തക്കാളി കൃഷി വിജയിപ്പിക്കാം
text_fieldsപ്രതീകാത്മക ചിത്രം
പറിച്ചുനടുന്ന വിളകളിൽ പ്രധാനിയാണ് തക്കാളി. പ്രോട്രേയിൽ പാകി മുളപ്പിച്ച ഒരുമാസം പ്രായമായ തൈകൾ പറിച്ചുനടാം. വിത്തും മണ്ണും ശരിയായ രീതിയിൽ ഒരുക്കിയാൽ തക്കാളി കൃഷി വൻ വിജയമാക്കാവുന്നതാണ്.
വിത്തും നടീലും
അത്യുൽപാദന ശേഷിയുള്ള ഇനങ്ങളാണ് ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവ. അർക്കാവികാസും അർക്കാസൗരഭും ബാഗ്ലൂരിലെ ഇന്ത്യൻ ഹോർട്ടിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള ഇനങ്ങളാണ്. ഹൈബ്രീഡ് ഇനങ്ങളിൽ മികച്ചത് സാഹോ, ശിവം, ലക്ഷ്മി എന്നിവയാണ്. കീടരോഗമുക്തമായ ചകിരിച്ചോർ, കമ്പോസ്റ്റ് വെർമിക്കുലേറ്റ്, പെർലൈറ്റ് എന്നിവ 3.1.1 എന്ന അനുപാതത്തിൽ നനച്ച് പുട്ടുപൊടി പരുവത്തിലാക്കി പ്രോട്രേകളിൽ നിറക്കണം.
ആവശ്യമായ ജലാംശം നിലനിർത്തി കൊണ്ടുതന്നെ കൂടുതലുള്ള വെള്ളം വാർന്നുപോകാനുള്ള സൗകര്യം, വേരുകളുടെ സമൃദ്ധമായ വളർച്ചയ്ക്കുവേണ്ട വായു സഞ്ചാരം എന്നിവ ഈ മിശ്രിതം ഉറപ്പുവരുത്തും. ഇനി വിത്ത് പാകാം. സ്യൂഡോമോണാസിൽ പുരട്ടിയ വിത്ത് പ്രോട്രേയിൽ വെച്ച് വിരൽകൊണ്ട് മെല്ലെ അമർത്തുക. വിത്തിന്റെ വലിപ്പമാണ് വിത്താഴം. പ്രോട്രേ മിശ്രിതം നേർത്ത രീതിയിൽ വിതറാം. തൈകൾ മുളച്ച് രണ്ടില പ്രായമാകുമ്പോൾ മുതൽ വളപ്രയോഗം ആരംഭിക്കാം. വെള്ളത്തിൽ അലിയുന്ന 19.19.19 രാസവളക്കൂട്ട് ഒരു മില്ലിഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അഞ്ച് ദിവസത്തിലൊരിക്കൽ തളിച്ച് കൊടുക്കണം. 20, 25 ദിവസം പ്രായമാകുമ്പോൾ തൈ പറിച്ചുനടാം.
നടീലും വളപ്രയോഗവും
തുറസ്സായതും നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് തക്കാളി കൃഷിക്ക് അനുയോജ്യം. നല്ലപോലെ കിളച്ച് നിരപ്പാക്കുന്നതാണ് ആദ്യഘട്ടം. ഒരു സെന്റിലേക്ക് 3 കിലോഗ്രാം പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണുമായി കലർത്തണം. രണ്ടാഴ്ചക്കുശേഷം 100 കിലോഗ്രാം പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർക്കാം. രണ്ടടി അകലത്തിൽ എടുക്കുന്ന ചാലുകളിൽ രണ്ടടി അകലത്തിലായി തൈകൾ നടാം. വൈകുന്നേരം നടുന്നത് ഉത്തമം. നട്ടുകഴിഞ്ഞ് ആദ്യത്തെ രണ്ടുദിവസം തണൽ നൽകാൻ ശ്രദ്ധിക്കണം. പറിച്ചുനടുന്ന സമയത്ത് തൈകളുടെ വേര് സ്യൂഡോമോണാസ് ലായനിയിൽ അരമണിക്കൂർ മുക്കിവെക്കണം. (20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ)
കീടരോഗ നിയന്ത്രണം
അടുത്തകാലത്തായി തക്കാളിയിലെ പ്രധാന കീടങ്ങളാണ് കായതുരപ്പൻ പുഴുവും ചിത്രകീടവും. കായകളിൽ ദ്വാരങ്ങൾ ഉണ്ടാക്കി അതിനകത്തേക്ക് തലമാത്രം കടത്തി പുഴുക്കൾ കായ തിന്നുന്നു. ഇങ്ങനെ കായയെ നശിപ്പിക്കുന്ന കായതുരപ്പൻ പുഴുവിനെ പെറുക്കിയെടുത്ത് നശിപ്പിക്കാം. വേപ്പെണ്ണ എമൻഷൻ മിത്ര കുമിളായ സ്യൂവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ച് കായ തുരപ്പൻ പുവുവിനെ നശിപ്പിക്കാം.
ഇലകളുടെ പ്രതലത്തിൽ തുരന്നുതിന്നുകൊണ്ട് ചിത്ര കീടത്തിന്റെ പുഴുക്കൾ ഇലകളുടെ കോശങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ഇലകൾ പെട്ടെന്ന് വാടിത്തുടങ്ങുന്നതാണ്. തക്കാളിയിലെ വാട്ടരോഗത്തിന്റെ പ്രധാന ലക്ഷണം. രോഗം ബാധിച്ച ചെടികൾ പിഴുതെടുത്ത് നശിപ്പിക്കേണ്ടതും 20 ഗ്രാം സ്യൂഡേമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി ഇലകളിൽ തളിക്കുന്നതും.
അടുക്കള തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെന്റൊന്നിന് 350 ഗ്രാം യൂറിയ ഒരു കിലോഗ്രാം രാജ്ഫോസ് 100 ഗ്രാം മ്യുറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി ചേർക്കണം. തൈ നട്ട് മൂന്നാഴ്ച കഴിഞ്ഞ് 175 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷും ചേർത്ത് മണ്ണ് കൂട്ടണം. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞ് 175 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷും കൂടി നൽകാം.
മേൽവളം ചെയ്യുന്നതിന് മുമ്പായി ഇടയിളക്കി കളകൾ നീക്കം ചെയ്യുന്നതിനും വളം ചേർത്തശേഷം ചുവട്ടിൽ മണ്ണ് കൂട്ടണം. തൈകൾക്ക് തുടക്കം മുതൽ താങ്ങുകാൽ നൽകാൻ ശ്രദ്ധിക്കണം. തക്കാളിച്ചെടി ഉലഞ്ഞ് വേരുകളിൽ മുറിവ് വരാതിരിക്കുവാനും വാട്ടരോഗത്തൈ പ്രതിരോധിക്കാനും ചെടിക്ക് ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതിനും താങ്ങുകാൽ നൽകുന്നതിലൂടെ സാധിക്കും. മേൽവളം നൽകുന്നതിനായി പത്ത് ദിവസത്തെ ഇടവേളകളിൽ ചാണകപ്പാൽ, ബയോഗ്യാസ് സ്ലറി, ഗോമൂത്രം, മണ്ണിര കമ്പോസ്റ്റ്, ആട്ടിൻ കാഷ്ഠം എന്നിവ നേർപ്പിച്ച് മാറി മാറി പ്രയോഗിക്കണം.


