എന്തുകൊണ്ടാണ് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവിസുകൾ താറുമാറായത്; യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
text_fieldsഇന്ത്യയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കൊണ്ടുവന്ന പുതിയ നിയമങ്ങൾ കാരണം ഇന്ത്യയിൽ ആഭ്യന്തര വിമാന സർവിസുകൾ താറുമാറായ നിലയിലാണ്. രാജ്യത്തെ വിമാനത്താവളങ്ങളിലും മറ്റുമായി ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം കുടുങ്ങിക്കിടന്നത്.
ലഗേജ് ലഭിക്കുന്നതിലും ലോഞ്ചുകളുടെ ലഭ്യതയിലും വിമാനത്താവളങ്ങളിൽ വലിയ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സർവീസ് പ്രൊവൈഡറായ ഇൻഡിഗോയാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്; അതു കൊണ്ട് തന്നെ ഇൻഡിഗോയുടെ ഓൺ-ടൈം പെർഫോമൻസ് റേറ്റിംഗ് 35%-ൽ താഴെയായി കുറഞ്ഞു. നിലവിൽ, ഇൻഡിഗോ വിമാനസർവിസുകൾ സാധാരണ നിലയിലാകാൻ ഏകദേശം ഒരാഴ്ചയെങ്കിലും എടുക്കുമെന്നും ഡിസംബർ 10നും 15നും ഇടയിൽ റീഷെഡ്യൂൾ ചെയ്ത് കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും ഇൻഡിഗോ സി.ഇ.ഒ കഴിഞ്ഞദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ബുക്കിങ് ക്യാൻസൽ ചെയ്തവർക്ക് പൂർണമായ റീഫണ്ട് അല്ലെങ്കിൽ ഡേറ്റ് മാറ്റം സൗജന്യമായി നൽകുമെന്നും എയർലൈനും അറിയിച്ചിട്ടുണ്ട്.
വിമാന സർവിസുകൾ താറുമാറായതിന് പ്രധാന കാരണം ഡി.ജി.സി.എയുടെ ഒരു പുതിയ ഉത്തരവാണ്. സമീപകാലത്ത് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, പൈലറ്റുമാർക്കും ജീവനക്കാർക്കും ആവശ്യമായ വിശ്രമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡി.ജി.സി.എ ഫ്ളൈറ്റ് ഡ്യൂട്ടി സമയപരിധി സംബന്ധിച്ച നിയമങ്ങൾ കർശനമാക്കിയത്. പുതിയ നിയമമനുസരിച്ച്, ഒരു പൈലറ്റ് 10 മണിക്കൂറിൽ കൂടുതൽ വിമാനം പറത്താൻ പാടില്ല, കൂടാതെ ക്യാപ്റ്റൻമാർക്ക് ആഴ്ചയിൽ തുടർച്ചയായി 48 മണിക്കൂർ (പകരം 24 മണിക്കൂർ) വിശ്രമം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിയമങ്ങളാണ് ഡി.ജി.സി.എ എയർലൈനുകൾക്ക് പെട്ടെന്ന് നടപ്പാക്കാൻ നിർദേശം നൽകിയത്. ക്രിസ്മസ്, ന്യൂ ഇയർ തുടങ്ങിയ അവധിക്കാലത്ത് നിയമം പെട്ടെന്ന് നടപ്പിലാക്കിയത് യാത്രക്കാരുടെ തിരക്ക് വർദ്ധിപ്പിച്ച് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കി. അന്താരാഷ്ട്ര സർവിസുകൾക്ക് ഇതുവരെ തടസ്സങ്ങളില്ലെങ്കിലും വൈകുന്നുണ്ട്. യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തിയ ശേഷമാണ് പലപ്പോഴും വിമാനങ്ങൾ ക്യാൻസൽ ചെയ്ത വിവരം അറിയുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോയ നിരവധി മലയാളികൾ ഇന്ത്യൻ എയർപോർട്ടുകളിൽ കുടുങ്ങിയതായും ചിലർ മറ്റ് ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് യാത്ര തുടർന്നതായും അറിയാൻ കഴിഞ്ഞു.
ഈ സാഹചര്യം യാത്രക്കാർക്ക് സമയനഷ്ടവും ധനനഷ്ടവും ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
യാത്രക്കാർ ശ്രദ്ധിക്കാൻ
-ഈ സമയത്ത് യാത്ര ചെയ്യുന്ന ഗൾഫിലെ സുഹൃത്തുക്കൾ ബുക്കിങ് നടത്തുമ്പോൾ കഴിവതും ഡയറക്റ്റ് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുന്നത് ഒരു പരിധി വരെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഡയറക്റ്റ് മൊബൈൽ നമ്പർ നൽകുക. ക്യാൻസലേഷനോ സമയമാറ്റമോ ഉണ്ടെങ്കിൽ എസ്.എം.എസ് വഴി എയർലൈൻ നിങ്ങളെ അറിയിക്കും.
-എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പ്, ബന്ധപ്പെട്ട എയർലൈനുകളുമായോ ട്രാവൽ ഏജൻസികളുമായോ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ഉറപ്പുവരുത്തിയശേഷം മാത്രം യാത്ര തുടങ്ങുക


