ഷാർജ അന്താരാഷ്ട്ര പുസ്തകമേള: വായനയുടെ അമരത്വം
text_fieldsനാലു പതിറ്റാണ്ടിലേറെ കാലമായി വായന പ്രേമികൾക്ക് അക്ഷരങ്ങളുടെ വിളക്കുമാടമായി നിലകൊള്ളുകയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. മുത്തു പെറുക്കലും മത്സ്യബന്ധനവുമൊക്കെയായി നാടോടി ജീവിതം നയിച്ച ജനതയുടെ സാംസ്കാരിക ഉന്നമനത്തിന് വായനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ദിഷണാശാലിയായ ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിൽ പിറവി കൊണ്ട ഈ മഹാമേള ഇന്ന് സാഹിത്യ ലോകത്ത് ഏറ്റവും പ്രശസ്തമായ സാംസ്കാരിക സംഗമമായി മാറിയിരിക്കുകയാണ്.
ലോകത്തിന്‍റെ നാനാ ഭാഗത്തുള്ള പുസ്തക പ്രേമികളെ ഒരുമിച്ച് കൂട്ടുന്ന മഹാമേളയിലൂടെ സർഗാത്മക ലോകത്തേക്ക് കടന്നുവന്നത് അനേകം പേരാണ്. ഡിജിറ്റൽ യുഗത്തിൽ വായന മരിക്കുന്നുവെന്ന് പരിഹസിക്കുന്നവർക്കുള്ള മനോഹരമായ മുറപടി കൂടിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ 1982ൽ ആണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനത്ത് തുടക്കം കുറിക്കുന്നത്. അന്ന് മേളയിൽ പ്രദർശകരായി എത്തിയിരുന്നത് വിരലിൽ എണ്ണാവുന്ന പ്രസാധർ മാത്രമായിരുന്നു.
പക്ഷെ, അവരെ നിരാശപ്പെടുത്താൻ സുൽത്താൻ ഒരുക്കമായിരുന്നില്ല. മേളയിൽ പ്രദർശനത്തിന് വെച്ച പുസ്തകങ്ങളെല്ലാം ശൈഖ് സുൽത്താൻ തന്നെ വാങ്ങി എമിറേറ്റിലുടനീളമുള്ള ലൈബ്രറികൾക്ക് സമ്മാനിക്കുകയായിരുന്നു. കാരണം തന്‍റെ ജീവിതത്തിൽ നിന്ന് അക്ഷരങ്ങളെ മാറ്റി നിർത്താൻ സുൽത്താൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ സാഹിത്യത്തെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന സുൽത്താന്‍റെ നിശ്ചദയാർഢ്യത്തിന്‍റെ വിജയ കഥ കൂടിയാണ് 44ാമത് എഡിഷനിൽ എത്തി നിൽക്കുന്ന, ലോകത്തെ മഹാമേളയായി മാറിയിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള.
ഈ വർഷം 118രാജ്യങ്ങളിൽ നിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. 66രാജ്യങ്ങളിൽ നിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750കുട്ടിൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും.
മലയാളത്തിൽ നിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ്കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചിന്ത മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഗ്രീസാണ് അതിഥി രാജ്യം. പോയട്രി ഫാർമസി, പോപ് അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടും. എട്ട് ഭാഷകളിലായി സായാഹ്ന കവിതാ സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.
റൈറ്റേഴ്സ് ഫോറത്തിൽ ഇത്തവണയും മലയാളികളുടേത് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പല സമയങ്ങളിലായി പ്രകാശനം ചെയ്യപ്പെടും. കുക്കറി കോർണറിൽ ലോകമെമ്പാടുമുള്ള 14 ഷെഫുമാർ നേതൃത്വം നൽകുന്ന 35 തത്സമയ കുക്കറി ഷോ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും. സർഗാത്മകമായ കഴിവുകളുടെ സംഗമ ഭൂമിയായി അടുത്ത വർഷവും തുടരുമെന്ന വാഗ്ദാനവുമായി നവംബർ 16ന് ഈ വർഷത്തെ മേളക്ക് കൊടിയിറങ്ങും.


