അരസിയൽ കഥകൾ
text_fields01
ജയിലിലെ ഒരു മുറിയിലിരുന്നുകൊണ്ട് അയാൾ തന്റെ പേനയെ കഥാപാത്രമാക്കി ഇങ്ങനെ കുറിച്ചു, ‘അന്നെന്റെ കൈയിൽ ഒരുപേനയുണ്ടായിരുന്നെങ്കിൽ പകരമായി ഞാനാ നെടുനീളൻ വാളിന്റെ മൂർച്ചയിൽ രക്തം പതിപ്പിക്കില്ലായിരുന്നു.
02
അവരുടെ വാൾ തലപ്പുകൾ എല്ലാവിധ ആശയങ്ങളെയും കാര്യകാരണം സഹിതമെന്നു പറഞ്ഞു വെട്ടിമാറ്റി. തുടർന്നും നിലക്കാത്ത നീതിയുടെ ശബ്ദത്തെ എങ്ങനെ അവസാനിപ്പിക്കാം എന്ന ആലോചനയിൽ അവർ പേനകൾ നിരോധിച്ചു.
03
എ.ഐ സൃഷ്ടിച്ച ഗാന്ധിയോട് പുതുതലമുറയിലെ ആശയവൈരുധ്യമുള്ള ഒരു പ്രവർത്തകൻ ചോദിച്ചു,
‘മിസ്റ്റർ ഗാന്ധി, പുരോഗതി പ്രാപിക്കാത്ത ഒരു ഗ്രാമ ജീവിതമല്ലേ നിങ്ങൾ വിഭാവനം ചെയ്യാൻ ശ്രമിച്ച ഇന്ത്യ?’
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് ഗാന്ധി മറുപടി പറഞ്ഞു,
‘ഞാൻ വിഭാവനം ചെയ്തു തുടങ്ങിയിടത്തുനിന്ന് ഒരടി ചലിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് നിങ്ങൾ നിങ്ങളുടെ ഭരണാധികാരികളോട് ചോദിക്കാൻ ഇന്നും ഭയക്കുന്നിടത്താണ് ഞാൻ സ്വപ്നം കണ്ട രാജ്യം തുടരുന്നത്.’
04
തെളിനീരുറവയിൽ അന്യന്റെ രക്തം ചാലിച്ച് അവർ ഉറക്കെ പറഞ്ഞു
‘നോക്കൂ, ഞങ്ങൾ സൃഷ്ടിച്ച
മാനവരാശിയുടെ രക്ഷയും
പ്രചോദനവുമാണിത്...’


