'സജി ചെറിയാനെ പോലും ഞങ്ങൾ അംഗീകരിച്ചു എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?', വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം- ശാരദക്കുട്ടി
text_fieldsകോഴിക്കോട്: സാസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടി എഴത്തുകാരി ശാരദക്കുട്ടി. വലിയ ഔദാര്യം ചെയ്തതിന്‍റെ അധികാര ഭാവത്തോടെയാണ് സജി ചെറിയാൻ സംസാരിക്കുന്നതെന്നും ശാരദക്കുട്ടി ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി പ്രേംകുമാറിനെ തെരഞ്ഞെടുത്തതും വേടനെ ചലച്ചിത്ര പുരസ്ക്കാരത്തിന് പരിഗണിച്ചതുമായി ബന്ധപ്പെട്ടും സജി ചെറിയാൻ നടത്തിയ പ്രതികരണങ്ങൾ അധികാരത്തിന്‍റേയും ഔദാര്യത്തിന്‍റേയും ചുവയുള്ള പ്രയോഗങ്ങളായിരുന്നുവെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കിയത് വേറെ നടന്മാരില്ലാഞ്ഞിട്ടല്ലല്ലോ, വേടനെ പോലും അംഗീകരിചചു എന്നീ പ്രതികരണങ്ങൾ വ്യാപകമായ പ്രതിഷേധം വളിച്ചുവരുത്തിയിരുന്നു. ഇവയെല്ലാം തങ്ങളുടെ ഔദാര്യമാണെന്ന് വരുത്തിതീർക്കാനായിരുന്നു സജി ചെറിയാൻ ശ്രമിച്ചത്.
സാംസ്കാരികമന്ത്രിയാക്കിയത് വേറെ കൊള്ളാവുന്നവരില്ലാഞ്ഞിട്ടല്ല എന്ന് സ്ഥാനം തന്നവർ അധികാരഭാഷയിൽ പറഞ്ഞാൽ അതിനർഥം എന്തായിരിക്കും? 'സജി ചെറിയാനെ പോലും ഞങ്ങളംഗീകരിച്ചു ' എന്ന് കൂടി പറഞ്ഞാലോ എന്തായിരിക്കും എന്നു അവർ ചോദിച്ചു.
സ്വന്തം ദേഹത്തു നുള്ളിയാലേ നോവറിയൂ എന്നും ശാരദക്കുട്ടി പറഞ്ഞു.
ഫേസ് ബുക് പോസ്റ്റിന്‍റെ പൂർണരൂപം-
മന്ത്രി സജി ചെറിയാൻ്റെ സംസാരഭാഷയിലെ സൂക്ഷ്മതയില്ലായ്മ ഇതാദ്യമായല്ല വിവാദമാകുന്നത്.
രണ്ടു ദിവസം മുൻപ് കേട്ടത് ഇതാണ്. 'പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കിയത് വേറെ നടന്മാരില്ലാഞ്ഞിട്ടല്ലല്ലോ''
'വേടനെ പോലുംഅംഗീകരിച്ചു' എന്നതാണ് ഇന്ന് കേട്ടത്.
ഇത് രണ്ടിലും ഒരു വലിയ ഔദാര്യം ചെയ്തതിൻ്റെ അധികാരഭാവമുണ്ട്.
അംഗീകാരമല്ല, ഔദാര്യമാണ് എന്ന ധ്വനി വരുത്തി കൊണ്ടുള്ള നിന്ദാസംഭാഷണമാണത് .
'സാംസ്കാരികമന്ത്രിയാക്കിയത് വേറെ കൊള്ളാവുന്നവരില്ലാഞ്ഞിട്ടല്ല'' എന്ന് സ്ഥാനം തന്നവർ അധികാരഭാഷയിൽ പറഞ്ഞാൽ അതിനർഥം എന്തായിരിക്കും? 'സജി ചെറിയാനെ പോലും ഞങ്ങളംഗീകരിച്ചു ' എന്ന് കൂടി പറഞ്ഞാലോ?
സ്വന്തം ദേഹത്തു നുള്ളിയാലേ നോവറിയൂ.
അപമാനത്തിൻ്റെ ഒരു പുളച്ചിൽ തോന്നിയോ? അതൊക്കെത്തന്നെ പ്രേംകുമാറിനും വേടനും തോന്നും. ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ എല്ലാവരും അറിയണം. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പ്രത്യേകിച്ചും അറിഞ്ഞിരിക്കണം.
പ്രിവിലേജസ് ഉള്ളവരുടെ കയ്യിൽ ഭാഷ ചില അഹങ്കാരക്കളികൾ കളിക്കുന്നതിനുദാഹരണമാണ് മന്ത്രിയുടെ ഈ രണ്ടു വാചകങ്ങളും


