17, 18 നൂറ്റാണ്ടുകളിലെ തമിഴ്നാടിന്റെ ബ്രിട്ടീഷ്‍കാല ഭരണരേഖകൾ ഇനി ഡിജിറ്റലായി വായിക്കാം; കോപ്പി എടുക്കാം
text_fieldsചെന്നൈ: തമിഴ്നാടിന്റെ പഴയ ഭരണസംവിധാനത്തിന്റെ ചരിത്രരേഖകൾ സൂക്ഷിക്കുന്നതിനായി ചരിത്രഗവേഷണ വിഭാഗം ചരിത്രരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നു. പ്രസ് ലിസ്ററ്സ് ഓഫ് ബ്രിട്ടീഷ് റെക്കോഡ്സ് എന്ന പേരിലാണ് 17, 18 നൂറ്റാണ്ടുകളിലെ രേഖകൾ തമിഴ്നാട് ഗവൺമെന്റ് ഡിജിറ്റലാക്കി സൂക്ഷിക്കുന്നത്. ബ്രിട്ടീഷ് ഭരണസംവിധാനത്തിന്റെ റെക്കോഡുകളും അന്നത്തെ സുപ്രധാനമായ പല സംവിധാനങ്ങളുടെയും ചരിത്രരേഖകളാണ് സൂക്ഷിക്കുന്നത്.
1670 മുതൽ 1800 വരെയുള്ള ഗവൺമെന്റ് രേഖകൾ 45 വാല്യങ്ങളായി 1892 മുതൽ 1902 വരെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗഞ്ജം, വിശാഖപട്ടണം, മുസിലി പട്ടണം, സൗത്ത് ആർക്കോട്ട്, മലബാർ എന്നിവിടങ്ങളിലായി നീണ്ടുകിടന്ന മദ്രാസ് പ്രവിശ്യയുടെ ഭരണകാല റെക്കോഡുകളാണിവ.
എഴുത്തുകാർക്കും ചരിത്രഗവേഷകർക്കും ചരിത്രകാരൻമാർക്കും ലോകത്തെവിടെയിരുന്നും ലഭ്യമാകുന്ന തരത്തിലാണ് ഇവയെ ഡിജിറ്റലൈസ് ചെയ്യുന്നത്.
1670 മുതൽ 1790 വരെയുള്ള 35 വാല്യങ്ങൾ ഇതിനോടകം തമിഴ്നാട് ആർക്കൈവ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ ഡിജിറ്റൽ കോപ്പികൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും; www.digitamilnaduarchives.tn.inAttachment.png.
തമിഴ്നാടിന്റെ കൊളോണിയൽ ചരിത്രവും അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളുടെയും രേഖകൾ വരുംതലമുറയ്ക്കായി സൂക്ഷിക്കുക എന്നതാണ് ഗവൺമെന്റ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.


