സാമ്പത്തിക വ്യവസ്ഥയെ പരിഷ്കരിക്കുന്ന ഇന്ത്യയുടെ പുതിയ ലേബർ കോഡ്
text_fieldsവിനോദ് കെ. ജേക്കബ്
ഇന്ത്യൻ അംബാസഡർ, ബഹ്റൈൻ
ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയെ ആധുനീകരിക്കുന്നതിനായി ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി സുപ്രധാന പരിഷ്കാരങ്ങളാണ് രാജ്യം നടപ്പാക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായി, നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ (പ്രധാനമായും 1950കൾക്ക് മുമ്പുള്ളവ) ലയിപ്പിച്ചുകൊണ്ട് നാല് പുതിയ ലേബർ കോഡുകൾ ഇന്ത്യൻ സർക്കാർ നവംബർ അവസാനത്തോടെ പ്രഖ്യാപിച്ചിരുന്നു. വേതനം, വ്യവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ-ആരോഗ്യം-ജോലി സാഹചര്യങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് പ്രധാനപ്പെട്ട ലേബർ കോഡുകൾ.
പുതിയ തൊഴിൽ നിയമപരിഷ്കാരങ്ങൾ പ്രധാനമായും നാല് മേഖലകളിലാണ് ഗുണം ചെയ്യുക. 2015ൽ ഏകദേശം 19% തൊഴിലാളികൾക്ക് ഉണ്ടായിരുന്ന സാമൂഹികസുരക്ഷാ പരിരക്ഷ 2025ഓടെ 64 ശതമാനത്തിലധികം ആയി വർധിച്ചത് ഈ നിയമങ്ങളോടെ ശക്തിപ്പെടും. ഈ ലേബർ കോഡുകൾ തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീകൾ, യുവജനങ്ങൾ, അസംഘടിത, ഗിഗ്, കുടിയേറ്റ തൊഴിലാളികൾ എന്നിവരെ തൊഴിൽ ഗവേർണൻസിന്റെ പ്രധാന ഭാഗത്ത് ഉൾപ്പെടുത്തും. പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ കുറക്കുന്നതിലൂടെയും ലളിതമായ, ആധുനിക തൊഴിൽ ക്രമീകരണങ്ങൾ സാധ്യമാക്കുന്നതിലൂടെയും ഈ കോഡുകൾ തൊഴിലവസരങ്ങൾ, നൈപുണ്യവികസനം, വ്യവസായ വളർച്ച എന്നിവയെ ഉത്തേജിപ്പിക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സംവിധാനത്തിന്റെയും ഉപയോഗം ലേബർകോഡുകൾ നടപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
'ദേശീയ ഒ.എസ്.എച്ച് ബോർഡ്' സ്ഥാപിക്കുന്നതിലൂടെ എല്ലാ മേഖലകളിലും സുരക്ഷാ നിലവാരം ഏകീകരിക്കാനും ലക്ഷ്യമിടുന്നു.
പുതിയ നിയമങ്ങൾ ഇന്ത്യയിലെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിയമങ്ങൾ ലളിതമാക്കുകയും ഡിജിറ്റൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ എം.എസ്.എം.ഇ കൾക്ക് (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) എളുപ്പത്തിൽ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. അതേസമയം, തൊഴിലാളികൾക്ക് ന്യായമായ വേതനം, അന്തസ്സ്, സംരക്ഷണം എന്നിവയും ഉറപ്പാക്കുന്നു. ‘സബ്കാ സാഥ്, സബ്കാ വികാസ്’ (എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം) എന്ന തത്വങ്ങൾക്കനുസൃതമായി ഇന്ത്യയുടെ എം.എസ്.എം.ഇ ഇക്കോസിസ്റ്റം ശക്തിപ്പെടും. ഇത്, 2047ഓടെ 'വികസിത ഭാരതം' എന്ന കാഴ്ചപ്പാടിന് സംഭാവന നൽകുകയും വികസനത്തിന്റെ നേട്ടങ്ങൾ ഓരോ തൊഴിലാളിയിലും സംരംഭകനിലും എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
2025 സെപ്റ്റംബറിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) ലളിതമാക്കി, അവശ്യവസ്തുക്കൾക്ക് 5% ഉം ഉയർന്ന മൂല്യമുള്ളവക്ക് 18% ഉം നികുതി നിശ്ചയിച്ചുകൊണ്ട് ദ്വിതല ഘടനയിലേക്ക് മാറ്റുകയും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫയലിങ് എളുപ്പമാക്കുകയും ചെയ്തിരുന്നു.
(ലേഖകൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറാണ്. പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരമാണ്.)


