കിഴക്കൻ മലയോരത്തിലെ ആദ്യ എണ്ണപ്പനത്തോട്ടം വിളവെടുപ്പ് തുടങ്ങി
text_fieldsഅടക്കാക്കുണ്ട് മാഞ്ചോലയിൽ വിളവെടുപ്പിന് പാകമായ എണ്ണപ്പന
കാളികാവ്: കിഴക്കൻ മലയോരത്ത് അടക്കാകുണ്ട് പതിനഞ്ചേക്കറിൽ തുടങ്ങിയ എണ്ണപ്പന തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങി. റബ്ബർ വെട്ടിമാറ്റി പരീക്ഷണാടിസ്ഥാനത്തിൽ മാഞ്ചോലയിലാണ് എണ്ണപ്പന കൃഷി തുടങ്ങിയത്. നിലമ്പൂർ സ്വദേശി പൊട്ടംകുളം തോമസ് കെ. ജോർജാണ് റബ്ബർ വെട്ടിമാറ്റി പതിനഞ്ചേക്കറിൽ കൃഷി തുടങ്ങിയത്. മൂന്നു വർഷം മുമ്പ് നട്ട തൈകളിലാണ് ആദ്യ വിളവെടുപ്പ് നടത്തിയത്.
എണ്ണൂറോളം പനകളിൽനിന്നാണ് മൂപ്പെത്തിയ കായ്കൾ വിളവെടുത്തത്. കിഴക്കൻ മേഖലയിൽ ആദ്യമായാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്. കൊല്ലത്ത് സർക്കാറിന് കീഴിലുള്ള ഫാമിൽനിന്നാണ് തൈകൾ കൊണ്ടുവന്ന് നട്ടത്. ശാസ്ത്രീയ രീതിയിൽ ചെയ്ത കൃഷി നിരാശപ്പെടുത്തിയില്ല. ആദ്യ വിളവെടുപ്പിൽ നാലു ടണ്ണോളം ശേഖരിച്ചു. മൂന്നു വർഷം കഴിഞ്ഞ പനകളിൽ എല്ലാം നിറയെ കുലകൾ വിരിഞ്ഞിട്ടുണ്ട്. മേഖലയിൽ എണ്ണപ്പന കൃഷി വ്യാപകമാകുന്നതുവരെ വിളവെടുത്ത ഉൽപന്നങ്ങൾ കൊല്ലത്ത് ഫാമിൽ എത്തിക്കാനാണ് പരിപാടി.
വിളവെടുപ്പ് തുടങ്ങിയാൽ നൂറ് വർഷത്തിലധികം കാലം വിളവ് ലഭിക്കും. പന വലുതാകുന്നതോടെ മറ്റു ഇടവിളകളും ഇടയിൽ കൃഷി ചെയ്യാൻ സാധിക്കും. റബ്ബറിനോളം കൂലിച്ചെലവോ വളപ്രയോഗമോ വേണ്ടാത്ത എണ്ണപ്പന ആദായകരം തന്നെയാണെന്നാണ് കർഷകൻ പറയുന്നത്. മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ എണ്ണപ്പന കൃഷിയുള്ളത്. വിളവെടുത്ത എണ്ണക്കുരുക്കൾ കൊല്ലത്തുള്ള സർക്കാർ ഫാക്ടറിയിലേക്ക് കയറ്റി അയച്ചു.


