പൈപ്പ് വെള്ളത്തിൽ മുഖം കഴുകാറുണ്ടോ? ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ചർമ വിദഗ്ധർ
text_fieldsഇടക്കിടെ മുഖം കഴുകുന്ന ശീലമുള്ള നഗരവാസികൾ ശ്രദ്ധിക്കുക. പൈപ്പ് വെള്ളത്തിലാണ് നിങ്ങൾ ദിവസവും മുഖം കഴുകുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ചർമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാരണം മിക്ക നഗര ജലവിതരണ സംവിധാനങ്ങളിലും ക്ലോറിനും മറ്റ് ധാതുക്കളും അടങ്ങിയിരിക്കുമെന്നും ഇത് തൊലിയുടെ സ്വഭാവിക ഈർപ്പം തകർക്കുമെന്നുമാണ് മുന്നറിയിപ്പ്. ശീലം പതിവായാൽ ഇതുകാരണം തൊലി ഡ്രൈ ആവുക, ചൊറിച്ചിൽ തുടങ്ങിയവ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
‘സെൻസിറ്റിവ് സ്കിൻ ഉള്ളവർ പതിവായി പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് നന്നല്ല. അണുമുക്തമാക്കാൻ വേണ്ടി പൈപ്പ് വെള്ളത്തിൽ ഉപയോഗിക്കുന്ന ക്ലോറിൻ, ഫ്ലൂറൈഡ്, മറ്റു രാസവസ്തുക്കൾ തുടങ്ങിയവ ത്വക്കിന് ദോഷം വരുത്തും. തൊലിയിലെ സ്വഭാവിക എണ്ണമയം വറ്റി ഡ്രൈ ആവുന്ന അവസ്ഥ വരും. ഇതുവഴി അണുബാധ സാധ്യത കൂടുകയും ചെയ്യും’ -ത്വഗ് രോഗ വിദഗ്ധൻ ഡോ. നവ്ജോത് അറോറ പറയുന്നു. ശുദ്ധമായ വെള്ളം, ഫിൽറ്റർ ചെയ്ത വെള്ളം, തെർമൽ സ്പ്രിങ് വാട്ടർ തുടങ്ങിയവ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറയുന്നു.
മിക്ക നഗരങ്ങളിലും ഉപയോഗിക്കുന്ന പൈപ്പ് വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശം കൂടുതലായിരിക്കും. ഇതിനെ ഹാർഡ് വാട്ടർ എന്ന് പറയുന്നു. ഈ ധാതുക്കൾ ചർമത്തിൽ അടിഞ്ഞുകൂടുകയും, നിങ്ങൾ ഉപയോഗിക്കുന്ന ഫേസ് വാഷിലെ ചേരുവകളുമായി ചേർന്ന് ഒരു നേർത്ത പാടയായി മാറുകയും ചെയ്യും. ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കാനും, മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ വരൾച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്.
ആരോഗ്യകരമായ ചർമത്തിന്റെ ഉപരിതലത്തിലെ pH മൂല്യം സാധാരണയായി 5ന് താഴെയായിരിക്കും. അതായത് നേരിയ അസിഡിറ്റിയായിരിക്കും. എന്നാൽ ടാപ്പ് വാട്ടറിന്റെ pH മൂല്യം സാധാരണയായി 7ന് അടുത്തോ അതിൽ കൂടുതലോ ആയിരിക്കും. ആൽക്കലൈൻ സ്വഭാവമുള്ള വെള്ളം പതിവായി ചർമത്തിൽ ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക pH ബാലൻസ് തകർക്കും. ഇത് ചർമ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തുകയും, അണുബാധകൾ, വീക്കം, എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ വഷളാകാനും കാരണമാകും.


