ലഹരി പറഞ്ഞ കഥ
text_fieldsഒരിക്കലയാൾ സുഹൃത്തുക്കൾക്കൊപ്പം വട്ടമേശയിലിരുന്ന് ലഹരിയുടെ ആവേശത്തോടെ പറഞ്ഞു
‘ഒരിക്കൽ മരിക്കും. അതോണ്ട് ആസ്വദിച്ചു ജീവിക്യ’.
അയാളും കുടുംബവും ഒരു യാത്രപോയി കൂടെ മദ്യവും.
അവരുടെ വാഹനം ഒരു ലോറിയിൽ ഇടിക്കുകയും മരണം അയാളെ മൃതപ്രായനാക്കി അവശേഷിപ്പിച്ച്, കുടുംബങ്ങളെ മുഴുവൻ കൂടെകൊണ്ട്പോവുകയും ചെയ്തു.
‘നീ ഇന്നലെ സ്കൂളിൽനിന്ന് വരുന്ന വഴി വർക്കിയുടെ പറമ്പിൽനിന്ന് ബീഡി വലിച്ചോ?’
സങ്കോചമൊന്നും കൂടാതെ അവൻ തലകുലുക്കി. അപ്പൻ വടിയെടുത്തു. മകൻ വടിവാളും.
പക്ഷെ, കൊലചെയ്യപ്പെട്ടത് അമ്മയായിരുന്നു.
ജീവിതം ഒരു ലഹരിയായി എടുക്കണമെന്ന് അയാൾ നിരന്തരം മോട്ടിവേഷൻ നൽകുമായിരുന്നു.
‘ജീവിതം വലിയ ലഹരിയാണ്. ആ ലഹരി എനിക്ക് താങ്ങാനാവുന്നില്ല...’
അയാളുടെ ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ എഴുതി വെച്ചിരുന്നു.
‘പ്രിയ പ്രസിഡന്റ്, ഈ വീഞ്ഞ് കഴിച്ചുനോക്കൂ. വളരെ രുചികരമാണിത്’
ഉയർന്ന ഉദ്യോഗസ്ഥൻ നീട്ടിയ ഗ്ലാസ് വാങ്ങി അയാൾ ചിത്രപ്പണികൾ ചെയ്ത ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് ചുണ്ടുകളുടെ ഒരറ്റത്ത് വിരിഞ്ഞ പൈശാചികമായ ചിരിയോടെ ടെലവിഷൻ സ്ക്രീനിലേക്ക് വിരൽ ചൂണ്ടി.
മരണപ്പെട്ടുകിടക്കുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദൃശ്യങ്ങളിലേക്ക് നോക്കിയ ഉദ്യോഗസ്ഥനും ലഹരിയുടെ സ്ഫടിക ഗ്ലാസ് താഴെെവച്ചു.


