മഴക്കുത്തേറ്റ് കുരുമുളക്
text_fieldsരാജ്യാന്തര വിപണിക്കൊപ്പം മലബാർ കുരുമുളക് വിലയും മുന്നേറുന്നു. സീസൺ അടുത്ത വേളയിലെ വിലക്കയറ്റം കാർഷിക മേഖലക്ക് ഊർജം പകരും. പുതുവത്സരം മുന്നിൽക്കണ്ട് യൂറോപ്യൻ വാങ്ങലുകാർ വൈറ്റ് പെപ്പറിൽ കാണിച്ച താൽപര്യമാണ് കുരുമുളകിനും ഏരിവു പകർന്നത്. മുൻനിര ഉൽപാദന രാജ്യങ്ങളിൽ ഇത് ഓഫ് സീസണായതിനാൽ പ്രതീക്ഷക്കൊത്ത് ഉൽപന്നം വിൽപനക്ക് ഇറങ്ങുന്നില്ല.
വിദേശ വിപണികളിലെ ചലനങ്ങൾ മുന്നിൽക്കണ്ട് ഇന്ത്യൻ വ്യവസായികൾ കരുതൽശേഖരത്തിലുള്ള ചരക്കിന് കൂടിയ വില ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്. തുടർച്ചയായ ദിവസങ്ങളിൽ മികവ് കാണിച്ച കുരുമുളക് വില വാരാന്ത്യം 68,200 രൂപയായി ഉയർന്നു. ഒക്‌ടോബർ അവസാനത്തിലെ മഴയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും മൂപ്പെത്താത്ത മുളക് വ്യാപകമായി അടർന്നുവീണത് കണക്കിലെടുത്താൽ അടുത്ത വർഷം വിളവ് കുറയാനിടയുണ്ട്. കൊച്ചിയിൽ ഗാർബ്ൾഡ് മുളകുവില ക്വിന്റലിന് 71,200 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മുളക് വില ടണിന് 8150 ഡോളർ.
*********
ഏലം വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്കുവരവ് ഉയർന്ന അളവിലാണ്. ആഭ്യന്തര വിദേശ വാങ്ങലുകാർ വരവ് ശക്തമായതിനിടയിൽ നിരക്ക് ഉയർത്താതെ പരമാവധി ചരക്ക് സംഭരിക്കാൻ മത്സരിച്ചു. അനുകൂല കാലാവസ്ഥ കണക്കിലെടുത്താൽ വർഷാന്ത്യം വരെ ലഭ്യത ഉയർന്നതലത്തിൽ തുടരാം. അറബ് രാജ്യങ്ങൾ ഏലത്തിന് അന്വേഷണങ്ങൾ നടത്തുന്നുണ്ട്. വിദേശ ഓർഡറുകൾ മുന്നിൽക്കണ്ട് കയറ്റുമതിക്കാർ വലുപ്പം കൂടിയ ഇനങ്ങളിൽ താൽപര്യം നിലനിർത്തി. വലുപ്പം കൂടിയ ഇനങ്ങൾക്ക് കിലോ 3000-3300 രൂപ വരെ ലഭിച്ചു. ശരാശരി ഇനങ്ങൾ 2500 രൂപ റേഞ്ചിലാണ്.
*********
കേരളത്തിൽ ഇക്കുറി മികച്ച കാലാവസ്ഥ കാപ്പി ഉൽപാദനം ഉയർത്തുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. 2150 ടൺ അറബിക്കയും 83,000 ടൺ റോബസ്റ്റയും ഉൽപാദിപ്പിക്കാനാവുമെന്നാണ് വിലയിരുത്തൽ. വയനാട്ടിൽ കാപ്പിപ്പരിപ്പ് കിലോ 410 രൂപയിലാണ്. ഇതിനിടയിൽ ബ്രസീലിയൻ കാർഷികോൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ അധിക ചുങ്കം പിൻവലിച്ചു. യു.എസ് പ്രഖ്യാപനം പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ കാപ്പിവില ഇടിഞ്ഞു. 50 ശതമാനം ചുങ്കം ബ്രസീലിയൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അമേരിക്ക നേരത്തേ പ്രഖ്യാപിച്ചുമൂലം ഏതാനും മാസങ്ങളായി അവിടെ കാപ്പി ക്ഷാമം രൂക്ഷമായത് വില കുതിച്ചുകയറാൻ ഇടയാക്കി. ന്യൂയോർക്കിൽ കാപ്പി വില വെള്ളിയാഴ്‌ച രണ്ട് ശതമാനം ഇടിഞ്ഞ് ടണിന് 4500 ഡോളറായി. അതേസമയം, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതികളിൽ അമേരിക്ക ഇനിയും മാറ്റം വരുത്തിയിട്ടില്ല.
*********
നാളികേരോൽപന്ന വിപണിക്ക് കാലിടറി. വൻകിട മില്ലുകാരുടെ പ്രതീക്ഷക്ക് ഒത്ത് പിന്നിട്ട മാസങ്ങളിൽ വെളിച്ചെണ്ണ വിൽപന ഉയരാഞ്ഞതിനാൽ കൊപ്ര സംഭരണം അവർ വെട്ടിക്കുറച്ചു. മില്ലുകാരിൽനിന്നുള്ള ആവശ്യം ചുരുങ്ങിയതോടെ കൊപ്ര വില പിന്നിട്ടവാരം ക്വിൻറലിന് 2800 രൂപ കാങ്കയത്ത് ഇടിഞ്ഞ് വാരാന്ത്യം നിരക്ക് 18,900ലേക്ക് താഴ്‌ന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 34,600 രൂപയിലും കൊപ്ര 21,200 രൂപയിലുമാണ്.
*********
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഉണർവ് അനുഭവപ്പെട്ടങ്കിലും അതിന് അനുസൃതമായി ഇന്ത്യൻ റബറിന് മുന്നേറാനായില്ല. ജപ്പാനിൽ റബർ വില കിലോ 324 യെന്നിൽനിന്ന് 335 യെന്നിലേക്ക് ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് 188 രൂപയിൽനിന്ന് 185ലേക്ക് താഴ്‌ന്നു. അഞ്ചാം ഗ്രേഡ് 182 രൂപയിൽ വിപണനം നടന്നു.


