വലിച്ചെറിയേണ്ട ഒന്നല്ല കറിവേപ്പില; ഗുണങ്ങൾ പലതുണ്ട്...
text_fieldsഇന്ത്യൻ ഭക്ഷണ രീതികളിൽ പ്രധാനിയാണ് കറിവേപ്പില. ഭക്ഷണത്തിന് പ്രത്യേക രുചിയും മണവും നൽകുന്ന കറിവേപ്പില എടുത്ത് കളയാറാണ് പൊതുവെ ചെയ്യാറുള്ളത്. എന്നാൽ കറിവേപ്പിലയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
രക്തസമർദം നിയന്ത്രിക്കാനും ഹൈപ്പർ ടെൻഷൻ കുറക്കാനും കറിവേപ്പില ഉപയോഗിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ രോഗമുള്ളവരുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില. ഇതിലടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡന്റും ശരീരത്തിന് പ്രകൃതിദത്തമായ ഗുണങ്ങൾ നൽകുന്നു.
രക്തസമർദത്തെ നിയന്ത്രിക്കുന്നു: ഹൈപ്പർ ടെൻഷനുള്ള രോഗികൾ കറിവേപ്പില കഴിക്കുന്നത് രക്തസമർദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ബയോ ഇൻഫർമേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. കറിവേപ്പിലയിലെ കുറഞ്ഞ അളവിലുള്ള സോഡിയവും ധാരാളമായിട്ടുള്ള പൊട്ടാസ്യവും രക്തസമർദത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അതിനാൽ ഹൃദയാരോഗ്യത്തിന് മികച്ചതാണ് കറിവേപ്പില.
മൊത്തത്തിലുള്ള ആരോഗ്യത്തിന്: ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയ കറിവേപ്പില മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിർത്താനുമുള്ള വിറ്റാമിൻ എയും സിയും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ അനീമിയയിൽ നിന്നും പ്രതിരോധിക്കാനും റെഡ് ബ്ലഡ് സെൽ രൂപപ്പെടുത്താനും സഹായിക്കുന്ന ഇരുമ്പുസത്തും വാർധക്യത്തെയും ഹൃദ്രോഗത്തെയും തടയുന്ന ആന്റിഓക്സിഡന്റും കറിവേപ്പിലയിലുണ്ട്. കലോറികളോ മറ്റ് ആർട്ടിഫിഷ്യൽ ചേരുവകളോ ചേർക്കാതെ പ്രകൃതിദത്ത മാർഗത്തിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ചെയ്യാൻ കറിവേപ്പിലക്ക് സാധിക്കും.
ഹൃദയാരോഗ്യത്തിന്: കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ കറിവേപ്പിലക്ക് സാധിക്കും. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന വിട്ടുമാറാത്ത വീക്കം കുറക്കാനുള്ള സംയുക്തങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
കറികൾ, സൂപ്പുകൾ, തോരൻ തുടങ്ങിയവയിൽ കറിവേപ്പില ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കുക. കറിവേപ്പില പൊടിച്ച് ചായയിൽ ചേർക്കുന്നതും നല്ലതാണ്. എന്നാൽ ഇവയെല്ലാം നിർദേശിക്കപ്പെട്ട മരുന്നുകൾക്കൊപ്പമാണ് ശീലിക്കേണ്ടത്. അല്ലാതെ മരുന്നുകൾക്ക് പകരമാവരുത്. പ്രയാസങ്ങൾ അനുഭവപ്പെടുന്ന ഘട്ടത്തിൽ അടിയന്തിരമായി വൈദ്യ സഹായം തേടണം. രക്തസമർദത്തിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. മൊത്തത്തിലുള്ള ആരോഗ്യത്തിന് കറിവേപ്പില നേരിയ ഗുണം നൽകുമെങ്കിലും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും നാം അറിഞ്ഞിരിക്കണം. ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും കുറക്കുക, പതിവായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ സമർദം നിയന്ത്രിക്കുന്നതോടൊപ്പം മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.


