ക്ഷീണം നിസാരമല്ല! കൊളസ്‌ട്രോൾ ഉയരുന്നതിന്റെ സൂചനയാകാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുത്
text_fieldsനിങ്ങളുടെ രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണോ? തിരിച്ചറിയണം ഈ ലക്ഷണങ്ങൾ. ഉയർന്ന കൊളസ്‌ട്രോൾ ധമനികളെ ചുരുക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. പലപ്പോഴും ഇത് നിശബ്ദമായി പ്രവർത്തിക്കുന്നതിനാൽ തുടക്കത്തിൽ ആളുകൾക്ക് അസ്വസ്ഥതകളൊന്നും തോന്നാറില്ല. എന്നിരുന്നാലും ചില സൂചനകൾ മുന്നറിയിപ്പായി കണക്കാക്കണം. കൊളസ്‌ട്രോൾ കൂടുന്നതിന്റെ കാരണങ്ങൾ മനസിലാക്കുന്നതും ലക്ഷണങ്ങൾ തിരിച്ചറിയുന്നതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ജീവിതശൈലി, ജനിതകപരമായ പ്രവണത, മറ്റ് രോഗാവസ്ഥകൾ എന്നിവയെല്ലാം കൊളസ്‌ട്രോൾ നിലയെ സ്വാധീനിക്കുന്നു.
1. കണ്ണിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടൽ
കൊളസ്‌ട്രോൾ അളവ് കൂടുന്നതിന്റെ ആദ്യ സൂചന ചർമത്തിൽ കാണുന്ന മുഴകളോ പാടുകളോ ആണ്. ഇവയെ സാന്തോമാസ് എന്ന് വിളിക്കുന്നു. ഇവ പലപ്പോഴും കണ്ണിന് ചുറ്റുമോ, കൈമുട്ടിലോ, കാൽമുട്ടിലോ കാണപ്പെടാം. കൊളസ്‌ട്രോൾ ചർമത്തിനടിയിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണിത്. കൂടാതെ, കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും നേരിയ നിറത്തിലുള്ള വലയം കാണുന്നത് ആർക്കസ് സെനിലിസ് എന്നറിയപ്പെടുന്നു. ഇത് ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കുന്നു. ഈ ചർമ മാറ്റങ്ങൾ, പ്രത്യേകിച്ച് പാരമ്പര്യമായി ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരിൽ, അടിസ്ഥാനപരമായ ആരോഗ്യപ്രശ്നത്തിന്റെ ശക്തമായ സൂചന നൽകുന്നു.
2. നെഞ്ചുവേദന
ഉയർന്ന കൊളസ്‌ട്രോൾ പലപ്പോഴും ധമനികളുടെ പാളികളിൽ പ്ലേക്കുകൾ അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ധമനികളെ ചുരുക്കുകയും രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യും. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികൾ ഇടുങ്ങിയാൽ നെഞ്ചിൽ ഒരു തരം സമ്മർദ്ദം, ഞെരുക്കം അല്ലെങ്കിൽ എരിച്ചിൽ പോലെ ഈ വേദന അനുഭവപ്പെടും. ശാരീരിക അധ്വാന സമയത്തോ മാനസിക സമ്മർദമുള്ള സമയത്തോ ഇത് കൂടുതലായി കാണപ്പെടുന്നു. ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം ലഭിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പാണിത്. ഈ ലക്ഷണം അവഗണിച്ചാൽ അത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.
3. കാലുകളിലെ നീണ്ടുനിൽക്കുന്ന വേദന
കൊളസ്‌ട്രോൾ പ്ലാക്ക് കാലുകളിലേക്കും പാദങ്ങളിലേക്കും രക്തം നൽകുന്ന ധമനികളെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. പെരിഫറൽ ആർട്ടറി ഡിസീസ് (Peripheral Artery Disease - PAD) എന്ന് വിളിക്കുന്ന ഈ അവസ്ഥ നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കാൽവേദനക്ക് കാരണമാകും. വിശ്രമിക്കുമ്പോൾ ഈ വേദന സാധാരണയായി കുറയുന്നു. കൈകാലുകളിൽ ഭാരം, എരിച്ചിൽ, അല്ലെങ്കിൽ ക്ഷീണം എന്നിവ അനുഭവപ്പെടാം. രക്തയോട്ടം മോശമാവുകയാണെങ്കിൽ വിശ്രമിക്കുമ്പോൾ പോലും വേദന ഉണ്ടാവാം. ഈ വേദന അണുബാധകൾ, അൾസർ, കഠിനമായ അവസ്ഥകളിൽ കൈകാലുകൾ നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ വർധിപ്പിക്കും.
4. ഡ്യൂപൈട്രെൻസിന്റെ കൺട്രാക്ചർ
ഉയർന്ന കൊളസ്‌ട്രോളിന്റെ ആദ്യ സൂചനകളിൽ ഒന്നാണ് ഡ്യൂപൈട്രെൻസിന്റെ കൺട്രാക്ചർ എന്ന അവസ്ഥ. ഇത് ക്രമേണ മോതിരവിരലിന്റെയും ചെറുവിരലിന്റെയും ഞരമ്പുകളെ മുറുക്കുകയും, വിരലുകളെ കൈപ്പത്തിയിലേക്ക് വലിക്കുകയും മൊബിലിറ്റി കുറക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോൾ കൂടിയ അളവിലുള്ളവരിൽ, അല്ലെങ്കിൽ പാരമ്പര്യമായി ലിപിഡ് തകരാറുകൾ ഉള്ളവരിൽ ഈ കൈ വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിരലുകളിലെ ഈ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടർമാർ കൊളസ്‌ട്രോൾ പരിശോധനക്ക് നിർദേശിക്കാറുണ്ട്.
5. ശ്വാസംമുട്ടലിനൊപ്പം നീണ്ടുനിൽക്കുന്ന ക്ഷീണം
ഉയർന്ന കൊളസ്‌ട്രോൾ ധമനികളെ ക്രമാതീതമായി ചുരുക്കുകയും പേശികൾക്കും അവയവങ്ങൾക്കും ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യുന്നു. ധമനികൾ മുറുകുമ്പോൾ, ഹൃദയം കൂടുതൽ പ്രവർത്തിക്കാൻ നിർബന്ധിതമാകുന്നു. ഇത് നടക്കുക, പടികൾ കയറുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ അപ്രതീക്ഷിതമായ ക്ഷീണമായും ശ്വാസംമുട്ടലായും അനുഭവപ്പെടാം. തുടക്കത്തിൽ ഈ ക്ഷീണം ശ്രദ്ധിക്കപ്പെടണമെന്നില്ല. എന്നാൽ തടസം വർധിക്കുമ്പോൾ ക്ഷീണം കൂടുന്നു. തുടർച്ചയായ തളർച്ചയോ കിതപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കൊളസ്‌ട്രോളും ഹൃദയാരോഗ്യവും പരിശോധിക്കേണ്ടതിന്റെ മുന്നറിയിപ്പായി അതിനെ കാണണം.


