രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: ‘ദിനോസോറിന്റെ മുട്ട മികച്ച ചിത്രം’
text_fieldsരാജ്യാന്തര സ്വതന്ത്ര ചലച്ചിത്ര മേള ഐ.ഇ.എസ്.എഫ്.കെയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദിനോസറിൻ്റെ മുട്ട യുടെ സംവിധായകൻ ശ്രുതിൽ മാത്യുവിന് ഛായാഗ്രാഹനും ജൂറി അംഗവുമായ എ. മുഹമ്മദ് പുരസ്കാരം സമ്മാനിക്കുന്നു
കോഴിക്കോട്: രാജ്യാന്തര സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേളയിൽ (ഐ.ഇ.എസ്.എഫ്.കെ) കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ദിനോസോറിന്റെ മുട്ട മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അര ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. ശ്രുതിൽ തന്നെയാണ് മികച്ച സംവിധായകനും. ലക്ഷ്മി മോഹൻ സംവിധാനം ചെയ്ത ഹാഫ് ഓഫ് എവരിതിങ് സിനിമയ്ക്കാണ് പ്രേക്ഷക അവാർഡ്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. റഷ്യൻ ചിത്രമായ ലിറ്റിൽ ഫാക്ട്, മലയാള സിനിമയായ എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്വാസ് വീ ആർ ഡൂംഡ് എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം ഉണ്ട്.
എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ സംവിധായകൻ അതുൽ കിഷൻ ആണ് മികച്ച തിരക്കഥാകൃത്തും എഡിറ്ററും. ദിനോസോറിന്റെ മുട്ടയുടെ ഛായാഗ്രാഹക ഭവ്യാ രാജ് ആണ് മികച്ച സിനിമാട്ടോഗ്രാഫർ.
ഉണ്മയ് എന്ന മറാത്തി സിനിമയിലൂടെ ദേവേഷ് കൻസെ മികച്ച സൗണ്ട് ഡിസൈനറായും നെമെസിസ് എന്ന തുർക്കി സിനിമയിലൂടെ വാൾഡർ മാർട്ടിനസ് മികച്ച സംഗീത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
സൈലൻറ് പോർട്രൈറ്റ്സ് സിനിമയിലൂടെ ഗാർഗി അനന്തനും ഹാഫ് ഓഫ് എവരിതിങ് സിനിമയിലൂടെ ദേവി വർമ്മയും മികച്ച അഭിനേതാവിനുള്ള അവാർഡ് പങ്കിട്ടു. ഡിയർ ടീച്ചർ സിനിമയിലെ അഭിനയത്തിന് അനഘ പ്രത്യേക പുരസ്കാരത്തിന് അർഹയായി.
സമാപന ചിത്രമായി ഇറാനിയൻ സിനിമ ദി പെൻസിൽ പ്രദർശിപ്പിച്ചു. സമാപന സമ്മേളനത്തിൽ ജൂറി അംഗം മുഹമ്മദ് എ, സംവിധായകൻ രാജേഷ് ജയിംസ്, സംവിധായിക ഐതിഹ്യ അശോക്‌കുമാർ, ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ അർജുൻ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.


