ഹംഗേറിയന്‍ എഴുത്തുകാരൻ ഡേവിഡ് സൊലോയ്ക്ക് ബുക്കര്‍ പുരസ്‌കാരം
text_fieldsലണ്ടന്‍: 2025-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊലോയ്ക്ക്. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ഡേവിഡ് സൊലോയ് യുടെ 'ഫ്ലെഷ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്‍പെടെ ആറു നോവലുകളാണ് ബുക്കർ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.
കാനഡയില്‍ ജനിച്ച് യു.കെയിൽ വളർന്ന് വിയന്നയിലാണ് ഡേവിഡ് സൊലോയ് ജീവിക്കുന്നത്. 20ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബി.ബി.സി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷന്‍ കൃതിയാണ് ഫ്ലെഷ്.
ഐറിഷ് എഴുത്തുകാരിയായ റോഡി ഡോയലും "സെക്സ് ആൻഡ് ദി സിറ്റി" താരം സാറാ ജെസീക്ക പാർക്കറും ഉൾപ്പെട്ട ഒരു ജഡ്ജിങ് പാനലാണ് 153 നോവലുകളിൽ നിന്ന് ഫ്ലെഷ് തെരഞ്ഞെടുത്തത്.
അഞ്ച് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് "ജീവിതത്തെയും ജീവിതത്തിന്റെ അപരിചിതത്വത്തെയും കുറിച്ചുള്ള പുസ്തകമായ "ഫ്ലെഷ്" വിധികർത്താക്കൾ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. പ്രായക്കൂടുതലുള്ള ഒരു സ്ത്രീയുമായുള്ള ഇസ്തവാന്‍ എന്ന കൗമാരക്കാരന്‍റെ പ്രണയവും ലണ്ടനിലെ ഉയർന്ന സമൂഹത്തിൽ നേടിയെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും എല്ലാം ഫ്ലെഷിൽ വിവരിക്കുന്നുണ്ട്.
ഡേവിഡ് സൊലോയുടെ ആദ്യ നോവലായ 'ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്' 2008-ല്‍ ബെറ്റി ട്രാസ്‌ക്, ജെഫ്രി ഫേബര്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍ നേടി. 'ഓള്‍ ദാറ്റ് മാന്‍ ഈസ്' എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു.
2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഡേവിഡ് സൊലോയ് ഇടംനേടിയിരുന്നു. 2019-ല്‍ 'ടര്‍ബുലന്‍സ്' എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു.
2010-ല്‍, 40 വയസ്സിന് താഴെയുള്ള മികച്ച 20 ബ്രിട്ടീഷ് എഴുത്തുകാരുടെ ടെലിഗ്രാഫ് പട്ടികയില്‍ ഡേവിഡ് സൊല്ലോ ഇടംപിടിച്ചിരുന്നു.
2013-ല്‍ ഗ്രാന്റയുടെ 'ബെസ്റ്റ് ഓഫ് യംഗ് ബ്രിട്ടീഷ് നോവലിസ്റ്റു'കളില്‍ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടു.
'ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന ആറ് പുസ്തകങ്ങളെക്കുറിച്ചും അഞ്ച് മണിക്കൂറിലധികം നേരം വിധികര്‍ത്താക്കള്‍ ചര്‍ച്ച ചെയ്തു. മറ്റ് മികച്ച നോവലുകളില്‍ നിന്ന് വേറിട്ടുനിന്ന, ഞങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ചയ്‌ക്കെടുത്ത പുസ്തകം 'ഫ്‌ലെഷ്' ആയിരുന്നു. അതിന്റെ അതുല്യതയായിരുന്നു കാരണം. ഇതുപോലൊന്ന് ഞങ്ങള്‍ മുമ്പ് വായിച്ചിട്ടില്ല. പല തരത്തിലും ഇതൊരു ഇരുണ്ട പുസ്തകമാണ്, പക്ഷേ വായിക്കുമ്പോൾ വലിയ സന്തോഷം തരുന്ന ഒന്ന്, ജൂറി അധ്യക്ഷന്‍ റോഡി ഡോയല്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷില്‍ രചിക്കപ്പെടുന്ന നോവലുകള്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന പ്രശസ്തമായ പുരസ്കാരമാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം. 2024ലെ ബുക്കര്‍ പുരസ്‌കാരം സാമന്ത ഹാര്‍വീയുടെ 'ഓര്‍ബിറ്റല്‍' എന്ന ഹ്രസ്വനോവലിനാണ് ലഭിച്ചത്.


