പൊലിയുന്ന നക്ഷത്രങ്ങൾ
text_fieldsആയിരം സൂര്യഗോളങ്ങളെ കെട്ടഴിച്ച് ഭൂമിയിലേക്ക് ചൊരിഞ്ഞുകൊണ്ടിരുന്ന പോര്‍വിമാനങ്ങളും റോക്കറ്റുകളും മണ്ണിലെ ജീവിതങ്ങളെ പുഴുക്കളെ പോലെ എരിച്ചുകളയുകയും രാപ്പകലുകളെ കീഴ്മേൽ മറിക്കുകയും ചെയ്യുന്നത് ലോകം നിശ്ശബ്ദമായി കണ്ടുകൊണ്ടേയിരുന്നു. ഉയരുന്ന പൊടിപടലങ്ങളിലും കോൺക്രീറ്റ് കൂനകളിലും ജീവന്റെ വിലാപങ്ങൾ ഉയർന്നമരുന്നത് ഒരു നിത്യകാഴ്ചയുടെ മരവിപ്പുപോലെ സാധാരണമായിക്കഴിഞ്ഞിരുന്നു.
****
സ്ഫടിക ഗ്ലാസിലെ മദ്യം നുണഞ്ഞുകൊണ്ട് അധികാരത്തിന്റെ അന്ധകാരത്തിൽ ഭരണാധികാരി സ്വേച്ഛാധിപതിയുടെ ആവേശത്തോടെ നിഴലുകളെ നോക്കി ഉച്ചത്തിൽ പുലമ്പിക്കൊണ്ടേയിരുന്നു.
‘‘എത്ര നീതിയുക്തമായ ദിനങ്ങൾ, ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയും രാജ്യസ്നേഹിയുമായ ഒരു പൗരന്റെ വീരകഥകളുടെ ചരിത്രം നാളെ തലമുറകളിലൂടെ ഏറ്റുപാടുകതന്നെ ചെയ്യും.’’
അയാളുടെ നിഴലുകള്‍ ആ വാക്കുകളെ, രാജ്യസ്നേഹത്തിന്റെ കപടതയിൽ പൊതിഞ്ഞതും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ആവേശത്തിന്റെ ഉന്മാദത്തിൽ ശരിയെന്നമട്ടിലും തലകുലുക്കിയും ആർപ്പുവിളികളോടെയും പ്രകീർത്തിച്ചുകൊണ്ടിരുന്നു. ആ മണ്ണിലെ അന്ധത ബാധിച്ച ക്രൂരനായ ഭരണാധികാരിയായി അയാൾ രൂപപ്പെട്ടിരുന്നു.
****
ഷെല്ലുകളും തീമഴകളും അനാഥമാക്കിയ ഭീതിദ കാഴ്ചകളിലൂടെ മുറിവേറ്റ ശരീരത്തിലെ വേദനകളെ കടിച്ചമര്‍ത്തി തൊഴിലിടത്തിലെ അവശേഷിക്കുന്ന അനാഥരായ രണ്ടു കുഞ്ഞുങ്ങളെ മാറോടടക്കി, ഇരുള് പെയ്തുനിറഞ്ഞ നിലവറയിലെ അനിശ്ചിതത്വത്തില്‍ ആ യുവതി തേങ്ങലുകള്‍ നിലക്കാത്ത വിറയല്പൂണ്ട കുഞ്ഞുങ്ങളെ മാറോടുചേര്‍ത്ത് ഉറക്കെ വിലപിച്ചു.
‘‘എന്തിനാണ് നാം ഇരുളിലോളിക്കുന്നത്?’’ -ഭീതി മറച്ചുവെച്ച വാക്കുകളോടെ അവൾ കൂടെ പറ്റിനിന്ന കുട്ടികളെ നോക്കി ചോദിച്ചു. തെളിച്ചം മങ്ങിയ മുഖത്തോടെ അവർ അവളുടെ മുഖത്തേക്ക് മിഴിച്ചുനോക്കി. ഇരുളിന്റെ ഏകാന്തത ഓർമകളുടെ കുത്തൊഴുക്കായി തികട്ടിവന്ന നിമിഷം കുട്ടികളിൽനിന്നും വേർപെടലിന്റെ വേദന കണ്ണുനീരോടെ ഉയർന്നുവന്നു. കവർന്നെടുക്കലിന്റെയും നഷ്ടപ്പെടലുകളുടെയും ഹൃദയനൊമ്പരം അവരുടെ ചെവിയിൽ അപ്പോഴും അലയടിക്കുന്നുണ്ടായിരുന്നു. ആ വിലാപം പൂര്ത്തിയാവുന്നതിനുമുമ്പെ ഒരു പ്രകമ്പനം എല്ലാ ചിന്തകളെയും മരവിപ്പിച്ചുകളഞ്ഞിരുന്നു.
****
വേദന തുടിക്കുന്ന, അക്ഷരങ്ങൾ നിറഞ്ഞ കടലാസുകളിൽ പേന അടച്ചുവെച്ച് അനു ഫോണിലേക്കു നോക്കി. മെസ്സേജിൽ സാമ്പത്തിക ബാധ്യതയുടെ ‘ഡ്യൂ ഡേറ്റ് ടുമാറോ’ എന്ന സന്ദേശം ഒരു ചെകുത്താന്റെ മുഖംപോലെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
ജീവിതം തേടി കടൽകടന്ന തന്നിൽനിന്നും പറിച്ചെടുത്ത വലത്തെ കാലിന്റെ അഭാവം സ്വപ്നങ്ങൾ പൊലിഞ്ഞ പാതിയിലൂടെ വീണ്ടും ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് കരപ്പിടിച്ചത് അനുഭവങ്ങളെ, അക്ഷരങ്ങളാക്കി മാറ്റിയ സന്ദർഭത്തിലായിരുന്നു.
ആ രണ്ടു കുഞ്ഞുങ്ങളുടെ നീലിമയാർന്ന കണ്ണുകളിലെ ദൈന്യം എഴുത്തുമേശയിൽ അവളെ വേദനിപ്പിക്കുകയും അതിനോടൊപ്പം പൂർണതക്കായി അസ്വസ്ഥതപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു, ആകാശത്തു പൂത്ത നക്ഷത്രങ്ങളെ പോലെ എണ്ണമില്ലാതെ, ലോകത്തിനുമുന്നിൽ തെളിഞ്ഞ്, വേഗത്തിൽ അപ്പോഴും അവ പൊലിഞ്ഞുകൊണ്ടേയിരുന്നു...


