Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരജനി ചിത്രത്തിൽ ഷാരൂഖ്...

രജനി ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇല്ലേ? 'ജയിലർ 2' റിലീസ് ഇനിയും വൈകുമോ?

text_fields
bookmark_border
രജനി ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇല്ലേ? ജയിലർ 2 റിലീസ് ഇനിയും വൈകുമോ?
cancel
camera_alt

രജനീകാന്ത്, ഷാരൂഖ് ഖാൻ

രജനീകാന്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ജയിലർ 2' വീണ്ടും സിനിമാലോകത്ത് ചർച്ചയാകുന്നു. ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും, പുതിയ റിപ്പോർട്ടുകൾ ആരാധകരെ നിരാശയിലാക്കുന്നതാണ്. ഷാരൂഖ് ഖാന്റെ കാമിയോ റോൾ ഒഴിവാക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് വിവരം. നേരത്തെ ചിത്രത്തിൽ ഷാരൂഖ് ഖാന്റെ സാന്നിധ്യം ഉണ്ടാകുമെന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ ഷാരൂഖ് ഖാന്റെ തിരക്കുകൾ മൂലം ഈ അവസരം അദ്ദേഹം ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനു പകരമായി ഹൃത്വിക് റോഷനെ പരിഗണിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ഖാനായി കരുതിവെച്ചിരുന്ന കാമിയോ റോളുകൾ പൂർണ്ണമായും ഒഴിവാക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇതിന്റെ ഭാഗമായി ജൂൺ 8, 9 തിയതികളിൽ രജനീകാന്തുമായുള്ള പാച്ച് വർക്ക് ഷൂട്ടിങ് ചിത്രീകരണങ്ങൾ നടക്കുമെന്നും അറിയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല.

ജയിലർ 2 റിലീസിനെക്കുറിച്ചുള്ള തിയതികളും ചർച്ചയാകുകയാണ്. കൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 4ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചനകൾ. ജൂലൈയിൽ റിലീസ് ചെയ്യാനിരുന്ന സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്', സൂരിയുടെ 'മണ്ഡാടി' എന്നീ ചിത്രങ്ങൾ ആഗസ്റ്റിലേക്ക് മാറ്റാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബർ റിലീസിന് വലിയ പ്രാധാന്യമാണുള്ളത്. ഇതെക്കുറിച്ചുള്ള അന്തിമ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

ഏപ്രിലിൽ തന്നെ 'ജയിലർ 2'ന്റെ ഷൂട്ടിങ് പൂർത്തിയായതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചിരുന്നു. കേക്ക് മുറിച്ച് അണിയറപ്രവർത്തകർ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടയിലാണ് ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പ് ഇന്റർനെറ്റിൽ ചോർന്നത്. ഈ സംഭവം നിർമാതാക്കളെ വലിയ തോതിലാണ് പ്രതിസന്ധിയിലാക്കിയത്. ചോർന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി സൺ പിക്ചേഴ്സ് രംഗത്തെത്തി.

‘വിഡിയോ പ്രചരിപ്പിക്കുന്നവർക്കും അത് ഷെയർ ചെയ്യുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടുകയോ നിയന്ത്രണങ്ങൾ വരികയോ ചെയ്താൽ അതിന് പ്രൊഡക്ഷൻ ഹൗസ് ഉത്തരവാദിയല്ല’ എന്ന് പ്രൊഡക്ഷൻ ഹൗസ് കർശനമായി വ്യക്തമാക്കി. ആന്റി-പൈറസി ടീം ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

രജനീകാന്തിന്റെ മാസ് പ്രകടനത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. അനിശ്ചിതത്വങ്ങൾക്കിടയിലും ചിത്രം വലിയൊരു ബോക്സ് ഓഫീസ് വിജയമായിരിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

Show Full Article
TAGS:Jailer 2 Rajinikanth Shah Rukh Khan sun pictures Release Date 
News Summary - Jailer 2: Shah Rukh Khan’s Cameo To Be Removed From Rajinikanth Starrer?
Next Story