'പിതാവ് സുഖം പ്രാപിച്ചു വരികയാണ്'; ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ തള്ളി ഇഷ ഡിയോൾ
text_fieldsമുംബൈ: നടൻ ധർമേന്ദ്രയുടെ അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിന്റെ മകളും നടിയുമായ ഇഷ ഡിയോൾ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
'മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതതായി അറിയുന്നു. എന്‍റെ പിതാവിന്‍റെ ആരോഗ്യാവസ്ഥ സുഖം പ്രാപിച്ചു വരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നു. പപ്പ വേഗം തന്നെ സുഖം പ്രാപക്കാനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു' - എന്ന് ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ ഇഷ ഡിയോൾ പറഞ്ഞു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി, മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, പേരക്കുട്ടികളായ കരൺ, രാജ് വീർ ഡിയോൾ എന്നിവർ ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.
'ധരം ജിയെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങൾ എല്ലാവരും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിനായി എല്ലാവരും പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്നു.'- ഹേമമാലിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
1960-ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര അരങ്ങേറ്റം കുറിച്ചത്. 1960-കളില്‍ 'അന്‍പഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവന്‍ ഝൂം കെ' തുടങ്ങിയ സിനിമകളില്‍ സാധാരണവേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് 'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറി.
ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25ന് പുറത്തിറങ്ങും.
(ദേശീയമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിൽ നിർവ്യാജം ഖേദിക്കുന്നു.)


