മോഹൻലാൽ ആരാധകർ അസ്വസ്ഥരാണ്; മേജർ രവിക്കെതിരായ ബഹിഷ്‍കരണ ആഹ്വാനത്താൽ നിറഞ്ഞ് എക്സ്
text_fieldsമേജർ രവി തന്റെ പുതിയ ചിത്രമായ പഹൽഗം ഔദ്യോഗികമായി പ്രഖ്യാപിച്ചതുമുതൽ മോഹൻലാൽ ആരാധകർ അസ്വസ്ഥരാണ്. ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്ന അഭ്യൂഹങ്ങൾ താരത്തിന്‍റെ ആരാധകർക്കിടയിൽ അതൃപ്തിക്ക് കാരണമായി. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബോയ്ക്കോട്ട് മേജർ രവി (#BoycottMajorRavi) എന്ന ഹാഷ്‌ടാഗിൽ എക്സിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. മോഹൻലാൽ മേജർ രവിയുമായി വീണ്ടും ഒന്നിക്കുന്നതിൽ നിരവധി ഉപയോക്താക്കൾ നിരാശ പ്രകടിപ്പിച്ചു.
2025ലെ പഹൽഗാം ഭീകരാക്രമണത്തെയും തുടർന്നുള്ള ഇന്ത്യൻ സൈനിക നടപടിയെയും ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാക്കളുടെ വിവരങ്ങൾ നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മോഹൻലാൽ നായകനാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേയ് മാസത്തിൽ ഇരുവരും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് സൂചന നൽകുന്ന പ്രസിഡൻഷ്യൽ മൂവീസിലെ അനുപ് മോഹന്‍റെ പോസ്റ്റിനെ തുടർന്നാണ് ഊഹാപോഹങ്ങൾക്ക് ശക്തി കൂടിയത്.
ഒരു വിഭാഗം ആരാധകർ വാർത്തയോട് ശക്തമായി പ്രതികരിച്ചു. 'ലാലേട്ടൻ-മേജർ രവി ചിത്രത്തിന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ വിമർശനം പുറത്തുനിന്നല്ല ആരാധകവൃന്ദത്തിനുള്ളിൽ നിന്നാണ്. ഒട്ടും അതിശയിക്കാനില്ല' -എന്നാണ് ഒരാൾ എഴുതിയത്. 'വരാനിരിക്കുന്ന രവി-മോഹൻലാൽ സിനിമ തിയറ്ററുകളിൽ കാണേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്റെ ടൈംലൈനിൽ അതുമായി ബന്ധപ്പെട്ട ഒരു പ്രീ-റിലീസ് ഉള്ളടക്കവും പങ്കിടുകയോ പ്രൊമോട്ട് ചെയ്യുകയോ ചെയ്യില്ല. മോഹൻലാലിന്‍റെ സുഹൃത്തുക്കളിൽ രവി എക്കാലത്തെയും മോശം വ്യക്തിയാണെന്ന് തെളിഞ്ഞു' -എന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.
സംവിധായകന്റെ ശൈലിയിലും ചിലർ നിരാശ പ്രകടിപ്പിച്ചു. പണം ചെലവഴിച്ച് മോശം സിനിമ കാണാൻ ടിക്കറ്റ് വാങ്ങാൻ കഴിയില്ലെന്നാണ് മറ്റൊരാൾ എഴുതിയത്. മോഹൻലാൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണെന്നും എന്നാൽ മേജർ രവിയുമായുള്ള ചിത്രം മോശം ഘട്ടത്തിലേക്ക് നയിക്കുമെന്നും എക്സ് പോസ്റ്റുകൾ പറയുന്നു. മോഹൻലാലിന് തങ്ങളോട് സ്നേഹമുണ്ടെങ്കിൽ മേജർ രവിയുമായി സിനിമ ചെയ്യരുതെന്ന് ആരാധകർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
വിരമിച്ച ആർമി ഓഫിസറായ മേജർ രവി സൈനിക പ്രമേയമുള്ള സിനിമകളിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കീർത്തിചക്ര, മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. എന്നാൽ അതിന് ശേഷമുള്ള കുരുക്ഷേത്ര, കാണ്ഡഹാർ, കർമ യോദ്ധ, 1971: ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ അവരുടെ പിന്നീടുള്ള കൂട്ടുകെട്ടുകൾക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കൂടുതലും മോശം പ്രതികരണങ്ങളാണ് ലഭിച്ചത്.


