ദുൽഖർ സൽമാന്‍റെ 'കാന്ത' നിയമക്കുരുക്കിലേക്ക്; റിലീസ് തടയണമെന്ന് ആവശ്യപ്പട്ടുളള ഹരജി കോടതിയിൽ
text_fieldsനടൻ ദുൽഖർ സൽമാന്‍റെ വരാനിരിക്കുന്ന പീരീയഡ് ഡ്രാമ ചിത്രം 'കാന്ത' നിയമക്കുരുക്കിൽ. നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമക്കെതിരെ മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപ്പിക്കപ്പെടുന്നത്. തമിഴ് നടനും സംഗീതജ്ഞനുമായ ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചത്.
ലൈവ് ലോ റിപ്പോർട്ട് അനുസരിച്ച് ബി. ത്യാഗരാജൻ എന്ന വ്യക്തിയാണ് കോടതിയിൽ ഹരജി നൽകിയത്. ഐ.കെ.ടി എന്നറിയപ്പെടുന്ന ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുളള വ്യക്തിയായും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന നാളുകളിൽ ദാരിദ്രത്തിൽ കഴിഞ്ഞതായും ചിത്രീകരിച്ചതായി ഹരജിക്കാരൻ ആരോപിക്കുന്നു.
ഇവ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ യശസ്സിന് കോട്ടം തട്ടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ബി. ത്യാഗരാജൻ ഹരജി ഫയൽ ചെയ്തത്. 1959ൽ മരിക്കുന്നത് വരെ അദ്ദേഹം മാന്യമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ഹരജിയിൽ പറയുന്നു.
സിനിമയുടെ അണിയറപ്രവർത്തകർ ഭാഗവതരുടെ നിലവിലെ അവകാശികളിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന്‍റെ റിലീസ്, വിതരണം, ഭാവിയിലെ സ്ട്രീമിങ് അവകാശങ്ങൾ എന്നിവക്ക് സ്ഥിരം വിലക്ക് ഏർപ്പെടുത്തണമെന്നും അപകീർത്തിപ്പെടുത്തലിനും വ്യക്തിപരമായ അവകാശലംഘനത്തിനും നടപടി വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ദുൽഖർ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബി. ത്യാഗരാജൻ കോടതിയിൽ നൽകിയ ഹരജിയിൽ സിനിമയുടെ അണിയറപ്രവർത്തകരും നിർമാണ ടീമും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത പിരിയഡ് ഡ്രാമ ചിത്രത്തിൽ റാണദഗ്ഗുബതി, ദുൽഖർ സൽമാൻ എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുളളത്. നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്‍റെ കഥാതന്തു. സമുദ്രക്കനി, ഭാഗ്യ ശ്രി ബോർസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


