കേരഗ്രാമമാകാന് വല്ലപ്പുഴ പഞ്ചായത്ത്
text_fieldsപട്ടാമ്പി: ശാസ്ത്രീയമായി കൃഷി ചെയ്ത് നാളികേര ഉൽപാദനം വർധിപ്പിക്കുന്നതും കേര കര്‍ഷകര്‍ക്ക് ആദായം കൂട്ടുന്നതും ലക്ഷ്യമിട്ട് സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കി വരുന്ന കേരഗ്രാമം പദ്ധതിക്ക് വല്ലപ്പുഴ ഗ്രാമ പഞ്ചായത്തില്‍ തുടക്കമാകുന്നു.
100 ഹെക്ടര്‍ വിസ്തൃതിയിലായി 17500 തെങ്ങുകളാണ് ഒരുക്കുന്നത്. 25.67 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. വിവിധ കാമ്പയിനുകളും ബോധവത്കരണ ക്ലാസുകളും പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ സംഘടിപ്പിക്കും. എല്ലാ വാര്‍ഡുകളിലും നാളികേര സർവേയും അപേക്ഷ ഫോറം വിതരണവും നടത്തി.
തെങ്ങുകളുടെ തടം തുറക്കല്‍, തെങ്ങിന് തോപ്പുകളില്‍ ഇടവിള കൃഷി പ്രോത്സാഹനം, ജൈവ പരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങ് കയറ്റയന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങളുടെ രൂപവത്കരണം, രോഗകീട നിയന്ത്രണം, തെങ്ങിന് മരുന്ന് തളിക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാകും. സംയോജിത പരിചരണം, ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍, ജൈവവള ഉൽപാദനം, തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണം തുടങ്ങിയ നടപടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.


