കൈപ്പാടങ്ങൾ വിസ്മൃതിയിലേക്കോ?
text_fieldsപ്രതീകാത്മക ചിത്രം
വടക്കൻ കേരളത്തിൽ വർഷത്തിൽ ഒരു തവണ മാത്രം കൃഷിയിറക്കാൻ അനുയോജ്യമാകുന്ന തീരദേശ ചതുപ്പ് നിലങ്ങളാണ് കൈപ്പാട് നിലങ്ങൾ. പ്രകൃതിദത്ത ഫലഭൂയിഷ്ഠതയാൽ സമ്പന്നമായ കൈപ്പാട് പാടശേഖരങ്ങൾ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി കാണപ്പെടുന്നു.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കൈപ്പാട് പാടശേഖരങ്ങൾ ഉള്ളത് ഒരുകാലത്ത് 'ചിറക്കൽ താലൂക്കിലെ അക്യാബ്' എന്നറിയപ്പെട്ടിരുന്ന ഏഴോം പഞ്ചായത്തിലാണ്.(ബർമയിൽ ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിച്ചിരുന്ന സ്ഥലമായിരുന്നു അക്യാബ്). പയ്യന്നൂർ താലൂക്കിലാണ് ഇന്ന് ഏഴോം പഞ്ചായത്ത്. കൃഷിയെ സ്നേഹിക്കുന്ന മനുഷ്യരുടെ നാട്. നെൽകൃഷിയും മത്സ്യ കൃഷിയും സംയോജിപ്പിച്ചുള്ള കൃഷി രീതിയാണ് കൈപ്പാടുള്ളത്. ഒരു കാലത്ത് കണ്ണെത്താ ദൂരം പച്ചവിരിച്ചു നിന്നിരുന്ന നെല്പാടങ്ങൾ ഓർമയായി മാറിയതിന്റെ ആശങ്കയിലാണ് ഇവിടുത്തെ കർഷകർ.
കൃഷിരീതി
വർഷത്തിൽ ഒരു തവണ മാത്രമേ കൈപ്പാട് പാടങ്ങളിൽ കൃഷിയിറക്കാൻ സാധിക്കൂ. തുലാം മാസത്തിലെ മഴ മാറുന്നത്തോടെ കടലിൽനിന്ന് വേലിയേറ്റത്തിൽ കുപ്പം-പഴയങ്ങാടി പുഴവഴി തോടുകളിലേക്കും കൈപ്പാട് പാടശേഖരങ്ങളിലേക്കും ഉപ്പുവെള്ളം (ഓര് ജലം) കയറിത്തുടങ്ങും. ഓര് ജലം എത്തും മുമ്പേ നെല്ല് കൊയ്തെടുക്കുന്ന രീതിയിലാണ് കൃഷിയുടെ ക്രമീകരണം. ഓര് ജലം കയറിത്തുടങ്ങിയാൽ പാടങ്ങളിൽ ചെമ്മീൻ കൃഷി തുടങ്ങും.
പൂർണമായും മനുഷ്യന്റെ കായികാധ്വാനത്തിലൂടെ മാത്രമേ ഇവിടെ നെല്ലുൽപാദനം സാധ്യമാവുകയുള്ളൂ. ചളിയായതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കാനാവില്ല. ഏപ്രിൽ പകുതിയോടെ ചെമ്മീൻ കൊയ്ത്ത് കഴിഞ്ഞ് കൃഷി ചെയ്യുന്ന കണ്ടികളിലെ വെള്ളം ഒഴിവാക്കി നെൽ കൃഷി ഇറക്കാനായി പാകപ്പെടുത്തുന്നു. ‘കുതിർ’ നെൽ വിത്താണ് കർഷകർ ഉപയോഗിക്കുന്നത്. ഏപ്രിൽ -മേയ് മാസങ്ങളിലായി പാടശേഖരങ്ങൾ തൂമ്പ ഉപയോഗിച്ച് കൊത്തികൂട്ടി കപ്പക്കൂടം പോലെ ഏകദേശം ഒരടിയോളം വരുന്ന കൂനകൂട്ടി വെക്കും. ഇതിനെ 'മൂട കൂട്ടൽ' എന്നാണ് പറയുന്നത്. ജൂണിൽ മഴ എത്തുന്നതോടെ മൂടയിലെ ലവണാംശം ഇല്ലാതാവുകയും മുളപ്പിച്ച കുതിർ വിത്ത് മൂടയിൽ വെക്കുകയും ചെയ്യും.
മൂന്ന്, നാല് ദിവസത്തിനുള്ളിൽ മൂടയിൽനിന്ന് മുള പുറത്തേക്ക് വരുകയും ഏകദേശം 40 ദിവസത്തോടെ ഞാറ് പാകമാവുകയും ചെയ്യും. ശേഷം കൂനയിൽനിന്ന് മാറ്റി പാടത്ത് നടുന്നു. വിത്തിടുന്നത് മുതൽ കൊയ്ത്തിന് പാകമാവാൻ ഏകദേശം 110 ദിവസമാണ് എടുക്കുന്നത്. ഒരു തരത്തിലുള്ള വളവും ഉപയോഗിക്കുന്നില്ല എന്നതാണ് കൈപ്പാട് കൃഷിയുടെ മറ്റൊരു പ്രത്യേകത. ഒക്ടോബറോടെ കൊയ്ത്ത് കഴിയും. ശേഷം ചെമ്മീൻ- മത്സ്യ കൃഷിക്കായി പാടം സജ്ജമാക്കും.
ചെമ്മീൻ കൃഷി
മത്സ്യങ്ങളും ഞണ്ടും എല്ലാ സമയങ്ങളിലും ഇവിടെ ഉണ്ടാവും. ഡിസംബറോടെ ഉപ്പിന്റെ അംശം കൂടുതലാകും. ഇതു ചെമ്മീൻ കൃഷിക്ക് ഏറ്റവും അനുയോഗ്യമാണ്. വേലിയേറ്റത്തിൽ പാടത്തെത്തുന്ന ചെമ്മീനുകളാണ് ഇവിടെ വളരുന്നത്. പുറമെനിന്ന് ചെമ്മീൻ വിത്തുകൾ നിക്ഷേപിക്കുന്നില്ല. നാരൻ, കാര,തെള്ളി, ചൂടൻ തുടങ്ങിയ ചെമ്മീനുകളും, മാലാൻ, ഇരുമി(കരിമീൻ), ഏട്ട, മത്സ്യങ്ങളും ഞണ്ടുകളും ഇവിടെ വളരാറുണ്ട്. വളർച്ചയെത്തിയ ചെമ്മീനുകളുടെ വിളവെടുപ്പ് ഏകാദശി രാത്രിയിലാണ് നടത്താറ്. ഏപ്രിൽ പകുതിയോടെ ചെമ്മീൻ- മത്സ്യ ശേഖരണം കഴിഞ്ഞ പാടങ്ങൾ കൃഷിക്കായി വിട്ടുനൽകുന്നു.
വെല്ലുവിളികൾ
കൈപ്പാടിന്റെ ഏറിയ ഭാഗവും ഇപ്പോൾ നെല്ലുല്പാദനമില്ലാതെ കിടക്കുകയാണ്. ഉയർന്ന ചെലവും ലാഭമില്ലായ്മയും പലരേയും കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചു. യന്ത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തതും തൊഴിലാളികളുടെ അപര്യാപ്തതയും വെല്ലുവിളിയാണ്. മൂട കൂട്ടൽ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യുമെങ്കിലും മറ്റു പണികൾക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകേണ്ടി വരുന്ന ഉയർന്ന കൂലി, കാലാവസ്ഥ വ്യതിയാനം, പക്ഷികളും മറ്റും വിളകൾ നശിപ്പിക്കുന്നതും കൃഷി വലിയ നഷ്ടത്തിലാക്കുന്നു. നീലക്കോഴി, പ്രാവ്, എരണ്ട, ഏള തുടങ്ങിയ പക്ഷികളും എലികളും കൃഷിയെ വലിയതോതിൽ ബാധിക്കുന്നു. നീർക്കാക്കകളാണ് മത്സ്യകൃഷിക്ക് വെല്ലുവിളി. എന്നിരുന്നാലും കൃഷിയെ സ്നേഹിക്കുന്ന കുറച്ചു മനുഷ്യർ ലാഭമില്ലെങ്കിലും ചെറിയ രീതിയിൽ കൃഷി തുടരുന്നു.
ഇപ്പോൾ കൃഷിയിറക്കാത്ത ഭാഗങ്ങളിൽ പോട്ട പുല്ല് കാടുപോലെ വളർന്നിരിക്കുകയാണ്. മുമ്പ് കുട്ട, പായ നിർമാണത്തിനും കന്നുകാലികൾക്ക് തീറ്റയായും ഇത് ഉപയോഗിച്ചിരുന്നു. കന്നുകാലി പരിപാലനം കുറഞ്ഞതും പുല്ലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി. ഇതു മത്സ്യകൃഷിയെ സാരമായി ബാധിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ചെമ്മീൻ കൃഷിയിൽ ലാഭം കുറയാൻ കാരണം പുല്ലിന്റെ അമിത വളർച്ചയാണ്. നെൽപാടങ്ങളിലേക്ക് കണ്ടലുകളുടെ വ്യാപനവും വർധിച്ചിട്ടുണ്ട്. ഏഴോം കൂടാതെ കണ്ണൂർ ജില്ലയിലെ പട്ടുവം, ചെറുകുന്ന്, കണ്ണപുരം എന്നിവിടങ്ങളിലും കൈപ്പാട് കൃഷി ചെയ്യുന്നുണ്ട്.


