നെല്ല് സംഭരണം മന്ദഗതിയിൽ സംഭരിച്ചത് പകുതി മാത്രം
text_fieldsആലപ്പുഴ: നെല്ല് സംഭരണം ഇപ്പോഴും മന്ദഗതിയിൽ. കൊയ്തതിൽ പകുതിയോളം മാത്രമാണ് ഇതുവരെ സംഭരിച്ചത്. നാല് മില്ലുകൾ മാത്രമാണ് നെല്ലെടുക്കുന്നത്. സംഭരണത്തിന് കൂടുതൽ മില്ലുകളെ സജ്ജരാക്കുന്നതിന് മന്ത്രിമാർ നടത്തിയ ഇടപെടലുകളെല്ലാം വിഫലമായി. ശനിയാഴ്ചവരെ 61.32 ശതമാനം കൊയ്ത്ത് പൂർത്തിയായി. കൊയ്ത നെല്ല് മില്ലുകാർ സംഭരിക്കുന്നില്ല എന്ന മുറവിളി കുട്ടനാട്ടിൽ നിലക്കുന്നില്ല. 22962.2761 മെട്രിക് ടൺ നെല്ല് കൊയ്ത് കഴിഞ്ഞു.
സംഭരിച്ചത് 11674.919 മെട്രിക് ടൺ മാത്രം. ബാക്കി നെല്ല് പാടത്ത് കിടക്കുകയാണ്. മഴ വന്നതോടെ പാടത്ത് കൂട്ടിയിട്ട നെല്ല് പലയിടത്തും കിളിർത്ത് തുടങ്ങിയെന്ന പരാതിയുമായി കർഷകർ കണ്ണീർ വാർക്കുന്നു. പലരും ആത്മഹത്യാ ഭീഷണിമുഴക്കുന്നു. ആയിരകണക്കിന് രൂപ പലിശക്കെടുത്ത് കൃഷിയിറക്കിയ കർഷകരാണ് നെല്ല് കിളിർത്തത് കണ്ട് ആത്മഹത്യാഭീഷണി മുഴക്കുന്നത്. മില്ലുകളുടെ കടുംപിടുത്തത്തിന് മുന്നിൽ സർക്കാറും നിസഹായരായി നൽകുകയാണ്.
നെല്ലിന്റെ കിഴിവിനെ ചൊല്ലിയും ഔട് ടേൺ റേഷ്യോയെ ചൊല്ലിയും ഉള്ള തർക്കമാണ് നെല്ല് സംഭരണത്തിന് പ്രധാന തടസമാകുന്നത്. 100 കിലോ നെല്ലിന് 68 കിലോ അരി നൽകണമെന്ന (ഔട്ട് ടേൺ റേഷ്യോ) കേന്ദ്ര സർക്കാർ വ്യവസ്ഥ അംഗീകരിക്കാൻ മില്ലുകാർ തയാറാകുന്നില്ല. 64 കിലോ അരിയേ നൽകാനാവൂ എന്നാണ് മില്ലുകാരുടെ വാദം. 66.5 കിലോ നൽകിയാൽ ബാക്കി തുക നഷ്ടപരിഹാരമായി നൽകാമെന്ന സംസ്ഥാന സർക്കാർ നിർദേശം മില്ലുടമകളുടെ സംഘടന അംഗീകരിക്കുന്നില്ല.
അതോടെ സംഘടനയുമായുള്ള ചർച്ച സർക്കാർ അവസാനിപ്പിച്ചിരുന്നു. അതിനു ശേഷമാണ് സർക്കാർ വ്യവസ്ഥ അംഗീകരിച്ച് സംഭരിക്കാൻ തയാറായി നാല് മില്ലുകാർ സ്വന്തം നിലയിൽ മുന്നോട്ടുവന്നത്. സധാരണ 52 അരിമില്ലുകളാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിന് സർക്കാറുമായി കരാറിൽ ഏർപെടാറുള്ളത്.
സംഭരണത്തിന് വൻകിട മില്ലുകൾ രണ്ടെണ്ണം മാത്രം
പുറക്കാട്, അമ്പലപ്പുഴ സൗത്ത് എന്നിവിടങ്ങളിലെ കരിനിലങ്ങളിലെ നെല്ല് സംഭരിക്കാൻ ഇപ്പോൾ സംഭരണ രംഗത്തുള്ള മില്ലുകാർ തയാറാകുന്നില്ല. ഇവിടെ നെല്ലെടുക്കുന്നതിന് 15 ശതമാനം കിഴിവ് വേണമെന്നാണ് അമില്ലുകാരുടെ ആവശ്യം. അത് കർഷകർ അംഗീകരിക്കുന്നില്ല. തകഴി കുന്നുമ്മലും തർക്കമുണ്ട്.
കെ.ഇ, ജി.എം, മാണിക്കത്താനം, അമിലോസ്, പറക്കാടൻ എന്നീ മില്ലുകളാണ് ഇപ്പോൾ സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നത്. ഇതിൽ കെ.ഇ, ജി.എം എന്നിവയുടെ ഉടമ ഒരാളാണ്. അവർ മാത്രമാണ് വലിയ മില്ലുകളുടെ ഗണത്തിൽപെടുന്നത്. മറ്റുള്ളവ ചെറുകിട മില്ലുകളാണ്.
അതിനാൽ അവരുടെ സംഭരണ ശേഷിയും കുറവാണ്. ഫലത്തിൽ രണ്ട് മില്ലുകളാണ് കാര്യമായ സംഭരണം നടത്തുന്നത്. തർക്കമുള്ളിടങ്ങളിൽ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ടനുസരിച്ചാണ് സംഭരണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


