സർവോപരി മലയാളാധ്യാപകനുമാണ്!
text_fields2023 അവസാനത്തിൽ, ഫാറൂഖ് കോളജിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ വേറിട്ടൊരു പരിപാടിയിൽ പങ്കെടുക്കുന്നു. 40 കൊല്ലത്തിലേറെയായിട്ടുണ്ടാകും എന്റെ സാംസ്കാരിക പ്രവർത്തനം. അതിന്റെ ഭാഗമായ പ്രഭാഷണങ്ങൾ, എഴുത്ത്, ക്ലാസ്റൂം അനുഭവം, ഇതൊക്കെയായി ജീവിച്ചുകൊണ്ടിരിക്കുന്നു. കോളജിലെ പല ഡിപ്പാർട്മെന്റുകളിലും സാംസ്‌കാരിക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. വിരമിച്ചശേഷവും മറ്റ് കോളജുകളിലെന്നപോലെ ഫാറൂഖ് കോളജിലെയും പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ, അതിൽനിന്ന് നൂറു ശതമാനവും വേറിട്ട ഒരു പരിപാടിയിലാണ് 2023 ഡിസംബറിൽ ഞാൻ പങ്കെടുക്കുന്നത്. ഒരു ബയോപ്‌സി ടെസ്റ്റ് കഴിഞ്ഞ്, അതിന്റെ പെയിൻ അനുഭവിച്ചശേഷമാണ് ഈ പരിപാടിക്കുപോകുന്നത്. ‘കഹാനി’ എന്നായിരുന്നു പരിപാടിയുടെ പേര്. എന്നോട് അവർ പറഞ്ഞത് കഥ പറയാനാണ്. അതിനുമുമ്പൊക്കെ പരിപാടികളിൽ പ്രസംഗിക്കുന്നത് സെമിനാർ ഹാളിലോ ക്ലാസ് മുറികളിലോ ലൈബ്രറിയുടെ മുകളിലോ ആയിരിക്കും. ‘നാലുകെട്ട്’ എന്ന് അവർ പേരിട്ട ഒരു സ്ഥലത്തുവെച്ചാണ്, തീർത്തും അനൗപചാരികമായി ഈ പരിപാടി നടക്കുന്നത്. അധ്യക്ഷനും മറ്റു പ്രസംഗകരുമില്ല. കസേരയും മേശയും മറ്റ് ഇരിപ്പിടങ്ങളൊന്നുമില്ല. കുട്ടികൾ ഇരിക്കുന്നത് നിലത്തും വരാന്തയിലും മരങ്ങളും പുല്ലുമുള്ള സ്ഥലത്തുമൊക്കെയാണ്. ‘നാലുകെട്ട്’ എന്ന പേരിനോട് ആഭിമുഖ്യം തോന്നിയില്ല. എന്നാൽ, ആ സ്ഥലം എനിക്കിഷ്ടമായി.
വരാന്തയിലൂടെ നടക്കുമ്പോൾ സൈക്കോളജിയിലെ ആസിഫ് മാഷ് ചോദിച്ചു: ഇതിലൂടെ നടക്കുമ്പോൾ മാഷ്ക്ക് എന്തെങ്കിലും തൊന്നുന്നുണ്ടോ? വർഷങ്ങൾക്കുമുമ്പ് ക്ലാസ് മുറിയിലേക്ക് നടന്നുപൊയ്ക്കൊണ്ടിരുന്ന വരാന്തയാണല്ലോ ഇത്. പക്ഷെ ക്ലാസ്‌റൂം, വരാന്ത, അതിലൂടെയുള്ള നടത്തം എന്നിവകൊണ്ട് എനിക്കങ്ങനെയൊരു ഗൃഹാതുരത്വം അപ്പോൾ അനുഭവപ്പെട്ടില്ല. അതേസമയം, ആ പരിപാടി നടക്കുന്ന ഇടവും അവിടത്തെ മരങ്ങളും മണ്ണും നിലത്തിരിക്കുന്ന കുട്ടികളും എല്ലാം ചേർന്നപ്പോൾ ടൗൺഹാളിൽനിന്നോ കോളജിലെ സെമിനാർ ഹാളിൽനിന്നോ തെരുവിൽനിന്നോ കിട്ടാത്ത പ്രത്യേകമായ അനുഭവമുണ്ടായി. അത് ഒരുപക്ഷെ, ഔപചാരികതയുടെ ഭാരമില്ലാത്തതുകൊണ്ടുകൂടിയാകാം. അല്ലെങ്കിൽ എത്രയോ കൊല്ലം നമ്മൾ തൊഴിൽ ചെയ്‌ത ഒരു സാംസ്‌കാരിക സ്ഥാപനത്തിൽ, നമ്മൾ തൊഴിൽചെയ്‌ത കാലത്തുനിന്ന് വ്യത്യസ്‌തമായി, പുതിയ കാലം ആവശ്യപ്പെടുന്ന ഒരു അനൗപചാരിക സംഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദവുമാകാം. കോളജ് ക്ലാസ് റൂം എന്നത് ഒരു പാശ്ചാത്തലം കൂടിയാണല്ലോ. അവിടത്തെ മണ്ണ്, നടവഴികൾ, ഗ്രൗണ്ട്, കാന്റീൻ, മരങ്ങൾ ഇതിന്റെയെല്ലാം പരിച്ഛേദം അവിടെയുണ്ടായിരുന്നതുകൊണ്ടാകാം താൽപര്യം തോന്നിയത്.
ഞാൻ അവിടെ രണ്ടു കഥകൾ പറഞ്ഞു. അതിലൊന്ന് ഇതായിരുന്നു: മരിച്ചപ്പോൾ മൃതദേഹം മറവുചെയ്യാൻ മണ്ണിലെ കുഴിയിലിറക്കിവെച്ചു. അപ്പോൾ ആ കുഴിക്കുപിറകിൽ അദൃശ്യമായ ഒരു ക്യൂ പ്രത്യക്ഷമായി. അതിൽ സ്നേഹം, സത്യം, ദയ, വാത്സല്യം എന്നീ മൂല്യങ്ങളാണുണ്ടായിരുന്നത്. ഈ മൂല്യങ്ങളെല്ലാം മൃതദേഹത്തിനാപ്പം കുഴിയിലിറങ്ങി മറവുചെയ്യപ്പെടാൻ പാകത്തിൽ കിടന്നുകൊടുത്തു. കാവൽക്കാർ നോക്കുമ്പോൾ ഒരു കക്ഷി മാത്രം കുഴിയിലേക്കിറങ്ങാതെ നിൽക്കുന്നു. അപ്പോൾ കാവൽക്കാരൻ ‘കുഴി മൂടാറായി നിനക്കെന്താ പ്രത്യേകിച്ച് എന്തെങ്കിലും പ്രിവിലേജുണ്ടോ, നീയെന്താ ഇറങ്ങാത്തത്’ എന്നു ചോദിച്ചു. അപ്പോൾ ആ കക്ഷി പറഞ്ഞു. ‘ഞാൻ നീതിയാണ്. നീതി കുഴിയിലിറങ്ങാൻ സമയമായിട്ടില്ല. ലോകത്ത് എവിടെയെങ്കിലും നീതി നിലനിൽക്കുന്നില്ല എങ്കിൽ ലോകംതന്നെ നിലനിൽക്കുകയില്ല. അതുകൊണ്ട് ഒരാൾക്കൊപ്പം, സത്യത്തിനും ദയക്കുമൊക്കെ കുഴിയിലിറങ്ങാവുന്നതാണ്. എന്തുകൊണ്ടെന്നാൽ നീതി കുഴിയിലിറങ്ങില്ല എന്നും നീതി കുഴിയിലിറങ്ങാതിരുന്നാൽ നീതിയുടെ കടയ്ക്കൽനിന്ന് മുളച്ചുവരാൻ തങ്ങൾക്ക് കഴിയുമെന്നും അവർക്കറിയാം. എന്നാൽ, നീതിയില്ലെങ്കിൽ ലോകം നിലനിൽക്കില്ല. കാവൽക്കാരൻ തലകുനിച്ചു. നീതി പൂർവാധികം തലയുയർത്തിനിന്നു. നിഷേധിക്കപ്പെടുന്ന നീതി, വൈകിയെത്തുന്ന നീതി തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പം സംസാരിക്കും. ജീവിതത്തിന്റെ ന്യൂക്ലിയസ് എന്നുപറയുന്നത് നീതിയാണ്. നീതിയെ പിന്തുണക്കുന്നിടത്തോളം മാത്രമേ തെളിവുകൾ തിളങ്ങുകയുള്ളൂ. പ്രഭാഷണത്തിലെ സാംസ്കാരികാവിഷ്കാരത്തിന്റെ തലങ്ങളെല്ലാം ഇതോടൊപ്പം വരും. കഥ പറയുക എന്നെ സംബന്ധിച്ച് ഒരു പരിമിതിയാണ്. ഇത് ആദ്യ പരീക്ഷണമായിരുന്നു. അതു വളരെ ഗംഭീരമായി എന്ന് അവർ പറയുകയും ചെയ‌്തു. ഇതിനുമുമ്പോ ശേഷമോ ഞാൻ ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തിട്ടില്ല.
പരിപാടികളുടെ സ്വാഗതപ്രസംഗത്തിൽ നമ്മളെക്കുറിച്ച് ഇല്ലാത്തതുമെല്ലാം പറയും. അതൊരു സ്നേഹപ്രകടനമാണ്. അത് അവരുടെ അവകാശം കൂടിയാണ്. ഈ പരിപാടിയിൽ എന്നെപ്പറ്റിയും പലതും പറഞ്ഞ്, ‘ഇദ്ദേഹം സർവോപരി ഒരു മലയാള അധ്യാപകനുമാണ്’ എന്നാണ് അവസാനിപ്പിച്ചത്. അതിൽനിന്നാണ് സംസാരിച്ചുതുടങ്ങിയത്. ‘എന്നെക്കുറിച്ച് ആദ്യം പറഞ്ഞതെല്ലാം ഒരു സ്നേഹപ്പെയ്ത്താണ്. അതിൽ ഞാൻ വല്ലാതെ അലിഞ്ഞ് കോരിത്തരിച്ച് കുളിരണിഞ്ഞ് നിൽക്കുകയാണ്. അപ്പോഴാണ്. സർവോപരി മലയാള അധ്യാപകനുമാണ് എന്നു പറയുന്നത്. അതു സത്യമാണ്. യാതൊരു കളങ്കവുമില്ലാത്ത പരമമായ സത്യം.’
പരിപാടി കഴിഞ്ഞ് യാത്രയാക്കാൻ കാറിന്റെ അടുത്തെത്തി. പ്രിയ സുഹൃത്തുകൂടിയായ സൈക്കോളജി അധ്യാപകൻ പറഞ്ഞത് ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം’ എന്നാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സംഘാടകർ പറയാറ്, ‘ഞങ്ങൾ ഇനിയും കെ.ഇ.എന്നിനെ പരിപാടിക്കു വിളിക്കും’ എന്നൊക്കെയാണ്. ഞാൻ ആദ്യം ഒന്നമ്പരന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. തെറ്റിപ്പേപ്പായോ! തെറ്റിയതല്ല എന്ന് മനസ്സിലായി. അദ്ദേഹം ആവർത്തിക്കുകയാണ് ‘എന്താവശ്യമുണ്ടെങ്കിലും വിളിക്കണം’ എന്ന്.
പൊന്നാനി എം.ഇ.എസ് കോളജിൽ എം.ഫില്ലിന് പഠിക്കുമ്പോൾ അന്നത്തെ സാമ്പത്തിക പ്രയാസം മൂലം നിത്യക്കൂലിക്ക് ജോലി ചെയ്തിട്ടുണ്ട്. അതുമൂലം എന്റെ എം.ഫിൽ കുളമായി. അറ്റൻഡൻസ് കുറവായതിനാൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. പക്ഷെ, അന്ന് രണ്ടോ മൂന്നോ മാസം പൊന്നാനിയിൽ നിത്യക്കൂലിക്ക് പഠിപ്പിച്ച കാലത്തുണ്ടായിരുന്നവർ, ഇപ്പോൾ പല പദവികളിലുമുള്ളവർ, യാത്രക്കിടയിലും മറ്റും കണ്ടാൽ അതെല്ലാം ഓർമിച്ചെടുക്കും. ഡിഗ്രിക്കു പഠിക്കുമ്പോൾതന്നെ ഞാൻ പാരലൽ കോളജുകളിൽ പഠിപ്പിച്ചിരുന്നു. തളിപ്പറമ്പ് സർസെയ്ദ് കോളജിൽ 11 മാസം പഠിപ്പിച്ചു. അതുകഴിഞ്ഞാണ് ഫാറൂഖ് കോളജിലെത്തുന്നത്.
2013ൽ മെയ്ത്ര ആശുപത്രിയിൽ ചില പരിശോധനകൾ കഴിഞ്ഞ് ഞാനും പങ്കാളി എ.പി. സബിതയും കൽപ്പറ്റ ലൈബ്രറി കൗൺസിലിന്റെ സ്റ്റേറ്റ് സർഗോത്സവം എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയി. എം.എക്ക് കൂടെ പഠിച്ചിരുന്ന സുബ്രഹ്മണ്യൻ, രജി പുൽപള്ളി എന്നിവരൊക്കെ വന്നിരുന്നു. സംഘാടക കൂടിയായ ഹയർസെക്കൻഡറി അധ്യാപിക എന്റെ പങ്കാളിയോട് ചോദിക്കുന്നു, ‘മാഷ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ, ആശുപത്രിയിൽ പോയിരുന്നോ’ എന്ന്. ഞങ്ങൾ അന്തംവിട്ടുപോയി. കാരണം, ആർക്കും അറിയാത്ത ഒരു കാര്യം എങ്ങനെ വയനാട്ടിലുള്ള ഇവർ അറിഞ്ഞു? ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന, ഇവർക്കൊപ്പം പഠിച്ചിരുന്ന ആരോ ഇവർക്ക് ഫോൺ ചെയ്തതാണ്. പറഞ്ഞുവരുന്നത് ഇതാണ്. ആ കാലത്ത് പഠിച്ച കുട്ടികൾ തമ്മിൽ വളരെ വേഗത്തിൽ കാര്യങ്ങൾ വിനിമയം ചെയ്യുന്നുണ്ട്.
അധ്യാപകൻ എന്ന നിലക്കും അല്ലാതെയും എന്റെയൊരു പരിമിതി, ആളുകളുടെ പേര് ഓർമിക്കാൻ കഴിയാറില്ല എന്നതാണ്. കണ്ടാൽ ആളുകളെ തിരിച്ചറിയുന്നതിലും ഞാൻ പിന്നിലാണ്. പാരലൽ കോളജുകൾ മുതൽ പല കോളജുകളിലും പഠിപ്പിച്ച് സാംസ്‌കാരിക പരിപാടികളിൽ നിരന്തരം പങ്കെടുക്കുന്നു. അങ്ങനെ ഒരുപാട് ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെടുന്നതുകൊണ്ടാണോ എന്നറിയില്ല ഈയൊരു പ്രശ്നം. ഞാൻ പഠിപ്പിച്ച ഒരു കുട്ടി, ഞാൻ പഠിപ്പിച്ച കാലത്തെ സംഭവങ്ങൾ എന്നോടു പറഞ്ഞാലേ എനിക്ക് ഓർത്തെടുക്കാൻ കഴിയാറുള്ളൂ. ഒരു പൊലീസുകാരനെ യൂനിഫോമിലാണെങ്കിലോ യൂനിഫോം ഇല്ലാതെയോ
കണ്ടാൽ അയാൾ ഇന്ന ബാച്ചിൽ പെട്ടയാളായിരുന്നു എന്ന് തിരിച്ചറിയാൻ കഴിയില്ല. ഞാൻ പഠിപ്പിച്ചിരുന്ന മലയാളത്തിന്റെ സെക്കൻഡ് ലാംഗ്വേജ് ഒരു പാരാവാരമാണ്. വളരെ സൂക്ഷ്‌മതയുള്ള അധ്യാപകർക്കേ ആ ക്ലാസുകളിലെ അനുഭവങ്ങൾ ഓർത്തെടുക്കാനാകൂ. ഞാൻ അതിൽ പരാജയമാണ്. തുടക്കത്തിൽ ഞാനതിനെ ഒരു വീഴ്‌ചയായി കണ്ടിരുന്നില്ല. എല്ലാവരുടെയും പേര് നമ്മളും നമ്മുടെ പേര് എല്ലാവരും ഓർമയിൽ കൊണ്ടുനടക്കേണ്ട കാര്യമില്ല എന്നാണ് വിചാരിച്ചിരുന്നത്. വളരെ വൈകിയാണ് പേര് ഓർമിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. ആ തിരിച്ചറിവിനുപിന്നിൽ ഒരു കൗതുകവുമുണ്ട്. മോഹനകൃഷ്‌ണൻ കാലടിയുടെ ‘രാമനും റഹ്മാനും’ എന്ന കവിത വായിച്ചു. അത് തുടങ്ങുന്നത് ഇങ്ങനെയാണ്, ‘റഹ്മാനേ ചങ്ങാതീ രാമനാണ്ടോ നമ്മളൊന്നിച്ചു പഠിച്ചതാണ്ടോ ഉപ്പിട്ട നെല്ലിക്ക മാറിമാറി തുപ്പലുംകൂട്ടിക്കടിച്ചതാണ്ടോ കള്ളപ്പെറുക്കുകളിയിലെന്നും തന്തക്കു ചൊല്ലിപ്പിരിഞ്ഞതാണ്ടോ’.
എത്രയോ കാലത്തെ ഒന്നിച്ചുള്ള പഠനം കഴിഞ്ഞ്, ജീവിതപ്രയാസത്തിന്റെ ഭാഗമായി പിരിഞ്ഞുപോയവർ. അപ്രതീക്ഷിതമായി ഒരു നഗരത്തിന്റെ തിരക്കിൽ കണ്ടുമുട്ടുമ്പോൾ, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഫീൽ വരുമ്പോൾ, പെട്ടെന്ന് ആ ആളെ ഓർത്തെടുത്ത് ‘റഹ്മാനേ’ എന്നു വിളിക്കുമ്പോൾ, ‘ഞാൻ രാമനാണ്’ എന്നു പറയുമ്പോൾ, ഇരുവരും ആ പേരിൽ തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഒരു പുളകമുണ്ടല്ലോ. ആ മധുരം നഷ്ടമായ ഒരു മനുഷ്യനാണ് ഞാൻ. അത് ഞാൻ തിരിച്ചറിയുന്നത് ഇതുപോലുള്ള കവിതകൾ വായിച്ചും സിനിമകൾ കണ്ടിട്ടുമാണ്. അങ്ങനെ ഞാൻ സ്വകാര്യമായി കേമം എന്നു വിചാരിച്ചത് ഒരു കേമത്തമല്ല. അടിസ്ഥാനപരമായ കുറവാണ് എന്നു മനസ്സിലായി.
പിന്നെ, കുട്ടികളുടെ വീടുകളിലും മറ്റും നടക്കുന്ന കല്യാണച്ചടങ്ങുകളിൽ ഞാൻ പങ്കെടുക്കാറില്ല. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ബദൽ കാഴ്‌ചപ്പാടുള്ളതിനാലാണിത്. അത്തരം ചടങ്ങുകളുമായി പൊരുത്തപ്പെടാനാകാത്തതുകൊണ്ടാണ് പോകാത്തത്.
ഈ കാരണങ്ങൾ കൊണ്ടെല്ലാം എന്നോട്, ആളുകൾക്ക് അകൽച്ചയാണുണ്ടാകേണ്ടത്, അനിവാര്യമായും. കാരണം, മനുഷ്യർ കൂടുന്നിടത്തുനിന്ന്, എന്തു തത്ത്വം പറഞ്ഞാലും വിട്ടുനിൽക്കുകയാണെങ്കിൽ അത് അവർക്ക് അത്രകണ്ട് ഉൾക്കൊള്ളാൻ കഴിയില്ലല്ലോ. അവർ അത്രക്കും സ്നേഹം കാരണമാണല്ലോ നമ്മളെ വിളിക്കുന്നത്. മാത്രമല്ല, നമ്മൾ ഒരു കാഴ്‌ചപ്പാട്, അടിയിൽനിന്ന് കെട്ടിപ്പൊക്കുന്നതൊന്നും മറ്റുള്ളവർ അതേപോലെ ഷെയർ ചെയ്യണമെന്നുമില്ല. എന്നിട്ടും അത്തരം സ്നേഹങ്ങൾ വളരെ ഊർജം നൽകുന്ന ഒന്നായി നിൽക്കുകയാണ്. അവരെ നമ്മൾ അവരായിട്ടുതന്നെയാണ് കാണുന്നത്. അവരും അങ്ങനെതന്നെയാണ് നമ്മളെയും കാണുക. നമ്മൾ പഠിപ്പിച്ച കുട്ടികളുടെ ജയപരാജയങ്ങളോ പ്രതാപമോ പണമോ ഒന്നുമല്ല, പിന്നീട് അവരെ കാണുമ്പോഴുള്ള ബന്ധങ്ങളുടെ അടിസ്ഥാനം. കാരണം, ജയിച്ചുവെന്നുപറയുന്ന പലരും ചില തലങ്ങളിൽ തോറ്റവരായിരിക്കും.
തോറ്റു എന്നു പറയുന്ന പലരും ചില തലങ്ങളിൽ ജയിച്ചവരുമായിരിക്കും. പഠിപ്പിക്കുന്ന കാലത്ത്, കവിതയും കഥയും എഴുതി സംവാദങ്ങളിൽ പങ്കെടുത്ത് പ്രതിഭയുടെ വെളിച്ചം പ്രസരിപ്പിച്ചിരുന്ന, വിദ്യാർഥി പഠനാനന്തരം ഏതെങ്കിലും തൊഴിലിൽ പരിമിതപ്പെട്ടുപോകുന്നത് നമ്മൾ കാണും. അതേസമയം, അത്ര ഇടപെടൽ നടത്താതിരുന്നവർ പിൽക്കാലത്ത് നല്ല ഇടപെടൽ നടത്തുന്നവരായി മാറും. അതെല്ലാം ജീവിതത്തിന്റെ സങ്കീർണതകളാണ്. വ്യക്തിഗതമായ ചില അനുഭവ ലോകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു സംഭവിക്കുന്നത്. നേരത്തേ സൂചിപ്പിച്ചതുപോലെ, ‘മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്, ഞാൻ തോറ്റതാണ്’ എന്നു പറയുന്ന ഒരാളും, ‘ഞാൻ അമേരിക്കയിൽ ജോലി ചെയ്യുകയാണ്’ എന്നു പറയുന്ന ഒരാളും രണ്ടു തരംഗദൈർഘ്യത്തിലാണ് നിൽക്കുന്നതെങ്കിലും നമ്മുടെ മനസ്സിൽ അവർ ചെന്നുതൊടുന്നത് ‘നമ്മുടെ കുട്ടികൾ’ എന്ന അർഥത്തിലാണ്.
.


