സ്കൂളിൽനിന്ന് ഇറങ്ങിപ്പോയ വിദ്യാർഥിയെ തിരികെ കൊണ്ടുവന്ന അധ്യാപകനെ പിതാവ് സ്കൂളിൽ കയറി ആക്രമിച്ചു
text_fieldsപ്രതി മുത്തു എന്ന ധനേഷ്
കൊടുങ്ങല്ലൂർ: സ്കൂളിൽനിന്ന് ഇറങ്ങിപ്പോയ നാലാം ക്ലാസ് വിദ്യാർഥിയെ തിരികെ കൊണ്ടുവന്ന അധ്യാപകനെ പിതാവ് സ്കൂളിൽ കയറി ആക്രമിച്ചു. സംഭവത്തിൽ കൊലപാതകം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പോഴങ്കാവ് ചെന്നാറ വീട്ടിൽ മുത്തു എന്ന ധനേഷ് (40) അറസ്റ്റിലായി. ഇയാളെ നെടുമ്പാശ്ശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ശ്രീനാരായണപുരം പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലാണ് സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന പ്രതിയുടെ മകൻ ക്ലാസിൽനിന്ന് അധ്യാപകരോട് പറയാതെ ഇറങ്ങിപ്പോയതാണ് സംഭവത്തിന്റെ തുടക്കം. ഇതോടെ താൽക്കാലിക അധ്യാപകനായ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണ കുട്ടിയുടെ വീട്ടിൽ പോയി തിരിച്ച് സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു.
തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള സ്പെഷൽ ക്ലാസ് ഉള്ളതുകൊണ്ടുകൂടിയാണ് അധ്യാപകൻ കുട്ടിയെ തേടിയിറങ്ങിയത്. എന്നാൽ, ഇതിന് പിറകെയെത്തിയ പിതാവ് കുട്ടിയെ കൊണ്ടുവന്നതിലുള്ള വിരോധത്താൽ സ്കൂൾ ഓഫിസിൽ അതിക്രമിച്ചുകയറി ഭരത് കൃഷ്ണയുടെ മുഖത്തടിച്ചും മറ്റും പരിക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടി.
ധനേഷ് ഇറിഡിയം റൈസ് പുള്ളര്‍ കേസുമായി ബന്ധപ്പെട്ട് ചാള്‍സ് ബെഞ്ചമിന്‍ (49) എന്നയാളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്തിയതിന് പുതുക്കാട് പൊലീസ് എടുത്തതടക്കം നാലു ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ മതിലകം എസ്.എച്ച്.ഒ പി.എം. വിമോദ്, എസ്.ഐമാരായ മുഹമ്മദ് റാഫി, അജയ് മേനോൻ, വിശാഖ്, ജി.എ.എസ്.ഐ അജിത്ത്, ജി.എസ്.സി.പി.ഒമാരായ സനീഷ്, ഷനിൽ, ഷിജീഷ്, ബിനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


