മുഹറഖ് നൈറ്റ്സിന് വൻ ജനപങ്കാളിത്തം
text_fieldsമുഹറഖ് നൈറ്റ്സിൽ നിന്നുള്ള ദൃശ്യം
മനാമ: ബഹ്റൈന്റെ ചരിത്ര പൈതൃക ഫെസ്റ്റിവലായ മുഹറഖ് നൈറ്റ്സിന് വൻ ജനപങ്കാളിത്തം. ഡിസംബർ ഒന്നിന് ആരംഭിച്ച ഫെസ്റ്റിൽ ഇതുവരെ പതിനായിരക്കണക്കിന് പേരാണ് സന്ദർശകരായെത്തിയത്. വാരാന്ത്യ അവധികളായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് കൂടുതൽ പേരെത്തിയത്. കുട്ടികളും സ്ത്രീകളുമടങ്ങിയ സന്ദർശകരാണധികവും. കുടുംബ സന്ദർശകർ ഏറെ ഇഷ്ടപ്പെടുന്ന അനവധി പരിപാടികളും സ്റ്റാളുകളും ആക്ടിവിറ്റികളുമാണ് അതിന് പ്രധാന കാരണം.
സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, യു.എ.ഇ അടക്കം വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും മുഹറഖ് ഫെസ്റ്റിനെത്തുന്നുണ്ട്. നാടൻ കലാരൂപങ്ങളും സമകാലീന പാരമ്പര്യങ്ങളും സമന്വയിപ്പിച്ചുള്ള പ്രദർശനങ്ങൾ, ശിൽപശാലകൾ, സംഗീത പരിപാടികൾ, ദൃശ്യാനുഭവങ്ങൾ, ബഹ്റൈൻ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫുഡ് ഫെസ്റ്റ് എന്നിവയാണ് ഫെസ്റ്റിവൽ വേദികളിൽ ഒരുക്കിയിരിക്കുന്നത്.
'സെലിബ്രേറ്റ് ബഹ്റൈൻ സീസണിന്റെ' ഭാഗമായി നടത്തുന്ന ഈ ഫെസ്റ്റിവൽ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, സംരംഭകർ, ബഹ്റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള സാംസ്കാരിക പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ശനി മുതൽ ബുധൻ വരെ വൈകീട്ട് അഞ്ച് മുതൽ പത്ത് വരെയും വാരാന്ത്യങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ അഞ്ച് മുതൽ രാത്രി 12 വരെയും ഫെസ്റ്റുണ്ടാകും.
പുതിയ തീമുകളിലൂടെയും മികച്ച പ്രദർശനങ്ങളിലൂടെയും ഈ വർഷം കൂടുതൽ വിപുലമായ സാംസ്കാരിക പരിപാടികളാണ് ഫെസ്റ്റ് അവതരിപ്പിക്കുന്നത്. ഈ വർഷം ആകെ 560ലധികം പരിപാടികൾ ഫെസ്റ്റിവലിൽ ഉണ്ടാകും. സന്ദർശകർക്കായി സൗജന്യ ഷട്ടിൽ ബസുകൾ, ബോട്ട് യാത്രകൾ, പാർക്കിങ് സൗകര്യങ്ങൾ, പ്രത്യേക ഗോൾഫ് ബഗ്ഗി സർവീസുകൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ആവശ്യമുള്ള പരിപാടികളുടെ വിശദാംശങ്ങൾക്കുമായി www.pearlingpath.bh എന്ന വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളായ @CultureBah, @pearlingpath എന്നിവയും സന്ദർശിക്കാം.


