സൈലൻറ് വാലിയിൽ 109 ഇനം തുമ്പികൾ
text_fields1. വയനാടൻ അരുവിയൻ 2. നീലക്കഴുത്തൻ നിഴൽ 3. ചൂടൻ പെരുംകണ്ണൻ. 4. പുള്ളിവാലൻ ചോലക്കടുവ 5. നിഴൽ കോമരം 6. മഞ്ഞക്കറുപ്പൻ മുളവാലൻ
അലനല്ലൂർ: വനം-വന്യജീവി വകുപ്പും സൊസൈറ്റി ഫോർ ഒഡോണെറ്റ് സ്റ്റഡീസും സംയുക്തമായി നടത്തിയ തുമ്പി സർവേയിൽ ആറിനം തുമ്പികളെ കണ്ടെത്തി. ഇതോടെ സൈലൻറ് വാലിയിൽനിന്ന് ഇതുവരെ കണ്ടെത്തിയ തുമ്പികളുടെ എണ്ണം 109 ആയി. പുള്ളിവാലൻ ചോലക്കടുവ, ചൂടൻ പെരുംകണ്ണൻ, നിഴൽ കോമരം, നീലക്കഴുത്തൻ നിഴൽ തുമ്പി, വയനാടൻ അരുവിയൻ, മഞ്ഞക്കറുപ്പൻ മുളവാലൻ എന്നിവയെയാണ് പുതുതായി കണ്ടെത്തിയത്.
ശുദ്ധജലസൂചകങ്ങളായ അരുവിയൻ തുമ്പികളുടെ സാന്നിധ്യം പ്രദേശത്തെ അരുവികളുടെ ഭദ്രമായ സ്ഥിതി ഉറപ്പിക്കുന്നതാണെന്ന് സർവേ സംഘം വിലയിരുത്തി. പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളിൽ മാത്രം കാണുന്ന കാട്ടുമുളവാലൻ തുമ്പിയെ കണ്ടെത്താനായത് നേട്ടമായി.
സൈലൻറ് വാലി ദേശീയ പാർക്ക് ഡെപ്യൂട്ടി ഡയറക്ടർ കെ. അരുൾശെൽവൻ, റേഞ്ച് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു, ഭവാനി റേഞ്ച് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ എൻ. ഗണേഷൻ, ഡോ. സുജിത്ത് വി. ഗോപാലൻ, സൊസൈറ്റി ഫോർ ഒഡോണെറ്റ് സ്റ്റഡീസ് സെക്രട്ടറി രഞ്ജിത് ജേക്കബ് മാത്യൂസ്, ഡോ. വിവേക് ചന്ദ്രൻ, മുഹമ്മദ് ശരീഫ്, റെജി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 37 സന്നദ്ധ പ്രവർത്തകരും സർവേയിൽ പങ്കാളികളായി. വടക്കൻ അരുവിയൻ, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ അരുവിയൻ എന്നീ അരുവിയൻ തുമ്പികളെയും സർവേയിൽ കണ്ടെത്തിയിരുന്നു.


