മണ്ണിനും പറയാനുണ്ട്
text_fieldsമണ്ണിനും, ഒത്തിരി പറയാനുണ്ട്.
ഞാനൊരിത്തിരി പറയാം.
അന്ന്, അമ്മേടെ വീട്ടിൽ പോയപ്പോ
അമ്മാമ്മ ഒരു തുളസിത്തൈ തന്നു.
മണ്ണോടെ നട്ടോ, നന്നായി പിടിച്ചുകിട്ടും
അങ്ങനെ അമ്മേടെ വീട്ടിലെ മണ്ണ്
ഞങ്ങടെ തിരുമുറ്റത്തലിഞ്ഞു.
അമ്മായി മണ്ണോടെ തന്ന ചീരത്തൈയും വഴുതനേം
ഞങ്ങടെ പറമ്പിൽ നട്ടതും, അമ്മായീടെ വീട്ടിലെ മണ്ണ്
ഞങ്ങടെ പറമ്പിലെ മണ്ണോടുചേർന്നു.
മാമൻ അഡീനിയം തൈ തന്നത് ചട്ടീലാണ്
ഞങ്ങടെ പട്ടി ചാടി ആ ചട്ടി പൊട്ടി
ആ മണ്ണും വീണുചേർന്നത് ഞങ്ങടെ മണ്ണിൽ.
ചേച്ചി, ചാക്കിൽ പിടിപ്പിച്ചു തന്ന കോവൽ
ചാക്കോടെ തന്നെ മണ്ണിൽ നട്ടു
അങ്ങനെ ചേച്ചീടെ വീട്ടിലെ മണ്ണും,
ഞങ്ങടെ മണ്ണോടു ചേർന്നു.
കടൽ കാണാൻ പോയതാ അന്ന് വീട്ടുകാരൊത്ത്
തിരയിൽ കാൽ നനച്ചാൽ പിന്നെ പറയേണ്ടല്ലോ
ആ കടപ്പുറത്തെ മണ്ണ്, അന്നെല്ലാരും വന്ന്
കുടഞ്ഞിട്ടതും ഞങ്ങടെ മുറ്റത്തുതന്നെ.
പണ്ട് കന്യാകുമാരീലെ മണ്ണും, നല്ല പഞ്ചാരമണലും
ആരേം കാണാണ്ട്, മേശവലിപ്പിൽ പൊതികെട്ടി വച്ചത്
പൊതി പൊട്ടി, അച്ഛൻ വലിപ്പോടെ
കൊട്ടിയിട്ടതും, മുറ്റത്ത് തന്നെ.
അന്ന്, വെള്ളപ്പൊക്കം വേലീം, മതിലും
മറിച്ചിട്ട് വന്നപ്പോ, ഒഴുക്കിക്കൊണ്ടുവന്ന മൺകൂന
പിന്നെ, ഞങ്ങടെ മണ്ണോടു ചേർന്നില്ലാണ്ടായി.
അപ്പോപ്പിന്നെ, ഞങ്ങടെ മണ്ണെന്ന്
തറപ്പിച്ച് പറയാൻ പറ്റോ....
എല്ലാരുടേം മണ്ണ്, എല്ലാം ഒന്നായിത്തീർന്ന, മണ്ണ്
എല്ലാം മണ്ണായിത്തീർന്ന മണ്ണ്.
യുഗയുഗങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷി.
എത്രയെത്ര ജീവനുകൾ വീണു പൊലിഞ്ഞലിഞ്ഞ മണ്ണ്
ജീവന്റെ പിറപ്പിനുമുയിർപ്പിനും, അതിജീവനത്തിനും
നിത്യതയിലേയ്ക്കാണ്ടിറങ്ങാനുമൊരിടം.
മണ്ണ് തന്നെ മണ്ണിനെക്കുറിച്ച് പറയാൻ തുടങ്ങിയതാ
ഓ, നെഞ്ചു തകർന്നുപോയി.
രാസവർഷങ്ങളാൽ കരിഞ്ഞുപോയ സ്വത്വം.
മാനവന്റെ അടങ്ങാത്ത ആർത്തിയാൽ,
മൃതപ്രായയെങ്കിലും, തന്നെ മാത്രം ആലംബമാക്കിയ
എണ്ണമറ്റ ജീവനുകളെ മാറോടടക്കിപ്പിടിച്ച്
നെടുവീർപ്പിടുന്നൊരമ്മ.
ഈ ഭൂവോടൊത്തു പിറവിയെടുത്ത്,
കാറ്റ് പറത്തി, മലയിടിഞ്ഞ്,
മഴയോടൊത്തൊഴുകി വന്ന മണ്ണ്.
ഓ, മണ്ണിനെക്കുറിച്ച് പറയുമ്പോ,
അത്ഭുതവും അത്രമേൽ വേദനയും
മണ്ണ് തന്നെ മണ്ണിനെക്കുറിച്ച് പറയാനിരുന്നാൽ,
പറഞ്ഞുതീരില്ല ഞാനൊരിത്തിരി, പറഞ്ഞൂന്നേയുള്ളൂ.
.


