കത്തും പൊരുളും
text_fieldsപേനസാക്ഷി
ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ കൃതിയാണ് പേനസാക്ഷി. ഏതാണ്ട് ആറുപതിറ്റാണ്ടിനോടടുക്കുന്ന പത്രപ്രവര്‍ത്തനം, സാഹിത്യ പ്രവര്‍ത്തനം എന്നനിലക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന കത്തുകളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്. തനിക്ക് ലഭിച്ച കത്തുകളും കത്തിലെ ഇതിവൃത്തവും കത്തിനോടനുബന്ധിച്ച ഓർമകളും സാഹിത്യഭംഗിയോടെ അദ്ദേഹം അയവിറക്കുന്നു. സിനിമാ താരം മമ്മൂട്ടി മുതല്‍ സുകുമാര്‍ അഴീക്കോടും എം.ടിയും ബഷീറും വരെ നീളുന്നു പട്ടിക. അവരുമായുള്ള ഓർമകളുടെ പങ്കുവെക്കലില്‍ വരുംതലമുറക്ക് കാത്തുസൂക്ഷിക്കാനുള്ള സാംസ്‌കാരിക പൈതൃകമാണ് കുടികൊള്ളുന്നത്.
ഗ്രന്ഥകർത്താവിന്റെ ജീവിതം ആരംഭിക്കുന്നത് പത്രപ്രവര്‍ത്തനത്തിലൂടെയാണ്. സ്‌കൂള്‍കാലം മുതൽ സാഹിത്യത്തോട് പ്രത്യേക അഭിനിവേശമായിരുന്നതായി ഗുരുമുഖങ്ങള്‍ എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. മലയാളം അധ്യാപകനായിരുന്ന രാമചന്ദ്രന്‍ മാഷ് സ്‌കൂളിലെ ശമ്പളം ഒന്നിനും തികയില്ലെന്നതുകൊണ്ട് ‘സത്യപ്രകാശം’ എന്ന വാരികയില്‍ എഡിറ്റര്‍ ആയി ജോലി നോക്കിയതും മാഷിന്റെ ഇഷ്ടശിഷ്യനായ ജമാലിനെ ജോലികൾ ഏല്‍പ്പിച്ചിരുന്നതുമെല്ലാം ആ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
കൊച്ചിയിലെ ‘കേരളനാദം’ പത്രത്തില്‍ നിന്നായിരുന്നു പത്ര പ്രവര്‍ത്തനത്തിന്റെ തുടക്കം. നാട്ടുകാരനും സുഹൃത്തുമായ മമ്മൂട്ടിയുമായുള്ള കത്ത് ബന്ധം അടക്കം പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഔദ്യോഗിക പത്രപ്രവര്‍ത്തിനു ശേഷവും അദ്ദേഹം എഴുത്ത് തുടരുന്നുണ്ട്. ജമാല്‍ കൊച്ചങ്ങാടിയെ വളരെയധികം സ്വാധീനിച്ച ഒരു ചരിത്രപുരുഷനാണ് പി.എ. സെയ്ദു മുഹമ്മദ് എന്ന ചരിത്രകാരന്‍. സെയ്ദു മുഹമ്മദിന്റെ അവശേഷിപ്പായ കേരളാ ഹിസ്റ്ററി അസോസിയേഷന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ മമ്മു കത്തെഴുതി ക്ഷണിക്കുന്ന അധ്യായം ഹൃദയസ്പൃക്കാണ്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ജമാലിന്റെ പിതാവിനെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ വൈക്കം മുഹമ്മദ് ബഷീറുമുണ്ട്. ബഷീറും പിതാവ് പി.എ. സൈനുദ്ദീന്‍ നൈനയും ജയിലില്‍വെച്ച് പങ്കുവെച്ച ആശയങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നത് കൗതുകമുണ്ടാക്കുന്നു. ബഷീറിന് പിതാവിനോടുണ്ടായ സൗഹൃദം മകന്‍ എന്ന നിലക്ക് ജമാലിന് വാത്സല്യമായി അനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. അതുകൂടാതെ, സിന്ധു എന്ന പെണ്‍കുട്ടിയുടെ കത്ത്, ജയില്‍പുള്ളിയുടെ കത്ത്, സുകുമാര്‍ അഴീക്കോടുമായുള്ള പങ്കുവെക്കലുമെല്ലാം പുസ്തകത്തില്‍ വ്യത്യസ്തമായ അനുഭവം വായനക്കാരന് പകര്‍ന്ന് നല്‍കും.
നവാഗതരായ എഴുത്തുകാര്‍ക്ക് ഈ കൃതി വലിയ ഉള്‍ക്കാഴ്ച സൃഷ്ടിക്കാനുതകുന്നതാണ്. ‘എഴുത്തുകാരന്റെ പ്രതിഫലം’, ‘എഡിറ്ററുടെ സ്വാതന്ത്ര്യം’ എന്നീ അധ്യായങ്ങള്‍ ഒരു എഴുത്തുകാരന് ബോധ്യപ്പെട്ടിരിക്കേണ്ട ദാര്‍ശനികതലങ്ങള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവെക്കുകയാണ്.
.


