തെരഞ്ഞെടുപ്പ് ചൂട് കാലം ഓർമയിലിപ്പോൾ കുളിർകാലം
text_fieldsതെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവകാലമാണ്. കൊടിതോരണങ്ങൾ, കളർ പോസ്റ്ററുകൾ, രാഷ്ട്രീയഗാനങ്ങൾ, തെരുവ് യോഗങ്ങൾ, സ്ലിപ് വിതരണത്തിന് വീട് തോറും കയറിയിറങ്ങൽ, ചിഹ്നം പഠിപ്പിക്കൽ, സ്ഥാനാർഥിപര്യടനം... അങ്ങിനെ ഒട്ടനവധി ചിത്രങ്ങൾ മനസ്സിന്റെ ഫ്രയിമിയിൽ തെളിഞ്ഞുവരുന്നു.
ഓരോ തെരഞ്ഞെടുപ്പും നാട്ടിൽ നടക്കുമ്പോൾ പ്രവാസപരിസരത്ത് നഷ്ടബോധം നിഴലിക്കുകയാണ്. ഈ വർണോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ നിരാശ ഉള്ളിൽ മുളപൊട്ടും. എന്നാൽ ബഹ്റൈൻ പോലുള്ള രാജ്യത്ത് കെ.എം.സി.സി പ്രവർത്തനങ്ങളുടെ ഭാഗമായത് മുതൽ ഈ നഷ്ടബോധത്തെ കുറെയൊക്കെ കുറക്കാൻ ആവുന്നുണ്ട് എന്നതിൽ സന്തോഷവാനാണ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകളും സംവാദങ്ങളും ടേബിൾ ടോക്കുകളും അത് കഴിഞ്ഞ് വിജയാരവങ്ങളും ഒക്കെ ആകുമ്പോൾ നാടിനെ പ്രവാസപരിസരത്തേക്ക് കൊണ്ടുവരാൻ കഴിയുന്നു എന്നതിൽ ആശ്വസിക്കാം. എന്റെ ഓർമകളിൽ തെരഞ്ഞെടുപ്പ് കാലം ആവേശത്തിന്റെ പൂക്കാലമാണ്. ജീപ്പിൽ മൈക്ക് കെട്ടിയുള്ള അനൗൺസ്മെന്റിലൂടെയാണ് തുടക്കം. മലയാളവാക്കുകൾ പ്രാസം ഒപ്പിച്ചു എഴുതി കനത്ത ശബ്ദത്തിൽ ജീപ്പിന്റെ മുന്നിൽ ഇരുന്ന് അനൗൺസ് ചെയ്ത കാലം. ടൗണുകളിൽ എത്തുമ്പോൾ ജീപ്പ് സ്ലോ ആക്കി അൽപം ഗമയിൽ തല വെളിയിലേക്കിട്ട് എക്കോ ശബ്ദത്തിലൂടെ മുഴങ്ങിയതൊക്കെ ആവേശത്തോടെ ഇപ്പോഴും ഓർത്തെടുക്കുന്നു.
അക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തും പരിസര പഞ്ചായത്തുകളും ഒക്കെ സി.പി.എമ്മിന്റെ ശക്തിദുർഗങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം ഗാനമേളയും അനൗൺസ് മെന്റുമായി പോകുന്ന ഞങ്ങളുടെ ഓരോ വാഹനത്തെയും രണ്ടിൽ കുറയാത്ത ജീപ്പുകളുമായി സി.പി.എം പ്രവർത്തകർ മുന്നിലും പിന്നിലുമായി വളയും. ഞങ്ങളുടെ പ്രചാരണം തടസ്സപ്പെടുത്താൻ. അപ്പോൾ ഉള്ള മുഴുവൻ ശബ്ദവും പുറത്തെടുത്ത് ഉച്ചത്തിൽ അനൗൺസ് മെന്റ് ചെയ്യും. അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കുന്നതിനാൽ വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോകും. അതൊക്കെ ഓർക്കുമ്പോൾ ഇന്ന് ഒരാവേശം. പിന്നീട് സ്ഥാനാർഥി പര്യടന പരിപാടികളിൽ സ്ഥിരം പ്രസംഗികനായി. ഒരു ജീപ്പിൽ സ്ഥാനാർഥി. അതിനു മുന്നിലായി മറ്റൊരു ജീപ്പിൽ ഞങ്ങൾ പ്രാസംഗികർ. അര മണിക്കൂർ ഗ്യാപ്പിൽ സ്ഥാനാർഥി വരുന്നത് വരെ കത്തിക്കയറണം. ഉച്ച ചൂടിന്റെ പൊരിയിൽ വാക്കുകൾക്കും ചൂട് കൂടും. മുന്നിൽ എത്ര പേർ ഇരിക്കുന്നു, നിൽക്കുന്നു എന്നതൊന്നും പ്രശ്നമല്ല. പഠിച്ചതൊക്കെ കെട്ടഴിച്ചുപൊട്ടിക്കണം. അങ്ങനെയും ഒരു കാലം. പിന്നീട് തൊണ്ണൂറ്റി അഞ്ചിൽ നടന്ന ആദ്യത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയോഗമുണ്ടായി. കോഴിക്കോട് ജില്ല എം.എസ്.എഫിന്റ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കവേ ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് എം.എൽ.എയുടെ നിർദേശപ്രകാരം വടകര മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ. കുഞ്ഞമ്മദ് സാഹിബ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വടകര ബ്ലോക്ക് പഞ്ചായത്തിലെ മുട്ടുങ്ങൽ ഡിവിഷനിൽ യു.ഡി.എഫ് പ്രതിനിധിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടകളിൽ ഒന്നായിരുന്നു അന്ന് ഈ ഡിവിഷൻ. എതിർ സ്ഥാനാർഥി ഇടതുമുന്നണിയുടെ രാധാകൃഷ്ണൻ മാസ്റ്റർ. ഓർമ ശരിയാണെങ്കിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു.
സ്ഥാനാർഥിത്വം സ്വീകരിച്ച് ചിഹ്നം അനുവദിക്കപ്പെട്ടപ്പോൾ ഒരു പ്രശ്നം. എനിക്ക് കിട്ടിയത് കുട ചിഹ്നം. ഞാൻ പാർട്ടി നേതാക്കളോട് പറഞ്ഞു മത്സരിക്കുന്നെങ്കിൽ പാർട്ടി ചിഹ്നത്തിൽ മാത്രം. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. നോമിനേഷന്റെ കൂടെ പാർട്ടി നൽകിയ ലെറ്റർ മിസ് ആയതാണ് എന്ന്. ഉടനെ ബ്ലോക്ക് പഞ്ചായത്ത് മുഖ്യ വരണാധികാരി മാത്തോട്ടത്തുള്ള ഡി.എഫ്.ഒയെ നേരിട്ട് കണ്ട് വീണ്ടും ചിഹ്നത്തിന് വേണ്ടിയുള്ള പാർട്ടി കത്ത് സമർപ്പിച്ചു.
കോണി ചിഹ്നവും അനുവദിക്കപ്പെട്ടു. ഒരു കന്നി അങ്കക്കാരൻ എന്ന നിലയിൽ കിട്ടിയ 2900 വോട്ടുകൾ വലിയ അംഗീകാരമായി ഇപ്പോഴും കാണുന്നു. ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു. ഈ സോഷ്യൽ മീഡിയ കാലത്ത് അതൊക്ക ഓർക്കുമ്പോൾ ഒരു സുഖം. ജനാധിപത്യത്തിന്റെ ഈ ഉത്സവം രാജ്യം ഉള്ളിടത്തോളം നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു


