വിലയിടിവ് വില്ലൻ; റബറിന്റെ നാട്ടിൽ പൈനാപ്പിൾ, കമുക് കൃഷി വ്യാപകം
text_fieldsകോട്ടയം: വിലയിടിവ് വില്ലനായതോടെ റബറിന്റെ നാടെന്നറിയപ്പെടുന്ന കോട്ടയം, ഇടുക്കി ഉൾപ്പെടെ ജില്ലകളിൽ പൈനാപ്പിൾ, കമുക് കൃഷി വ്യാപകമാകുന്നു. അടയ്ക്കക്ക് നല്ലവില ലഭിക്കുന്നതും വടക്കേ ഇന്ത്യയിൽനിന്നുൾപ്പെടെ ആവശ്യം വർധിക്കുന്നതുമാണ് കമുക് കൃഷിയിലേക്ക് തിരിയാൻ റബർ കർഷകരെ പ്രേരിപ്പിക്കുന്ന പ്രധാനകാര്യം. റബർ കിലോക്ക് 250 രൂപ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ, വലിയ വിലയിടിവാണ് മുൻവർഷങ്ങളിൽ റബറിനുണ്ടായത്. കുറച്ചുനാൾ മുമ്പ് റബറ വില കിലോക്ക് 200നു മുകളിൽ എത്തിയതും ഒട്ടുപാലിന്റെ വില വർധിച്ചതും റബർ കർഷകരിൽ ആശ്വാസം സൃഷ്ടിച്ചിരുന്നു.
എന്നാൽ, ഉയർന്നതുപോലെ വില കുത്തനെ ഇടിയുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. റബർ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും റബർ ഷീറ്റുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്തതും കേരളത്തിൽനിന്ന് റബർ വാങ്ങേണ്ടെന്ന തീരുമാനമെടുത്തതും പ്രതിസന്ധിക്ക് കാരണമായി. മതിയായ പണം ലഭിച്ചാൽ മാത്രം റബർ നൽകിയാൽ മതിയെന്ന നിലപാട് കർഷകർ സ്വീകരിക്കുകയും ചിലർ റബർ കൃഷി ഉപേക്ഷിക്കുകയും ചെയ്തു. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.
റബർ കൃഷി നടത്തിയിരുന്ന സ്ഥലങ്ങൾ പൈനാപ്പിൾ, കമുക് കൃഷിക്ക് പാട്ടത്തിന് നൽകിയാൽ പ്രതിവർഷം 75,000 മുതൽ ഒരുലക്ഷം വരെ തുക ലഭിക്കുമെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ സർക്കാർ സഹായം ഇല്ലെങ്കിലും കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. നാലുവർഷം കഴിയുമ്പോൾ മുതൽ വിളവെടുക്കാനും സാധിക്കും. പൈനാപ്പിളിന് ഇപ്പോൾ വിലയിടിവുണ്ടെങ്കിലും ഉടൻ വില വർധിക്കുമെന്നും കർഷകർ പറയുന്നു. റബർ കിലോക്ക് 240 രൂപ വരെ വിലയുണ്ടായിരുന്നപ്പോൾ 50 രൂപ മാത്രം ഉണ്ടായിരുന്ന അടയ്ക്കയുടെ വില ഇന്ന് 500നുമുകളിലാണ്.
തുള്ളിനന പദ്ധതികൾക്ക് സർക്കാർ സഹായം വർധിപ്പിച്ചതും പൈനാപ്പിൾ, കമുക് കൃഷി വർധിക്കാൻ കാരണമായി. പൊടിക്കൈകളും ചെപ്പടിവിദ്യയൊന്നും കൊണ്ടും കേരളത്തിലെ റബർകൃഷിയെ പിടിച്ചുനിർത്താനാകില്ലെന്നും അത് തിരിച്ചറിഞ്ഞാണ് കർഷകർ മറ്റ് കൃഷിയിലേക്ക് തിരിയുന്നതെന്നും കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.


