'അപ്പൊ പെണ്ണുങ്ങളുടെ വോട്ടില്ലാതെ വേണം ആൺ സർക്കാറുണ്ടാക്കാൻ, അതല്ലേ ഹീറോയിസം' കെ.സി വേണുഗോപാലിനെതിരെ ജിസ ജോസ്
text_fieldsകോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ആൺകുട്ടികളുടെ സർക്കാർ വരുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രസ്താവനക്കെതിരെ എഴുത്തുകാരി ജിസ ജോസ്. ആൺകുട്ടികളുടെ സർക്കാർ വരുമെന്ന് പറഞ്ഞവർ പെണ്ണുങ്ങളുടെ വോട്ട് ചോദിക്കരുത്.
ഇനി തന്നാലും വാങ്ങരുതെന്നും നിർദ്ദിഷ്ട വോട്ടുകൾ ഇല്ലാതെ വേണം ജയിക്കാനെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അതേല്ലേ ഹീറോയിസമെന്നും അവർ ചോദിച്ചു.
പണ്ട് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണം ഏർപ്പെടുത്തണമെന്ന് നെഹ്റു ആവശ്യപ്പെട്ടപ്പോൾ ഇവിടത്തെ ഒരു ആൺനേതാവ് അതു വിലക്കിയതായും കേരളത്തിലെ സ്ത്രീകൾ ഒരിക്കലും അതാഗ്രഹിക്കുന്നില്ല ,അവർ ഗൃഹലക്ഷ്മിമാരാണ് ന്ന് പറഞ്ഞതായും വായിച്ചിട്ടുണ്ട്. അവിടന്നു വണ്ടി കിട്ടാത്തവരാണ് ഇപ്പോഴും നേതാക്കളെന്നും ജിസ ജോസ് വിമർശിച്ചു.
ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരുമെന്ന് കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷമുയർത്തിയ വിമർശനങ്ങളുടെ തുടർച്ചയായാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
നിലവിലെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയുള്ളതാണെന്നും യു.ഡി.എഫ് സർക്കാർ വന്നാൽ ഇതെല്ലാം നടപ്പിലാക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഈ പ്രഖ്യാപനങ്ങളെന്നും ഈ തട്ടിപ്പിൽ ജനം വീഴാൻ പോകുന്നില്ലെന്നും ദരിദ്രരായ ആളുകളുടെ എണ്ണം പ്രഖ്യാപനം കൊണ്ട് കുറക്കാൻ സാധിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
അപ്പോ പെണ്ണുങ്ങളോട് വോട്ടു ചോദിക്കരുത് ,തന്നാലും വാങ്ങുകയുമരുത്..
അവരുടെ വോട്ടില്ലാതെ വേണം നിർദ്ദിഷ്ട ആൺസർക്കാർ ഉണ്ടാക്കാൻ!
അതല്ലേ ഹീറോയിസം !
(പണ്ട് കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പിൽ സ്ത്രീസംവരണം ഏർപ്പെടുത്തണമെന്ന് നെഹ്രു ആവശ്യപ്പെട്ടപ്പോൾ ഇവിടത്തെ ഒരു ആൺനേതാവ് അതു വിലക്കിയതായും കേരളത്തിലെ സ്ത്രീകൾ ഒരിക്കലും അതാഗ്രഹിക്കുന്നില്ല ,അവർ ഗൃഹലക്ഷ്മിമാരാണ് ന്ന് പറഞ്ഞതായും വായിച്ചിട്ടുണ്ട്. .... അവിടന്നു വണ്ടി കിട്ടാത്തവരാണ് ഇപ്പോഴും നേതാക്കൾ!)


