറപ്പുവരുത്തും.
  • ക്യൂ.ആർ കോഡ് ട്രേസബിലിറ്റി (എവിടെ, എന്ന്, എങ്ങനെ ഉൽപാദിപ്പിച്ചു എന്ന് തിരിച്ചറിയാൻ കഴിയും)
  • വ്യാജ വിത്തുകൾ ഇല്ലാതാക്കൽ.
  • സ്വകാര്യ ഗവേഷണങ്ങളിലൂടെ നവീകരണത്തിന് പ്രോത്സാഹനം.

രാജ്യത്തെ കാർഷികമേഖലയെ കരുത്തുറ്റതാക്കുമെന്നുമാണ് ഇതു കേൾക്കുമ്പോൾ ഒറ്റനോട്ടത്തിൽ തോന്നുക. വിശ്വസിക്കാവുന്നതും സർട്ടിഫൈ ചെയ്തതുമായ വിത്തുകൾ ഇതുവഴി കർഷകർക്ക് ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, ആധുനികവത്കരണത്തിന്റെ പേരിൽ ഈ മേഖലയിലേക്ക് കടുന്നവരുന്ന നിയമപരമായ നടപടിക്രമങ്ങൾ, ഡിജിറ്റൽ ട്രാക്കിങ് സംവിധാനങ്ങൾ, പുതിയ ലൈസൻസിങ് ചട്ടങ്ങൾ എന്നിവ തങ്ങളെ വീഴ്ത്തുമെന്ന് കർഷകർ ഭയക്കുന്നു.

വൻ മൂലധനവും സാങ്കേതികവിദ്യയും കൈവശമുള്ള വൻകിട സ്വകാര്യ കമ്പനികൾക്ക് മാത്രം സാധ്യമാകുന്ന ഇത്തരം നവീകരണ സംവിധാനങ്ങൾ നിർബന്ധമാക്കുന്നതോടെ ചെറിയ നഴ്‌സറികളും കർഷക കൂട്ടായ്മകളും തകർന്നുപോകുമെന്ന് ആശങ്ക ഉയർന്നുകഴിഞ്ഞു. ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) പോലുള്ള സംഘടനകൾ പറയുന്നത്, വിത്തുകളിൽ കോർപറേറ്റുകൾക്ക് കുത്തകാവകാശം നൽകുന്ന വ്യവസ്ഥകളാണ് കരടിലുള്ളതെന്നാണ്.

വിത്ത് കോർപറേറ്റാകുന്ന വിധം

നിർബന്ധിത രജിസ്ട്രേഷൻ: ബില്ലിലെ ഏറ്റവും വിവാദ നിർദേശങ്ങളിലൊന്നാണിത്. വിൽപനക്കു മുമ്പ് എല്ലാ വിത്ത് വൈവിധ്യങ്ങളും രജിസ്റ്റർ ചെയ്യണമെന്നതാണ് നിർദേശിക്കുന്നത്. എന്നാലിത് വലിയ കമ്പനികൾക്ക് മാത്രം സാധ്യമാകുന്നവയാണ് എന്നാണ് വിമർശനം. കാരണം വർഷങ്ങൾ നീളുന്ന പരീക്ഷണങ്ങൾ, ഇതിന്റെ പ്രവർത്തനക്ഷമത ഡേറ്റ സമർപ്പിക്കൽ തുടങ്ങിയ ചെലവേറിയ പ്രക്രിയകൾ ഗ്രാമീണ കർഷകർക്ക് സാധ്യമാകുമോ എന്നതാണ് ചോദ്യം. അതേസമയം വലിയ അഗ്രി കമ്പനികൾ ഇതിനെ സ്വാഗതം ചെയ്യുന്നു.

ക്യൂ.ആർ കോഡ് ട്രേസബിലിറ്റി; സാങ്കേതിക ഭാരവും കൂട്ടും: ബിൽ നിർദേശിക്കുന്ന ക്യൂ.ആർ കോഡുകളും കേന്ദ്രീകൃത ഡിജിറ്റൽ ട്രാക്കിങ്ങും ചെറുകിട വിത്ത് ശൃംഖലകളെ തളർത്തും. കേരളം, മഹാരാഷ്ട്ര, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലെ ചെറുകിട നഴ്‌സറികൾക്കും കൂട്ടായ്മകൾക്കും ഇത് ഭാരമാകും.

നിയമലംഘനങ്ങൾക്ക് ശിക്ഷ ലഘൂകരിക്കുന്നു: ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ അഥവാ വ്യവസായ അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമെന്ന് അവകാശപ്പെട്ട്, മേഖലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കി, പിഴ മാത്രമായി ഒതുക്കുന്നത് കോർപറേറ്റുകൾക്ക് വേണ്ടിയുള്ള മറ്റൊരു ഭേദഗതിയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. അതിനേക്കാളുപരി, വിത്ത് പരാജയപ്പെട്ടാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ അവ്യക്തമാണ്.

പ്രാദേശിക വിത്ത് വ്യവസ്ഥ അപകടത്തിൽ

പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ വിത്തിനങ്ങളാണ് ഗ്രാമീണതലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ഇവ ചെലവു കുറഞ്ഞതും സുസ്ഥിരവും ഒപ്പം ജൈവവൈവിധ്യം നിലനിർത്തുന്നതുമായിരിക്കും. ക്യൂ.ആർ കോഡിങ്, രജിസ്ട്രേഷൻ, ലൈസൻസ് എന്നിവയിലൂടെ പ്രാദേശിക അറിവുകളും കൂട്ടായ്മകളും പതിയെ അപ്രത്യക്ഷമാകും. പകരം കൂടുതൽ പണം നൽകി സ്വകാര്യ കമ്പനികളുടെ വിത്തുകൾ വാങ്ങേണ്ട അവസ്ഥ വരും.

കൃഷിമന്ത്രാലയം പറയുന്നത്

  • നിലവിലെ വിത്ത് ഗുണമേന്മ അസംഘടിതമായതിനാൽ വ്യാജ വിത്തുകളെ തടയാൻ ശക്തമായ നിയമം ആവശ്യമുള്ളതിനാലാണ് പുതിയ ബിൽ.
  • സ്വകാര്യ ഗവേഷണ-വികസനം വളരാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമം ആവശ്യമാണ്.
  • ഡിജിറ്റൽ ട്രേസബിലിറ്റിയിലൂടെ വ്യാജ വിത്തുകൾ കണ്ടെത്താൻ കഴിയും. വിതരണക്കാർക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനും സാധിക്കും.

ഉത്തരവാദിത്തം ആർക്ക് ?

ബിൽ കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുമെന്ന് സർക്കാർ പറയുമ്പോഴും, നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകൾ കുറച്ചതിലൂടെ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാണ്. നഷ്ടപരിഹാര സംവിധാനം ഇല്ലാതെ ഉത്തരവാദിത്തം എന്നു പറയുന്നത് വെറും വാക്കാണെന്നും കർഷകർ പറയുന്നു.

പൊരുത്തക്കേട് പലവിധം

  • കർഷകന്റെ അവകാശം സംരക്ഷിക്കുന്നു എന്ന് സർക്കാർ പറയുമ്പോൾതന്നെ പ്രാദേശിക കർഷകരുടെ ബ്രാൻഡ് ചെയ്ത വിത്ത് കൈമാറ്റം തടയുന്നു
  • ‘വ്യവസായ സൗഹൃദം’ എന്ന് പറഞ്ഞ് കൊണ്ടുവന്ന നടപടിക്രമങ്ങൾ (compliance) കർഷകർക്ക് പക്ഷേ ചെലവ് കൂട്ടുന്നവയാണ്.
  • കൃത്രിമ വിത്ത് ഇല്ലാതാക്കുമെന്ന് വാദിക്കുമ്പോൾതന്നെയാണ്, കർശന ശിക്ഷ നടപടികൾ ഇളവ് ചെയ്ത് പിഴയിൽ ഒതുക്കുന്നത്.
  • നവീകരണം പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുമ്പോൾതന്നെ പ്രാദേശിക ഇനം വിത്ത് വൈവിധ്യം ഇല്ലാതാക്കുന്ന നയങ്ങൾ കൊണ്ടുവന്നിരിക്കുന്നു.

കർഷകരുടെ ആവശ്യങ്ങൾ

  • ചെറുകിട വിത്ത് ഉൽപാദകർക്ക് കമ്യൂണിറ്റി സീഡ് ബാങ്കുകൾക്കും ലളിതവും കുറഞ്ഞ ചെലവുള്ള രജിസ്ട്രേഷൻ സാധ്യമാക്കണം.
  • വിത്ത് പരാജയപ്പെട്ടാൽ കൃത്യവും സമയബന്ധിതവുമായ നഷ്ടപരിഹാരം.
  • കർഷകർക്ക് പരസ്പരം ബ്രാൻഡഡ് വിത്ത് കൈമാറ്റം സാധ്യമാക്കുന്ന വിധം സംരക്ഷണം വേണം.
  • കോർപറേറ്റ് അഴിമതിക്കെതിരെ കർശന നിയമങ്ങൾ
  • സ്വദേശീയ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഇനങ്ങൾക്ക് പിന്തുണ നൽകണം.
  • ‘വിത്ത് പരമാധികാരത്തി’ന് നിയമപരമായ അംഗീകാരം.

ചുരുക്കത്തിൽ, ‘വിത്ത് ബിൽ 2025’ൽ തിരുത്തലുകൾ സാധ്യമായില്ലെങ്കിൽ ഇന്ത്യയുടെ കൃഷിനയ ചരിത്രത്തിലെ പുതിയ സംഘർഷമുഖം തുറക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ശാസ്ത്രജ്ഞർ പറയുന്നത്

കോർപറേറ്റ് വിത്ത് സമ്പ്രദായം ജനിതക ഏകത്വത്തിലേക്ക് നയിക്കും. കാലാവസ്ഥാ വ്യതിയാനം നാശം വിതക്കുന്ന ഇക്കാലത്ത് ഈ രീതി അപകടം വിതയ്ക്കും. നാട്ടിൻപുറങ്ങളിലെ പഴയ ഇനങ്ങൾ വരൾച്ച, കീടം, മണ്ണിന്റെ സ്വഭാവം എന്നിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിരോധശേഷിയുള്ളവയാണ്. അവ ഇല്ലാതാകുന്നത് ദീർഘകാല ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകും.

Show Full Article
TAGS:Seed Bill seed farming Farmers Kerala News 
News Summary - Draft Seed Bill 2025
Next Story