ബാങ്ക് ലോക്കർ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsഈ അടുത്ത ദിവസം രാവിലെ, മസ്കത്തിലുള്ള ഒരു സുഹൃത്തിന്റെ ഫോൺ സന്ദേശം എനിക്കു ലഭിച്ചു. ‘ബാങ്കിൽ നിന്നൊരു അറിയിപ്പ് വന്നിട്ടുണ്ട്, താങ്കളുടെ ലോക്കർ വാടക കുടിശ്ശികയാണ്, ഏഴു ദിവസത്തിനകം അടച്ചില്ലെങ്കിൽ ലോക്കർ പൊളിക്കും, ബാങ്കിനുണ്ടാകുന്ന എല്ലാ ചെലവുകളും കുടിശ്ശികക്കു പുറമെ വഹിക്കണമെന്ന ഭീഷണി കൂടെയുണ്ട്’ എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
ഇന്നത്തെ കാലത്ത് സ്വർണം, പ്രധാന രേഖകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പലരും ബാങ്ക് ലോക്കർ സേവനം ഉപയോഗിക്കുന്നു. വീട്ടിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷ ബാങ്ക് ലോക്കറുകൾ നൽകുന്നുണ്ടെങ്കിലും, ലോക്കർ എടുക്കുന്നതിന് മുമ്പും ഉപയോഗിക്കുന്നതിനിടയിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലോക്കർ സൗകര്യം ഫലപ്രദമായി ഉപയോഗിക്കാൻ താഴെ പറയുന്ന പത്തിന നിർദേശങ്ങൾ പാലിക്കുക.
1. വാടകയും മറ്റ് ചാർജുകളും മനസ്സിലാക്കുക
ലോക്കറിന് വാർഷിക വാടക ഈടാക്കാറുണ്ട്. കൂടാതെ ചില ബാങ്കുകൾ സുരക്ഷാ നിക്ഷേപം ആവശ്യപ്പെടുകയും ചെയ്യാം. വാടക എത്രയാണ്, വൈകിയാൽ പിഴ ഉണ്ടോ, മറ്റ് സേവനച്ചെലവുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി അറിയുക. കഴിവതും ലോക്കർ വാടകക്ക് വേണ്ടി ബാങ്കിൽ ഒരു സ്റ്റാന്റിങ് ഇൻസ്‌ട്രക്ഷൻ കൊടുക്കുക. ഹൈ വാല്യൂ ഇടപാടുകാർക്ക് വാടക ഇളവ് കൊടുക്കുന്ന പല ബാങ്കുകളും ഉണ്ട്. ഇത് ഉറപ്പുവരുത്തുക
2. ലോക്കറിന്റെ വലിപ്പം
ബാങ്കുകൾ വിവിധ വലിപ്പത്തിലുള്ള ലോക്കറുകൾ നൽകാറുണ്ട്. സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് പരിഗണിച്ച് ലോക്കറിന്റെ വലിപ്പം തെരഞ്ഞെടുക്കുക. അനാവശ്യമായി വലിയ ലോക്കർ എടുക്കുന്നത് കൂടുതൽ വാർഷിക വാടക നൽകേണ്ട സാഹചര്യം സൃഷ്ടിക്കും. ഇക്കാര്യം ശ്രദ്ധിക്കുക
3. സൂക്ഷിക്കുന്ന വസ്തുക്കളുടെ രേഖ സൂക്ഷിക്കുക.
ലോക്കറിനുള്ളിൽ എന്തെല്ലാം വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് സ്വകാര്യമായി ഒരു പട്ടിക തയാറാക്കി സൂക്ഷിക്കുക. ആഭരണങ്ങളുടെ ഫോട്ടോകൾ, ബില്ലുകൾ, മൂല്യനിർണയ രേഖകൾ എന്നിവ പ്രത്യേകം സൂക്ഷിക്കുന്നത് ഭാവിയിൽ സഹായകരമായിരിക്കും.
4. നോമിനേഷൻ സൗകര്യം ഉപയോഗിക്കുക
ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോക്കർ എടുക്കുമ്പോൾ നോമിനിയെ നിർബന്ധമായും രേഖപ്പെടുത്തുക. നോമിനേഷൻ നിയമങ്ങൾ മാറിയിട്ടുണ്ട്. ഒന്നിലധികം നോമിനികളെ വെക്കാനുള്ള സൗകര്യമുണ്ട്. ലോക്കർ ഉടമയുടെ അഭാവത്തിൽ ലോക്കറിലുള്ള വസ്തുക്കൾ എടുക്കുന്നതിനു ഇത് സഹായിക്കും..
5. ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിക്കുക
പരമ്പരാഗത ലോക്കറുകളിൽ താക്കോൽ നഷ്ടപ്പെടുന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. താക്കോൽ നഷ്ടപ്പെട്ടാൽ ലോക്കർ പൊളിച്ച് തുറക്കേണ്ടി വരാനും അതിന് അധിക ചെലവ് വരും. അതിനാൽ താക്കോൽ വളരെ സുരക്ഷിതമായി സൂക്ഷിക്കുക. പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
6. ഇൻഷുറൻസ് സാധ്യതകൾ പരിഗണിക്കുക
ബാങ്ക് ലോക്കറിലുള്ള വസ്തുക്കൾ നഷ്ടപ്പെടുകയോ മറ്റോ ചെയ്താൽ പൂർണമായ നഷ്ടപരിഹാരം കിട്ടില്ല. ലോക്കറിൽ എന്താണെന്ന് അറിയില്ല. അതുകൊണ്ടു അധിക സുരക്ഷ വേണമെന്നുള്ളവർ പ്രത്യേകം ഇൻഷുറൻസ് എടുക്കണം.
7. ലോക്കർ ഇടക്കിടെ പരിശോധിക്കുക
വർഷങ്ങളോളം ലോക്കർ തുറക്കാതെയിരിക്കരുത്. ഇടക്കിടെ സന്ദർശിച്ച് ഉള്ളടക്കങ്ങൾ പരിശോധിക്കുന്നത് അഭികാമ്യമാണ്. പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഇത് ശ്രദ്ധിക്കുക. ലോക്കർ തുറക്കുമ്പോൾ നിങ്ങൾക്ക് ബാങ്കിൽ നിന്നും മെസ്സേജ് വരുന്നുണ്ട് എന്ന് ഉറപ്പിക്കുക. ഇത് ദുരുപയോഗം തടയാൻ സഹായിക്കും.
8. നിരോധിത വസ്തുക്കൾ സൂക്ഷിക്കരുത്
നീയമവിരുദ്ധമായ വസ്തുക്കൾ, അപകടകാരിയായ രാസവസ്തുക്കൾ, നോട്ടുകൾ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല. ബാങ്കിന്റെ നിബന്ധനകൾ പാലിക്കേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്.
9. മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ ഇവ അപ്ഡേറ്റ് ചെയ്യണം
മേൽപ്പറഞ്ഞ കാര്യങ്ങൾ ബാങ്കിനെ യഥാസമയം അറിയിക്കുക. ചിലപ്പോൾ താമസം മാറിയാലും ലോക്കർ മാറ്റാറില്ല. അതുപോലെ അടുത്ത കുടുംബാംഗങ്ങളെ ലോക്കർ ഉള്ള കാര്യം, അത് ഏത് ബാങ്കിലാണുള്ളത്, നോമിനി ആരാണ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ അറിയിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
10.ആവശ്യമില്ലെങ്കിൽ ലോക്കർ തിരികെ കൊടുക്കുക
ഉപയോഗം ഇല്ലെങ്കിൽ ഉടനെത്തന്നെ ബാങ്കിനെ സമീപിച്ചു ബാങ്ക് ലോക്കർ സറണ്ടർ ചെയ്യുക. ലോക്കറിന്റെ താക്കോൽ ബാങ്കിനെ ഏൽപ്പിക്കുക. ഇങ്ങനെ ചെയ്യാത്ത പക്ഷം വാർഷിക വാടക അനാവശ്യമായി കൊടുക്കേണ്ടി വരുകയും താക്കോൽ നഷ്ടപ്പെടാൻ സാധ്യതയും ഉണ്ടകുന്നു. വലിയ സാമ്പത്തിക നഷ്ടം ഇതുംമൂലം ഉണ്ടാകുന്നു എന്ന് മാത്രമല്ല മറ്റൊരാൾക്ക് ലോക്കർ സൗകര്യം കിട്ടാനുള്ള അവസരം കൂടി നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നോർക്കുക.
ബാങ്ക് ലോക്കർ എടുത്താൽ വാടക, നോമിനേഷൻ, താക്കോലിന്റെ സുരക്ഷ, രേഖകളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ശരിയായ വിവരങ്ങളും മുൻകരുതലുകളും ഉണ്ടെങ്കിൽ ബാങ്ക് ലോക്കർ നിങ്ങളുടെ സമ്പത്തിന്റെ സുരക്ഷയ്ക്ക് വിശ്വസനീയമായ ഒരു സംവിധാനമാകും അല്ലെങ്കിൽ വിനയാകും
(തുടരും )
(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)


