ട്രെയിൻ ഇറങ്ങി നടക്കവേ പൊലീസ് വളഞ്ഞിട്ട് പിടികൂടി; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsതിരുവല്ല: 27 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും പിടിയിലായി. ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ എത്തിയ അയിരൂർ സ്വദേശികളായ സെബിൻ, സോനു, ചാലക്കുടി സ്വദേശിയായ വിമൽ എന്നിവരാണ് പിടിയിലായത്.
ട്രെയിൻ ഇറങ്ങി നടക്കവേ പ്രധാന കവാടത്തിന് സമീപത്ത് നിന്നും ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് മൂവരെയും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. സോനുവിന്റെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ കണ്ടെടുത്തത്.
ബാംഗ്ലൂരിൽ നിന്നും പതിവായി എം.ഡി.എം.എ കടത്തുന്ന സംഘമാണ് പിടിയിലായത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
തിരുവല്ല: തിരുവല്ല മതിൽഭാഗത്തെ വാടകവീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഒമ്പത് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപന്നങ്ങൾ മൊത്തക്കച്ചവടം നടത്തിയിരുന്ന യുവാവിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ വീട്ടിൽ പ്രവീൺ പ്രസാദ് (36 ) ആണ് അറസ്റ്റിലായത്.
എക്സൈസിനെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഹോട്ടലിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി എന്ന വ്യാജേനയാണ് രാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് 5000 രൂപ വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ഒന്നര വർഷക്കാലത്തോളം ആയി ഇയാൾ വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.


