നവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങൾ
text_fieldsനവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങളാണ്. മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ്, ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായ പൊയ്യ മൊഴി, സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത അവിഹിതം, സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന കപ്ലിങ് എന്നിവയാണവ.
1. ഇൻസ്പെക്ഷൻ ബംഗ്ലാവ്
മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ-5ലാണ് റിലീസ് ചെയ്യുന്നത്. ശബരീഷ് വർമ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സീരീസ് 2025 നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും. സബ് ഇൻസ്പെക്ടർ വിഷ്ണുവിന്റെ കഥയാണ് ഇൻസ്പെക്ഷൻ ബംഗ്ലാവ് പറയുന്നത്. തദ്ദേശവാസികൾ ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന് വിളിക്കുന്ന ഉപേക്ഷിക്കപ്പെട്ട സർക്കാർ സ്ഥലത്തേക്ക് തന്റെ പൊലീസ് സ്റ്റേഷൻ മാറ്റാൻ അദ്ദേഹം നിയോഗിക്കപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സീരീസിൽ. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന പരമ്പര വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായരാണ് നിർമിക്കുന്നത്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്.
2. പൊയ്യ മൊഴി
ജാഫർ ഇടുക്കിയും പുതുമുഖം നഥാനിയേൽ മടത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലർ ചിത്രമാണ് പൊയ്യ മൊഴി. സുധി അന്നയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെയ്‌സൺ എന്ന വ്യക്തിയെ ഇടതൂർന്ന വനത്തിലൂടെ വഴികാട്ടുന്ന പൊയ്യ മൊഴി എന്നയാളെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. എന്നാൽ, പൊയ്യ മൊഴി യഥാർത്ഥത്തിൽ തന്റെ അടുത്ത ഇരയെ തേടുന്ന ഒരു വേട്ടക്കാരനാണെന്ന് വെളിപ്പെടുത്തുന്നതോടെ കാര്യങ്ങൾ ഉദ്വേഗഭരിതമാകുന്നു. അതിനുശേഷം, ഇരുവരുടെയും മാനസികാവസ്ഥയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന ഒരു ആകർഷകമായ പിന്തുടരലാണ് സിനിമ. ചിത്രം മനോരമ മാക്സിലൂടെ ചിത്രം നവംബർ 14ന് സ്ട്രീമിങ് ആരംഭിക്കും.
3. അവിഹിതം
തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി ഒരു മാസത്തിന് ശേഷം 'അവിഹിതം' ഒ.ടി.ടിയിൽ എത്താനൊരുങ്ങുന്നു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രം നവംബർ 14 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അവിഹിതം സ്ട്രീം ചെയ്യും. ചുരുക്കം ചില തിയറ്ററുകളിൽ മാത്രമായിരുന്നു ചിത്രം പ്രദർശിപ്പിച്ചിരുന്നത്. അതിനാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഉണ്ണിരാജ ചെറുവത്തൂർ, രഞ്ജിത്ത് കങ്കോൽ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ചാക്യാർ, ധനേഷ് കോളിയാട്, രാകേഷ് ഉഷാർ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, ടി ഗോപിനാഥൻ, വൃന്ദ മേനോൻ, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
4. കപ്ലിങ്
'ജൂൺ' ഫെയിം സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് 'കപ്ലിങ്'. ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. പ്രണയബന്ധം വേർപിരിഞ്ഞ ഒരു യുവാവിന്‍റെ കഥയാണ് ഈ സീരിസ്. ചിത്രം മനോരമ മാക്സിലൂടെ ചിത്രം നവംബർ 14ന് സ്ട്രീമിങ് ആരംഭിക്കും. റൊമാന്റിക് കോമഡി വെബ് സീരീസിൽ ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.


