അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം നേടി ‘അൽ മജ്ഹൂൽ’
text_fields‘അൽ മജ്ഹൂൽ’ ഹ്രസ്വചിത്രത്തിൽ നിന്ന്
മസ്കത്ത്: മുഹമ്മദ് അൽ കിന്ദി സംവിധാനം നിർവഹിച്ച ഒമാനി ഹ്രസ്വചിത്രം ‘അൽ മജ്ഹൂൽ’ (അജ്ഞാതൻ) രാജ്യത്തിലും രാജ്യാന്തരതലത്തിലും ശ്രദ്ധ നേടി. 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന് അൽ ബാത്തിന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2025ലെ ‘ഫെസ്റ്റിവൽ ഐഡന്റിറ്റി’ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഇന്ത്യയിൽ നടന്ന ഏഷ്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
കൂടാതെ ബാഗ്ദാദ് ഫിലിം ഫെസ്റ്റിവലിലും സാംബിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും പ്രദർശനത്തിന് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1960കളിലെ ഒമാനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു ബാലനെ കാണാതാവുന്നതിനെ ആസ്പദമാക്കിയാണ് കഥ നീങ്ങുന്നത്. അൽ ഹംറ, ആദം, സൂർ എന്നിവിടങ്ങളിലെ മണൽത്തിട്ടകളിലും വാടികളിലും ദിനങ്ങളോളം നടത്തിയ തിരച്ചിലിനുശേഷവും ബാലനെ കണ്ടെത്താനാകാതെ ഗ്രാമം അഭ്യൂഹങ്ങളിൽ മുങ്ങിപ്പോകുന്നു.
‘ചിത്രം ഒരു ബാലനെ തേടുന്ന യാത്ര മാത്രമല്ല, അത് അർഥവും ധൈര്യവും സ്വാതന്ത്ര്യവും തേടുന്ന മനുഷ്യരുടെ യാത്രയാണെന്ന് സംവിധായകൻ മുഹമ്മദ് അൽ കിന്ദി പറഞ്ഞു. ആറുദിവസങ്ങൾ കൊണ്ടാണ് ചിത്രം ചിത്രീകരിച്ചത്. എഡിറ്റിങ്ങും കിന്ദി തന്നെ നിർവഹിച്ചു. ഒമാന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ചേർന്ന സിനിമാറ്റോഗ്രഫിയാണ് ചിത്രത്തിന്റെ ആകർഷണീയത.


