Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമഴയും ഡോളറും റബറിന്...

മഴയും ഡോളറും റബറിന് രക്ഷകരായി

text_fields
bookmark_border
മഴയും ഡോളറും റബറിന് രക്ഷകരായി
cancel

കാലാവസ്ഥ വ്യതിയാനവും വിനിമയവിപണിയിലെ ചാഞ്ചാട്ടങ്ങളും രാജ്യാന്തരതലത്തിൽ റബറിന്‌ രക്ഷകരായി. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ചൈന ഒരാഴ്‌ച അവധിയിലായിരുന്നു. ഷീറ്റിന്‌ ഡിമാൻറ്‌ കുറഞ്ഞതുകണ്ട്‌ തായ്‌ലൻഡ്‌ അടക്കമുള്ള ഉൽപാദന രാജ്യങ്ങളിലെ കയറ്റുമതിക്കാർ നിരക്ക്‌ താഴ്‌ത്തി.

ആഗോള റബർ വിപണിയിലെ പുതിയ ചലനങ്ങൾ കണ്ട്‌ ഒരുവിഭാഗം നിക്ഷേപകർ പ്രമുഖ അവധി വ്യാപാരകേന്ദ്രങ്ങളിൽ ബാധ്യതകൾ വിറ്റുമാറാൻ നടത്തിയ നീക്കം ഏഷ്യൻ വിപണികളെ പിടിച്ചുലക്കുകയും ചെയ്‌തു. ഒരവസരത്തിൽ ആറ്‌ മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരമായ 294 യെന്നിലേക്ക് ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ വില ഇടിഞ്ഞത്‌ ടയർ ഭീമന്മാരെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആകർഷിച്ചു.

ഇതിനിടയിൽ വിനിമയ വിപണിയിൽ അമേരിക്കൻ ഡോളർ കരുത്ത്‌ കാണിച്ചത്‌ ജപ്പാനീസ്‌ യെന്നിനെ സമ്മർദത്തിലുമാക്കി. വാരമധ്യം യെന്നിന്റെ മൂല്യത്തകർച്ച വിദേശനിക്ഷേപകരെ റബർ മാർക്കറ്റിലേക്ക് ആകർഷിച്ചത്‌ വിപണിയുടെ ദിശ തിരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഈ അവസരത്തിലാണ്‌ തായ്‌ കാലാവസ്ഥ വിഭാഗം മാസമധ്യം വരെ കനത്ത മഴ പ്രവചിച്ചത്‌. റബർ ടാപ്പിങ്‌ സീസണിൽ കാലാവസ്ഥ വില്ലനാവുമെന്ന്‌ വ്യക്തമായതോടെ ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 182 രൂപയായി ഉയർന്നു.

കേരളത്തിൽ ഒട്ടുമിക്ക ഭാഗങ്ങളിലും രാത്രി മഴ നിലനിന്നതിനാൽ പുലർച്ച റബർ ടാപ്പിങ്ങിൽനിന്ന് വിട്ടുനിൽക്കാൻ ഉൽപാദകരെ നിർബന്ധിതരാക്കി. ഇതിനിടയിൽ കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ റബറിന്‌ വിൽപനക്കാർ കുറഞ്ഞത്‌ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളെയും ടയർ നിർമാതാക്കളെയും വില ഉയർത്തി ഷീറ്റ്‌ ശേഖരിക്കാൻ നിർബന്ധിതരാക്കി. വാരാന്ത്യം നാലാം ഗ്രേഡ്‌ റബർ 18,700 രൂപയായും അഞ്ചാം ഗ്രേഡ്‌ 18,400 രൂപയായും ഉയർന്നു.

കുരുമുളക്‌ തളർച്ചയുടെ ദിനങ്ങളിൽനിന്ന് തിരിച്ചുവരവ്‌ കാഴ്‌ചവെച്ചു. നവരാത്രി വേളയിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ സംഘടിതരായി വിപണിയിൽനിന്ന് അകന്ന്‌ വില ഇടിച്ചു. എന്നാൽ, ഈ അവസരത്തിൽ വിപണിക്ക്‌ താങ്ങ്‌ പകരാൻ കർഷകർ മുളക്‌ നീക്കം നിയന്ത്രിച്ചു.

മറ്റ്‌ മാർഗങ്ങളില്ലെന്ന്‌ വ്യക്തമായ അന്തർ സംസ്ഥാന വ്യാപാരികൾ ഒടുവിൽ മുളക്‌ വില ഉയർത്തി. ദീപാവലി ഡിമാൻറ്‌ തുടരുന്നതിനാൽ കുരുമുളകിന്‌ കൂടുതൽ ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിലപാടിലാണ്‌ കാർഷിക മേഖല. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 67,900 രൂപയിൽനിന്ന് 68,400 ലേക്ക് കയറി, അന്താരാഷ്‌ട്ര വിപണിയിൽ മലബാർ മുളക്‌ വില ടണ്ണിന്‌ 8250 ഡോളർ.

ദക്ഷിണേന്ത്യയിൽ നാളികേരോൽപന്നങ്ങൾക്ക്‌ തളർച്ച. ദീപാവലി വേളയിൽ പ്രദേശിക വിപണികളിൽനിന്ന് വെളിച്ചെണ്ണക്ക് ഡിമാൻറ്‌ ഉയരുമെന്ന്‌ വ്യവസായികൾ പ്രതീക്ഷിച്ചു. എന്നാൽ, തമിഴ്‌നാട്ടിലെ വൻകിട മില്ലുകാരുടെ കണക്ക്‌ കൂട്ടലുകൾ പാടെ തെറ്റിയ അവസ്ഥയിലാണ്‌.

മഹാനവമി വേളയിൽ വെളിച്ചെണ്ണയുടെ ഉയർന്ന വിലമൂലം ഡിമാൻറ്‌ ഉയരാഞ്ഞത്‌ സ്‌റ്റോക്കിസ്‌റ്റുകളെ ചരക്ക്‌ വിറ്റുമാറാൻ പ്രേരിപ്പിക്കുന്നു. കാങ്കയത്ത്‌ എണ്ണ വില 31,475 രൂപയായി ഇടിഞ്ഞു. തമിഴ്‌നാട്ടിലെ വില ഇടിവിന്റെ ചുവട്‌ പിടിച്ച്‌ കൊച്ചിയിൽ എണ്ണ വില 36,300 രൂപയായും കൊപ്ര 21,850 രൂപയിലുമാണ്‌ ഇടപാടുകൾ നടക്കുന്നത്‌.

ആഭരണകേന്ദ്രങ്ങളിൽ സ്വർണം പുതിയ റെക്കോഡ്‌ സ്ഥാപിച്ചു. വാരാരംഭത്തിൽ 87,560 രൂപയിൽ വിപണനം നടന്ന പവൻ പിന്നീട്‌ റെക്കോഡുകൾ പല ആവർത്തി പുതുക്കി ശനിയാഴ്‌ച എക്കാലത്തെയും ഉയർന്ന നിരക്കായ 91,120 രൂപയായി, ഒരു ഗ്രാം സ്വർണ വില 11,390 രൂപ.

Show Full Article
TAGS:Market price rubber market Rubber Export Biz News 
News Summary - Rubber market price
Next Story