Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകത്തുന്ന വേനൽ...

കത്തുന്ന വേനൽ ഹൃദയത്തിന് ഭീഷണി; ഹൃദയസ്തംഭനം വരെ സംഭവിക്കാമെന്ന് ഡോക്ടർമാർ

text_fields
bookmark_border
കത്തുന്ന വേനൽ ഹൃദയത്തിന് ഭീഷണി; ഹൃദയസ്തംഭനം വരെ സംഭവിക്കാമെന്ന് ഡോക്ടർമാർ
cancel

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ വേനൽക്കാലം അതീവ തീവ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പകൽ മാത്രമല്ല, രാത്രിയിലും ചൂട് കുറയുന്നില്ല. എന്നാൽ, അസഹനീയമായ ചൂട് ശരീരത്തിന് നൽകുന്ന ബുദ്ധിമുട്ടുകൾക്കപ്പുറം ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗുരുഗ്രാം ക്ലിനിക്കൽ ആൻഡ് പ്രിവന്റീവ് കാർഡിയോളജി സീനിയർ ഡയറക്ടർ ഡോ. മനീഷ് ബൻസാലിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.

ശരീരത്തിന്റെ താപനില ക്രമീകരിക്കാൻ ഹൃദയം കഠിനമായി അധ്വാനിക്കേണ്ടി വരുന്നു എന്നതാണ് വേനൽക്കാലത്തെ പ്രധാന വെല്ലുവിളി. ചൂട് കൂടുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ വികസിക്കുകയും, അതിലൂടെ ചൂട് പുറത്തുവിടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനായി ഹൃദയം കൂടുതൽ വേഗത്തിൽ രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് ആരോഗ്യവാന്മാരായ ആളുകളിൽ പോലും അമിത തളർച്ചക്കും നെഞ്ചിടിപ്പ് കൂടുന്നതിനും കാരണമാകും. ഇതിനുപുറമെ, മുമ്പേ ഹൃദ്രോഗമോ ഉയർന്ന രക്തസമ്മർദമോ ഉള്ളവർക്ക് ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.

വേനൽക്കാലത്ത് ധാരാളം വിയർക്കുന്നതുകൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് രക്തത്തിന്റെ അളവ് കുറക്കും. അപ്പോൾ ഹൃദയം കൂടുതൽ ശക്തിയോടെ രക്തം പമ്പ് ചെയ്യാൻ നിർബന്ധിതമാകുന്നു. ഇത് രക്തസമ്മർദത്തിൽ പെട്ടെന്നുള്ള വ്യതിയാനങ്ങളുണ്ടാക്കുകയും തലകറക്കം, ബലഹീനത, തലവേദന, ബോധക്ഷയം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രായമായവർ പലപ്പോഴും ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കാൻ മറക്കാറുണ്ട്, ഇത് കൂടുതൽ അപകടകരമാണ്.

വിയർപ്പിലൂടെ വെള്ളം മാത്രമല്ല, സോഡിയം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ലവണങ്ങളും ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു. ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്നതിൽ ഈ ലവണങ്ങൾക്ക് വലിയ പങ്കുണ്ട്. ഇവയുടെ അളവ് കുറയുന്നത് ഹൃദയമിടിപ്പിന്റെ താളം തെറ്റാനും പേശീവേദനക്കും കാരണമാകും.

ശരീരത്തിന് സ്വയം തണുപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഇത് ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ്. അതിവേഗമുള്ള ഹൃദയമിടിപ്പ്, ആശയക്കുഴപ്പം, ഓക്കാനം, കടുത്ത തളർച്ച, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് അവഗണിച്ചാൽ ഹൃദയത്തിനും തലച്ചോറിനും സ്ഥിരമായ കേടുപാടുകൾ സംഭവിക്കാം.

ഹൃദ്രോഗികൾ ശ്രദ്ധിക്കണം

ഹൈപ്പർടെൻഷൻ, ഹാർട്ട് ഫെയിലിയർ, കൊറോണറി ആർട്ടറി ഡിസീസ് തുടങ്ങിയ അവസ്ഥകളുള്ളവർക്ക് വേനൽക്കാലത്ത് രോഗലക്ഷണങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇവർ നിർബന്ധമായും ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ജലാംശം നിലനിർത്തുകയും മരുന്നുകൾ മുടങ്ങാതെ കഴിക്കുകയും വേണം.

പ്രതിരോധ മാർഗ്ഗങ്ങൾ

സമയം ശ്രദ്ധിക്കുക: ഉച്ചക്ക് 12 മണി മുതൽ 4 മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.

വസ്ത്രധാരണം: അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ആഹാരം: ദഹിക്കാൻ എളുപ്പമുള്ള ലഘുഭക്ഷണം കഴിക്കുക.

വിശ്രമം: പുറത്തു ജോലി ചെയ്യുന്നവർ തണലത്ത് ഇടക്കിടെ വിശ്രമിക്കുക.

ചികിത്സ: നെഞ്ചുവേദന, അസാധാരണമായ കിതപ്പ്, അമിത തളർച്ച എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

Show Full Article
TAGS:Heart Health heat wave heat stroke Health Alert Summer Health 
News Summary - Heat waves are not just making you tired They could be damaging your heart too
Next Story