സ്കൂൾ കുട്ടികളിൽ ഹൈപ്പർടെൻഷൻ വർധിക്കുന്നു; ഹൃദ്രോഗ സാധ്യതയുടെ മുന്നറിയിപ്പെന്ന് വിദഗ്ധർ
text_fieldsഒരുകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ, ഇന്ന് ഇന്ത്യയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരികയാണ്. കുട്ടികളിലെ ഈ അവസ്ഥ ഭാവിയിൽ ഉണ്ടാകാവുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്ന മുന്നറിയിപ്പാണ് നൽകുന്നത്. ഏഷ്യയിലുടനീളം, ജീവിതശൈലിയിലും പരിസ്ഥിതിയിലുമുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാരിലെ രക്താതിമർദ്ദം ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറുകയാണ്. ഈ പ്രതിഭാസം നേരത്തെയുള്ള ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് പിന്നീട് ഹൃദ്രോഗം, വൃക്കരോഗങ്ങൾ, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.
സാധാരണ രക്തസമ്മർദ്ദം ഏകദേശം 120/80 mmHg ആണ്. ഇത് 140/90 mmHg അല്ലെങ്കിൽ അതിൽ കൂടുതലായി നിലനിൽക്കുമ്പോഴാണ് ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത്. മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി, കുട്ടികളിലെ രക്താതിമർദ്ദം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കാരണം ഇതിന്റെ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കും. രക്താതിമർദ്ദമുള്ള കുട്ടികളിൽ ഏകദേശം 40 ശതമാനം പേർക്കും ക്ലിനിക്കൽ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ഹൃദയത്തിലും രക്തക്കുഴലുകളിലും ഘടനാപരവും പ്രവർത്തനപരവുമായ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു എന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ ഹൈപ്പർടെൻഷൻ മുതിർന്നവരിലേക്കും തുടരാൻ സാധ്യതയുണ്ട്. 12-15 വയസ്സിൽ അൽപ്പം ഉയർന്ന രക്തസമ്മർദ്ദമായി തുടങ്ങുന്നത്, ശ്രദ്ധിച്ചില്ലെങ്കിൽ 30കളോടെ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാൻ സാധ്യതയുണ്ട്.
കാരണങ്ങളും അപകടസാധ്യതകളും
ഏറ്റവും ശക്തമായ ഘടകങ്ങളിൽ ഒന്നാണ് അമിതവണ്ണം. പൊണ്ണത്തടിയുള്ള കുട്ടികൾക്ക് സാധാരണ ഭാരമുള്ള കുട്ടികളെ അപേക്ഷിച്ച് ഹൈപ്പർടെൻഷൻ വരാനുള്ള സാധ്യത ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഉപ്പ് കൂടുതലടങ്ങിയ അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്, സ്‌ക്രീനിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്, വ്യായാമമില്ലായ്മ, ജനിതക ഘടകങ്ങൾ, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ് എന്നിവയും ഹൈപ്പർടെൻഷന്‍റെ പ്രധാന കാരണങ്ങളാണ്.
സാധാരണ ഭാരമുള്ള കുട്ടികളിൽ പോലും ഉയർന്ന രക്തസമ്മർദ്ദം കാണപ്പെടുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നടന്ന ഒരു പഠനത്തിൽ 5.2 ശതമാനം സാധാരണ ഭാരമുള്ള വിദ്യാർഥികളിൽ ഹൈപ്പർടെൻഷൻ കണ്ടെത്തിയിരുന്നു. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളിൽ സാധാരണ ഭാരമുള്ള ഹൈപ്പർടെൻഷൻ നിരക്ക് കൂടുതലാണ്. പോഷകാഹാരം, മാനസിക സമ്മർദ്ദ നിലകൾ, ആരോഗ്യ പരിശോധന ലഭ്യത എന്നിവയിലെ വ്യത്യാസങ്ങൾ ഇതിന് കാരണമായേക്കാം. കുട്ടികളിൽ ഏറ്റവും സാധാരണമായ ഉപവിഭാഗം സിസ്റ്റോളിക്-ഡയസ്റ്റോളിക് ഹൈപ്പർടെൻഷൻ (SDH) ആണ്. ഇത് ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിലും പെൺകുട്ടികളിലുമാണ് കൂടുതലായി കണ്ടത്.
മഹാരാഷ്ട്രയിലെ 10 സ്കൂളുകളിലെ 2,600 ലധികം സ്കൂൾ കുട്ടികളെ പരിശോധിച്ച പടിഞ്ഞാറൻ ഇന്ത്യയിൽ നടത്തിയ വിപുലമായ ക്രോസ്-സെക്ഷനൽ പഠനത്തിൽ 7.5 ശതമാനം പേർക്ക് രക്താതിമർദ്ദവും 2.9 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദവും (പ്രീ-ഹൈപ്പർടെൻഷൻ) ഉണ്ടെന്നും കണ്ടെത്തി. നിലവിൽ ലോകമെമ്പാടുമുള്ള മരണങ്ങളുടെ പകുതിയോളം പക്ഷാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണം ഹൈപ്പർടെൻഷനാണ്. കുട്ടിക്കാലം മുതൽ ഈ അവസ്ഥ നിയന്ത്രിക്കുന്നതിലൂടെ ഭാവിയിലെ വലിയ ആരോഗ്യപ്രശ്നങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയുമെന്നും മുംബൈയിലെ മുലുന്ദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഹർഷ വർധൻ പറയുന്നു.
ശ്രദ്ധിക്കാൻ
- ഭക്ഷണക്രമം മെച്ചപ്പെടുത്തുക
- ഉപ്പ് കുറക്കുക
- ജങ്ക് ഫുഡുകൾ ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- വ്യായാമം ഉറപ്പാക്കുക
- സ്ക്രീൻ സമയം നിയന്ത്രിക്കുക
- പതിവായ പരിശോധന


