Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സ്ത്രീകളെ...

‘സ്ത്രീകളെ അനാദരിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്’; 'പെദ്ധി' വിവാദങ്ങളിൽ സംവിധായകൻ

text_fields
bookmark_border
‘സ്ത്രീകളെ അനാദരിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്’; പെദ്ധി വിവാദങ്ങളിൽ സംവിധായകൻ
cancel
camera_alt

ബുച്ചി ബാബു സന

രാം ചരൺ നായകനായെത്തിയ പുതിയ ചിത്രം 'പെദ്ധി'യിലെ ജാൻവി കപൂറിന്റെ കഥാപാത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. ചിത്രത്തിലെ സ്ത്രീവിരുദ്ധമായ രംഗങ്ങളും കാമറ ആംഗിളുകളും വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ജാൻവി കപൂറിന്റെ കഥാപാത്രത്തെ ചിത്രീകരിച്ച രീതിയും റൊമാൻസ് ട്രാക്കും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

പെദ്ധി എന്ന കഥാപാത്രം വളർന്നുവന്ന പശ്ചാത്തലവും സാഹചര്യവും കണക്കിലെടുത്ത് അയാളുടെ സ്വഭാവം കുറച്ചുകൂടി റോ ആയി കാണിക്കാനാണ് താൻ ശ്രമിച്ചതെന്ന് സംവിധായകൻ ബുച്ചി ബാബു സന പറയുന്നു. നഗരങ്ങളിലെ പരിഷ്കൃതമായ അന്തരീക്ഷത്തിലല്ല, മറിച്ച് ഒറ്റപ്പെട്ട ഉൾനാടൻ ഗ്രാമങ്ങളിലാണ് പെദ്ധി വളരുന്നത്. അവിടുത്തെ ജീവിതസാഹചര്യങ്ങൾ കഠിനമാണ്, അവിടെ പെരുമാറ്റരീതികളും അല്പം പരുക്കനാണ്.

താൻ സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന, അല്പം പരുക്കനായ ഒരു ഗ്രാമീണ യുവാവിന്റെ മാനസികാവസ്ഥയാണ് ആ ട്രാക്കിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ, ഈ ഉദ്ദേശ്യം സിനിമയിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് അത് അസ്വീകാര്യമായി തോന്നി. സ്ത്രീകളെ അനാദരിക്കുന്ന തരത്തിലുള്ള രംഗങ്ങൾ പ്രേക്ഷകരുടെ വികാരം മാനിച്ച് ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്’ ബുച്ചി ബാബു വ്യക്തമാക്കി.

ജൂൺ 4ന് റിലീസ് ചെയ്ത 'പെദ്ധി' എന്ന ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന കഥാപാത്രം പലയിടങ്ങളിലും അനാവശ്യമായി ലൈംഗികവൽക്കരിക്കപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ഒരു രംഗത്ത് നായകനായ രാം ചരൺ നായികയുടെ കണ്ണുകളെക്കുറിച്ച് വാഴ്ത്തുമ്പോൾ കാമറ കാണിക്കുന്നത് അവളുടെ ശരീരഭാഗങ്ങളെയാണ്. ഇത്തരം ഷോട്ടുകൾ കഥാപാത്രത്തിന്റെ വ്യക്തിത്വത്തേക്കാൾ ഉപരി അവളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിക്കുന്നതാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, നായികയുടെ സമ്മതമില്ലാതെ നായകൻ അവളെ ചുംബിക്കുന്നതും, അത്തരമൊരു പ്രവൃത്തിയെ റൊമാന്റിക് ആയി ചിത്രീകരിക്കുന്നതും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. നായികക്ക് സ്വന്തമായി ഒരു കഥാപാത്ര വികസനമോ, ആഖ്യാനത്തിൽ വലിയ പങ്കോ ഇല്ലാത്തത് ചിത്രത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതായും അഭിപ്രായമുണ്ട്.

ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിക്കുന്നതിനേക്കാൾ ഉപരി, ഒരു വലിയ ലക്ഷ്യത്തോടെയാണ് സംവിധായകൻ ബുച്ചി ബാബു സന ‘പെദ്ധി’ എന്ന ചിത്രം ഒരുക്കിയത്. ഉപ്പട തീരത്ത് സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ അനായാസമായി നീന്തുന്ന ഒരു മത്സ്യത്തൊഴിലാളിയെ കണ്ടപ്പോഴാണ് ഈ സിനിമയുടെ ആശയം സംവിധായകന്റെ മനസ്സിൽ ഉദിക്കുന്നത്. ‘ഈ മനുഷ്യന് ശരിയായ പരിശീലനം ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഒളിമ്പിക്സിൽ മെഡൽ നേടാൻ കഴിയുന്ന ഒരു അത്‌ലറ്റ് ആകുമായിരുന്നു’ എന്ന തിരിച്ചറിവാണ് ‘പെദ്ധി’ യുടെ അടിത്തറ.

2017-18 കാലയളവിൽ ആരംഭിച്ച 'ഖേലോ ഇന്ത്യ'യിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്ന് ബുച്ചി ബാബു പറയുന്നു. സാധാരണ ഗ്രാമീണ ഭവനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കായിക പ്രതിഭകളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. രാം ചരൺ ഈ സിനിമയുമായി സഹകരിക്കാൻ പ്രധാന കാരണം ഇതൊരു സാധാരണ വാണിജ്യ ചിത്രമല്ല, മറിച്ച് പ്രചോദനാത്മകമായ ഒരു കഥയാണെന്ന തിരിച്ചറിവാണ്.

Show Full Article
TAGS:celebrity news Entertainment News Ram Charan Janhvi Kapoor Misogyny 
News Summary - Buchi Babu cuts controversial Janhvi Kapoor scenes from Peddi
Next Story