Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിലെ മുഗ്‌സൈൽ...

സലാലയിലെ മുഗ്‌സൈൽ ബ്രിഡ്ജ് ജൂലൈയിൽ ഗതാഗതത്തിനായി തുറക്കും

text_fields
bookmark_border
സലാലയിലെ മുഗ്‌സൈൽ ബ്രിഡ്ജ് ജൂലൈയിൽ ഗതാഗതത്തിനായി തുറക്കും
cancel

സലാല: സലാലയിലെ അൽ മുഗ്‌സൈൽ റോഡ്, പാലം നിർമാണ പദ്ധതി 85 ശതമാനം പൂർത്തിയായതായി ഗതാഗത മന്ത്രാലയം അറിയിച്ചു. അടുത്ത മാസം ആദ്യവാരത്തോടെ പദ്ധതി ജനങ്ങൾക്കായി തുറന്നു നൽകും. ദോഫാർ ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം ലോജിസ്റ്റിക്സ് മേഖലക്ക് വലിയ കരുത്തുപകരുന്നതാണ് ഈ പദ്ധതി. ദോഫാർ ഗവർണറേറ്റിലെ റോഡ് ശൃംഖലയിൽ തന്ത്രപ്രധാനമായ സ്ഥാനമുള്ളതിനാലാണ് മന്ത്രാലയം ഈ പദ്ധതിക്ക് മുൻഗണന നൽകുന്നതെന്ന് ഗതാഗത വിഭാഗം അണ്ടർസെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷംഖി പറഞ്ഞു.

മുഗ്‌സൈൽ ബീച്ചിലെ പ്രകൃതിദത്ത നീരുറവകൾ, അൽ മർനീഫ് ഗുഹ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭംഗി നിലനിർത്തിക്കൊണ്ടുള്ള മികച്ച എൻജിനീയറിങ് രൂപകൽപനയാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. 500 മീറ്റർ നീളമുള്ള കോൺക്രീറ്റ് പാലമാണ് പദ്ധതിയിൽ ഏറ്റവും പ്രധാനം. 20 തൂണുകളിലും 12 മീറ്റർ ഉയരമുള്ള രണ്ട് പാർശ്വഭിത്തികളിലുമായാണ് പാലം നിർമിച്ചിരിക്കുന്നത്. മുഗ്‌സൈൽ വാട്ടർഫ്രണ്ട്, മർനീഫ് ഗുഹ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ അടിപ്പാത ഒരുക്കിയിട്ടുണ്ട്. രണ്ടു മുതൽ ഏഴു മീറ്റർ വരെ വീതിയുള്ള, ആധുനിക ലൈറ്റിങ് സംവിധാനത്തോടുകൂടിയ നടപ്പാതയും പാർക്കിങ് സൗകര്യവും ഇതിലുണ്ട്.

ദേശീയ റോഡ് രൂപകൽപനാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കോൺക്രീറ്റ് -മെറ്റൽ ബാരിയറുകൾ, ദിശാസൂചന ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവ സ്ഥാപിച്ചുവരികയാണ്. ഖരീഫ് ദോഫാർ സീസണിനയായെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ പദ്ധതി വലിയ സഹായമാകുമെന്ന് അണ്ടർസെക്രട്ടറി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സുസ്ഥിരത, ഗ്രീൻ മൊബിലിറ്റി, ഡിജിറ്റൽ പരിവർത്തനം എന്നിവ മുൻനിർത്തി ഒമാനിലെ വിവിധ പദ്ധതികളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. റോഡ് നിർമാണത്തിലെ പാഴ് ചെലവ് കുറക്കാൻ അസ്ഫാൽറ്റ് റീസൈക്ലിംഗ് സാങ്കേതികവിദ്യയും കാർബൺ പുറന്തള്ളൽ കുറക്കാൻ സോളാർ പാനലുകളും ഉപയോഗിക്കുന്നുണ്ട്.

കൂടാതെ, ദോഫാറിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയിൽ സ്മാർട്ട് അസ്ഫാൽറ്റ് പാവിങ് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ സംവിധാനങ്ങളും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. നിർമ്മാണ സ്ഥലങ്ങളിലെ പൊടിപടലങ്ങൾ നിയന്ത്രിക്കാനും സുരക്ഷ വർധിപ്പിക്കാനുമുള്ള ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒമാന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ഊർജിത പ്രവർത്തനങ്ങളുശട ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:Mughsail Sea Bridge Open July salalah 
News Summary - Salalah's Mughsail Bridge to open to traffic in July
Next Story