ആരോഗ്യമുള്ള പല്ലുകളും മോണകളും വേണോ? പ്രധാനപ്പെട്ടതാണ് ദന്താരോഗ്യവും
text_fieldsആരോഗ്യമുള്ള പല്ലുകളും മോണകളും വേണോ? എങ്കിൽ ചില കാര്യങ്ങൾ ചെയ്യാൻ മറക്കരുത്. പല്ലുകളിൽ അടിഞ്ഞിരിക്കുന്ന കറയെ പേടിച്ച് ചിരി പുറത്തുകാട്ടാൻ മടിക്കുന്നവരും വായ്നാറ്റത്തെ പേടിച്ച് വായൊന്ന് തുറക്കാൻ മടി കാട്ടുന്നവരും നമുക്കിടയിലുണ്ട്. ദന്ത ശുചിത്വമില്ലായ്മയാണ് ഇതിന് പിന്നിൽ. ഒരാളുടെ ആരോഗ്യകാര്യത്തിൽ മറ്റെന്തിനെപ്പോലെ പ്രധാനപ്പെട്ടതാണ് ദന്താരോഗ്യവും ശരിയായ ദന്തശുചിത്വം പാലിക്കാത്തത് ഉടനടി ദോഷം വരുത്തുന്നതല്ലെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോൺഡോളജിയുടെ സ്ഥാപകനായ ഡോ.ജി.ബി.ശങ്ക് വാൾക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ആഗസ്റ്റ് ഒന്നിന് ദേശീയ വാക്കാലുള്ള ശുചിത്വ ദിനം ഇന്ത്യയൊട്ടാകെ ആചരിക്കുന്നു. വാക്കാലുള്ള ശുചിത്വം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും നിരവധി ദന്ത രോഗങ്ങൾ തടയുന്നതിനുള്ള വഴികളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ദന്ത ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം പറയേണ്ടത് ബ്രഷിങ്ങിനെ കുറിച്ചാണ്.
രാവിലെ ഉറക്കമുണർന്നതിനും ശേഷവും രാത്രി ഉറങ്ങുന്നതിനു മുമ്പും മൃദുവായ അല്ലെങ്കിൽ മീഡിയം ടൂത്ത് ബ്രഷും ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ട് മുതൽ മൂന്ന് മിനിറ്റിൽ യഥാക്രമം ബ്രഷ് ചെയ്യേണ്ടതാണ്. സാധാരണ ടൂത്ത്ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയാത്ത പല്ലുകൾക്കിടയിലുള്ള ഇടങ്ങൾ വൃത്തിയാക്കാൻ ഇൻറ്റർ പ്രോക്സിമൽ ബ്രഷുകൾ സഹായിക്കും. പല്ലുകൾ, ഡെൻറ്റൽ ഫില്ലിങ്ങുകൾ, ബ്രേസസ്സുകൾ എന്നിവക്കിടയിൽ കുടുങ്ങിക്കിടക്കിടക്കുന്ന പ്ലാക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ഡെൻറ്റൽ ഫ്ലോസ് ഉപയോഗിക്കാവുന്നതാണ്. ഇത് മോണയിൽ നിന്നുള്ള രക്തസ്രാവം കുറക്കാൻ സഹായിക്കും.
വായിലെ ദുർഗന്ധം തടയാൻ ഏറ്റവും പ്രധാനമായി വൃത്തിയാക്കേണ്ട ഒന്നാണ് നാവ്. പ്ലാസ്റ്റിക്ക് സ്ക്രാപ്പറുകൾ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്‍റെ കുറ്റിരോമമില്ലാത്ത അറ്റം ഉപയോഗിച്ചോ നാക്ക് വൃത്തിയാക്കാവുന്നതാണ്. വായുടെ ശുചിത്വത്തിന് മൗത്ത് വാഷുകൾ നല്ലതാണ്. വായ്നാറ്റം മറക്കാൻ കോസ്മെറ്റിക്ക് മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ ക്ലോർഹെക്സിഡിൻ, ഡിഗ്ലൂക്കോണേറ്റ് അടങ്ങിയ ചികിത്സാ മൗത്ത് വാഷുകൾ മോണയിലെ രോഗങ്ങളെ തടയാനും ചികിത്സിക്കാനും സഹായകരമാവുന്നു. ആറ് മാസത്തിലൊരിക്കൽ ഒരു ദന്ദരോഗവിധഗ്ദനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്.
വേദന, മോണയിൽ നിന്ന് രക്തസ്രാവം, വീക്കം, ഉണങ്ങാത്ത അൾസർ, വായക്കുള്ളിലെ മൃദുവായ ഇടങ്ങളായ കവിൾ, ചുണ്ട്, നാവ് എന്നിവിടങ്ങളിൽ നിറത്തിലോ ഘടനയിലോ എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പഞ്ചസാര, സംസ്ക്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. ഇവ ആസിഡിന്‍റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഇനാമലിനെ തകർക്കും. അതേ സമയം പോഷകസമൃദ്ധവും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളായ ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ശീലമാക്കുന്നതിലൂടെ നമ്മുടെ ആരോഗ്യവും വായിലെ ശുചിത്വവും മെച്ചപ്പെടുന്നു.
അനാരോഗ്യപരമായ എല്ലാ ശീലങ്ങളും ഉപേക്ഷിക്കുക. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക. സിഗരറ്റിന്‍റെയും പുകയിലയുടെയും മദ്യപാനത്തിൻറ്റെയും ഉപയോഗം ഉമിനീരിന്‍റെ അളവ് കുറക്കുകയും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. സെറ്റ് പല്ലുകൾ ഉപയോഗിക്കുന്നവർ ഇതിനു കേടുവരില്ലല്ലോ എന്ന ധാരണ വെച്ച് അത് വൃത്തിയാക്കാതെ പോകുന്നത് കാണാറുണ്ട്. ഇത് പൂപ്പൽ ബാധക്ക് കാരണമാകും. പ്രത്യേകിച്ച് പ്രമേഹ രോഗികളിൽ കൃത്യമായി രണ്ട് നേരം സെറ്റ് പല്ലുകൾ എടുത്ത് മൃദുവായ ബ്രഷും സോപ്പും ഉപയോഗിച്ച് അകവും പുറവും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
കിടപ്പ് രോഗികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. വായ തുറന്ന് കിടക്കുന്ന രോഗികളിൽ ഈച്ച പോലെയുള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപിടിച്ചു വളർന്നു പുഴു അരിക്കുന്ന മയോസിസ് എന്ന ഒരു അവസ്ഥയിൽ എത്തിച്ചേരാറുണ്ട്. അതിനാൽ അത്തരം രോഗികൾ വായയിൽ കൂടി ഭക്ഷണം കഴിക്കുന്നില്ലെങ്കിലും വായ വൃത്തിയായി വെക്കാൻ പരിചരിക്കുന്നവർ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ മാത്രമല്ല നാം വായുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കേണ്ടത്. ആരോഗ്യകരമായ ജീവിതത്തിന് വായയുടെ ശുചിത്വം പ്രാധാന്യമേറിയ കാര്യമാണ്. ഈ ശുചീകരണ ശീലങ്ങൾ ദൈന്യംദിനത്തിൽ കൊണ്ടുവരാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരിക്കാം പക്ഷേ അസാധ്യമല്ല.


