പുകവലിക്കുന്നവരിൽ മാത്രമല്ല ശ്വാസകോശ അർബുദം വരാൻ സാധ്യത
text_fieldsനവംബർ ശ്വാസകോശ കാൻസർ ബോധവൽക്കരണ മാസമാണ്. ലോകത്തിലെ ഏറ്റവും ഗൗരവമായതും എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടതുമായ കാൻസറുകളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ഇത് പുകവലിക്കുന്നവർക്ക് വരുന്നത് മാത്രമല്ല. വായു മലിനീകരണം, പുകവലിക്കുന്നവർ പുറന്തള്ളുന്ന പുക, ജനിതക ഘടകങ്ങൾ എന്നിവ കാരണം പുകവലിക്കാത്തവരിലും ഈ രോഗം വർധിച്ചു വരുന്നു. ഒരുപാട് പേർ നിസാരമായി തള്ളിക്കളയുന്ന, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസംമുട്ടൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളായിരിക്കും ഈ കാൻസറിന്റെ ആദ്യ സൂചനകൾ. എന്നാൽ രോഗം നേരത്തെ കണ്ടെത്തുന്നത് വലിയ വ്യത്യാസം ഉണ്ടാക്കും. പുകവലി നിർത്തിയാൽ, ശരിയായ പോഷകാഹാരം, ശുദ്ധമായ വായു ശീലങ്ങൾ എന്നിവയിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം കാലക്രമേണ മെച്ചപ്പെടും.
ശ്വാസകോശ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ നെഞ്ചിലെ പ്രശ്നങ്ങളോ സീസണൽ അസുഖങ്ങളോ ആയി തോന്നുന്നതിനാൽ പലരും അവയെ നിസാരമായി തള്ളിക്കളയുന്നു. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചിലെ നേരിയ അസ്വസ്ഥത, ശബ്ദത്തിലെ പരുപരുപ്പ്, പതിവ് ജോലികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവയെല്ലാം ആദ്യ സൂചനകളാവാം. ചിലർക്ക് ക്ഷീണമോ ഇടക്കിടെയുള്ള നെഞ്ചിലെ അണുബാധകളോ ഉണ്ടാകാം. കഫത്തിൽ ചെറിയ രക്തത്തിന്റെ അംശം കണ്ടാലും അത് ഒരിക്കലും അവഗണിക്കരുത്. ആദ്യ ഘട്ടങ്ങളിൽ, ശ്വാസകോശ കാൻസർ കണ്ടെത്താൻ പ്രയാസമാണ്. കാരണം ലക്ഷണങ്ങളെല്ലാം വളരെ ചെറുതായിരിക്കും.
മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, കഫത്തിലെ രക്തം, കാരണമില്ലാത്ത ശ്വാസംമുട്ടൽ, ഇടക്കിടെയുള്ള നെഞ്ചിലെ അണുബാധകൾ, നെഞ്ചിലോ പുറത്തോ ഉള്ള വേദന, ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശരീരഭാരം കുറയൽ, അല്ലെങ്കിൽ ക്ഷീണം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പുകവലിക്കുന്നവർ, അല്ലെങ്കിൽ മലിനമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ ലക്ഷണങ്ങളെ ഗൗരവമായി കാണണമെന്ന് മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി അസോസിയേറ്റ് ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഡോ. ആനന്ദി പചൗരി പറയുന്നു.
സിഗരറ്റ് പുകയിൽ ആയിരക്കണക്കിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ പലതും ശ്വാസകോശ കോശങ്ങളിലെ ഡി.എൻ.എയെ നശിപ്പിക്കുന്ന കാർസിനോജനുകളാണ്. ഒരാൾ എത്രത്തോളം കൂടുതൽ കാലം പുകവലിക്കുന്നുവോ, അത്രത്തോളം ശ്വാസകോശ കാൻസർ വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ഡോ. ആനന്ദി പറയുന്നു. എന്നാൽ പുകവലിക്കാത്തവരും പൂർണ്ണമായും സുരക്ഷിതരല്ല. വായു മലിനീകരണം, മറ്റുള്ളവർ വലിച്ചുവിടുന്ന പുക എന്നിവയുമായുള്ള നീണ്ട സമ്പർക്കം, അല്ലെങ്കിൽ ജനിതക ഘടകങ്ങൾ എന്നിവയും കാൻസറിന് കാരണമാവാം.
പുകവലി പൂർണ്ണമായും നിർത്തുകയാണ് ശ്വാസകോശ കാൻസർ തടയാനുള്ള ഏറ്റവും ശക്തമായ മാർഗം. നല്ല പോഷകാഹാരവും പതിവ് വ്യായാമവും നല്ല മാറ്റങ്ങൾ ഉണ്ടാക്കും. ഇലക്കറികൾ, പഴങ്ങൾ, നട്‌സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള ഭക്ഷണങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ശാരീരിക പ്രവർത്തനങ്ങൾ ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും മികച്ച ഓക്സിജൻ പ്രവാഹത്തെ പിന്തുണക്കുകയും ചെയ്യുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം, മലിനമായ ചുറ്റുപാടുകൾ എന്നിവ ഒഴിവാക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ദിവസേന 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യുക, ഇത് ശ്വാസകോശ ശേഷി വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുക ഇവയൊക്കെ ശ്വാസകോശത്തെ സംരക്ഷിക്കും.


