കുടുംബ വിസ ലഭിക്കുന്നതിന്
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
കുടുംബ വിസ ലഭിക്കുന്നതിന്
? ഞാൻ മാസം 500 ദീനാർ ശമ്പളമുള്ള ഒരാളാണ്. എനിക്ക് സ്വകാര്യ കമ്പനിയിലാണ് ജോലി. എന്റെ കുടുംബത്തെ ബഹ്റൈനിൽ കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ എന്തെല്ലാമാണ്. ഭാര്യയെ ഏത് വിസയിലാണ് കൊണ്ടുവരിക. കുടുംബത്തെ കൊണ്ടുവരാൻ മാസം എത്രയാണ് മിനിമം ശമ്പളം വേണ്ടത്.
ബഹ്റൈനിലെ നിലവിലെ നിയമപ്രകാരം, കുടുംബവിസ ലഭിക്കുന്നതിന് അപേക്ഷകന്റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 400 ബഹ്റൈൻ ദീനാർ ആയിരിക്കണം. ഈ തുക സോഷ്യൽ ഇൻഷുറൻസിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കണം. ഈ വിസക്കുള്ള അപേക്ഷ തൊഴിലുടമ മുഖേന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (എൽ.എം.ആർ.എ) സമർപ്പിക്കണം. അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ പകർപ്പ്, അപ്പോസ്റ്റിൽ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് എന്നിവ നൽകേണ്ടതുണ്ട്. കുടുംബാംഗങ്ങൾ ആശ്രിത (Dependant) വിസയിലാണ് രാജ്യത്തേക്ക് വരുന്നത്, അതിനാൽ കുടുംബ വിസയിൽ ഇവിടെയെത്തുന്നവർക്ക് ജോലി ചെയ്യാൻ സാധിക്കില്ല, ജോലി ചെയ്യണമെങ്കിൽ അതിനായുള്ള പ്രത്യേക തൊഴിൽ വിസ നേടേണ്ടതുണ്ട്.
ബിസിനസ് സ്ഥാപനത്തിന് കരാർ സംബന്ധമായ ഒരു തർക്കം ഉണ്ടായാൽ
?ഒരു ബിസിനസ് സ്ഥാപനത്തിന് കരാർ സംബന്ധമായ ഒരു തർക്കം ഉണ്ടായാൽ, കോടതിക്ക് പുറത്ത് നിയമപരമായി പരിഹാരം കാണാനുള്ള മാർഗങ്ങളും സംവിധാനങ്ങളും ബഹ്റൈനിലുണ്ടോ
ഒരു കരാറുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടാകുമ്പോൾ, കോടതിക്ക് പുറത്ത് രമ്യമായി പരിഹാരം കാണുന്നതിന് നിരവധി മാർഗങ്ങളും സംവിധാനങ്ങളും ഇവിടെ നിലവിലുണ്ട്. പ്രാഥമികമായി, തർക്കത്തിലുള്ള കക്ഷികൾ പരസ്പരം സംസാരിച്ച് രമ്യമായ ഒരു പരിഹാരത്തിൽ എത്താൻ ശ്രമിക്കണം. അത് സാധ്യമല്ലെങ്കിൽ, തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടി കക്ഷികൾ നേരത്തെ ഏർപ്പെട്ട കരാറിൽ പറയുന്ന മാർഗം അവലംബിക്കണം, അത് സാധാരണയായി മധ്യസ്ഥത (Mediation) അല്ലെങ്കിൽ ആർബിട്രേഷൻ (Arbitration) സംവിധാനങ്ങളിൽ ഒന്നായിരിക്കും. ഈ തർക്കപരിഹാര മാർഗങ്ങൾ നിയമപരമായി നടത്തുന്നതിനായി രാജ്യത്തും വിദേശത്തും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ നിയമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസൃതമായി തർക്കങ്ങൾ പരിഹരിച്ചാൽ, ആ വിധി പിന്നീട് കോടതി മുഖേന നിയമപരമായി നടപ്പാക്കാൻ സാധിക്കും. ഈ വിഷയങ്ങൾ ചുരുക്കി എഴുതാൻ പ്രയാസമായതുകൊണ്ടും ഓരോ കേസും വ്യത്യസ്തമായതുകൊണ്ടും വിശദമായ നിയമോപദേശത്തിനായി ഒരു അഭിഭാഷകനെ നേരിട്ട് കണ്ട് സംസാരിക്കുന്നതാണ് ഏറ്റവും ഉചിതം.
ബിസിനസ് സ്ഥാപനങ്ങൾക്ക് ബാധകമായ പ്രധാന നികുതികൾ
?നിലവിൽ ബഹ്റൈനിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ബാധകമായ പ്രധാന നികുതികൾ എന്തൊക്കെയാണ്? രജിസ്ട്രേഷനും ഫയലിങ്ങിനുമുള്ള നിയമപരമായ ആവശ്യകതകൾ വ്യക്തമാക്കാമോ?
ബഹ്റൈനിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് നിലവിൽ കോർപറേറ്റ് അല്ലെങ്കിൽ വ്യക്തിഗത വരുമാന നികുതികൾ ഇല്ലെങ്കിലും, പ്രധാനമായും ബാധകമായത് മൂല്യവർധിത നികുതി അഥവാ വാറ്റ് ആണ്, ഇതിന്റെ നിലവിലെ നിരക്ക് 10 ശതമാനമാണ്. വാർഷിക വരുമാനം 37,500 ബഹ്റൈൻ ദീനാറിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളും നാഷനൽ ബ്യൂറോ ഓഫ് റെവന്യൂവിൽ (എൻ.ബി.ആർ) രജിസ്റ്റർ ചെയ്യണം.
വാറ്റ് റിട്ടേൺ സ്ഥാപനത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാസത്തിലോ അല്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കലോ സമർപ്പിക്കുകയും റിട്ടേൺ സമർപ്പിച്ച ശേഷം ഒരു മാസത്തിനകം പേയ്മെന്റ് നടത്തുകയും വേണം. ഇതിന് പുറമെ, നിലവിലുള്ള മറ്റൊരു പ്രധാന നികുതിയാണ് ഡയറക്ട് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി.ടി), ഇതിന്റെ നിരക്ക് 15 ശതമാനമാണ്. ലോകമെമ്പാടുമുള്ള മൊത്തം വരുമാനം 750 മില്യൺ യൂറോയിൽ കൂടുതലുള്ള ബഹുരാഷ്ട്ര കമ്പനികൾക്കാണ് ഈ നികുതി ബാധകമാകുന്നത്. കൂടാതെ, കസ്റ്റംസ് ഡ്യൂട്ടി, മുനിസിപ്പൽ ടാക്സ് എന്നിവയും ഇവിടെ നിലവിലുണ്ട്, ഒപ്പം എണ്ണക്കമ്പനികൾക്ക് അവയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേക നികുതികളും ബാധകമാണ്.


