ഉറക്കത്തിൽ ഒരു ശബ്ദം, അല്ലെങ്കിൽ ഒരു ഭീകര രൂപം; യാഥാർഥ്യത്തിലെ സ്വപ്നങ്ങൾ...എന്താണ് സ്ലീപ് പരാലിസിസ്‍?
text_fieldsപ്രതീകാത്മക ചിത്രം
നിങ്ങൾ ഗാഢനിദ്രയിൽ നിന്ന് ഉണരുകയും, പൂർണ്ണ ബോധത്തിലായിരിക്കുമ്പോൾ തന്നെ ഒട്ടും ചലിക്കാൻ കഴിയാതെ വരികയും ചെയ്തിട്ടുണ്ടോ? എങ്കിൽ നിങ്ങൾ സ്ലീപ് പരാലിസിസ് (ഉറക്ക പക്ഷാഘാതം) എന്ന പ്രതിഭാസത്തിലൂടെ കടന്നുപോയിട്ടുണ്ട്. പൂർണ്ണ ബോധമുണ്ടായിരിക്കെ തന്നെ ശരീരത്തിലെ പേശികൾക്ക് ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് സ്ലീപ് പാരലൈസിസ്. ഇത് പലപ്പോഴും ഭയപ്പെടുത്തുന്ന ഒരനുഭവമാണ്. സ്വപ്നങ്ങൾ ഉണർന്നിരിക്കുന്ന ജീവിതത്തിലേക്ക് കടന്നുവരുന്നതുപോലെ തോന്നും. അടുത്ത് ആരോ കിടക്കുന്നത് പോലെ തോന്നുക, ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുക എന്നിവയൊക്കെ സ്ലീപ് പരാലിസിസിന്‍റെ ഭാഗമാണ്.
ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്ത് ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുകയും വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ അനങ്ങാനോ, പ്രതികരിക്കാനോ സാധിക്കാത്ത അവസ്ഥയെയാണ് സ്ലീപ് പരാലിസിസ്. ഈ സമയത്ത് നിങ്ങള്‍ക്ക് ഒട്ടും സംസാരിക്കാന്‍ പോലും സാധിക്കില്ല. ഉറക്കത്തില്‍ മതിഭ്രമം(hallucination) തോന്നുന്നത് ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെ നെഞ്ചില്‍ അമിതമായി ഭാരം അനുഭവപ്പെടും. ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഈ സമയത്ത് അമിതമായി വിയര്‍ക്കുകയും ചിലര്‍ക്ക് പേശികള്‍ വലിഞ്ഞ് മുറുകുകയും നല്ലപോലെ തലവേദന അനുഭവിക്കുകയും ചെയ്യും.
സ്ലീപ് പരാലിസിസ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. എന്നാല്‍, ഉറക്കമില്ലായ്മ, കുറെ നേരം ഉറങ്ങാതെ ഇരിക്കുന്നത്, നാര്‍കോലപ്‌സി, മാനസിക സമ്മര്‍ദം അമിതമായി അനുഭവിക്കുന്നുണ്ടെങ്കില്‍, അമിതമായി ആകാംഷ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, പാനിക് ഡിസോഡര്‍, അല്ലെങ്കില്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കില്‍ പാരമ്പര്യമായെല്ലാം ഇത് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. നാർക്കോലെപ്‌സി എന്നത് തലച്ചോറിന് ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന ഒരു നാഡീവ്യൂഹ സംബന്ധമായ രോഗമാണ്. ഈ അവസ്ഥയിലുള്ള ഒരാൾക്ക് പകൽ സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും ഏത് സാഹചര്യത്തിലും അതിയായ ഉറക്കം അനുഭവപ്പെടുകയും പെട്ടെന്ന് ഉറങ്ങിപ്പോകുകയും ചെയ്യാം.
അത്ര അപകടകാരി അല്ലെങ്കിലും ഇത് പലരിലും ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുറഞ്ഞത് 10 ശതമാനം അളുകള്‍ ഇത്തരം അവസ്ഥ നേരിടുമ്പോള്‍ ഉറങ്ങാന്‍ ഭയക്കുകയും ഇത് അവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നതിലേക്കും നയിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് നന്നായി ഉറങ്ങുക എന്നതാണ്. കുറഞ്ഞത് ഒരു ഏഴ് മുതല്‍ 9 മണിക്കൂര്‍ നല്ല ഉറക്കം ലഭിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായി ഉറക്കം കിട്ടാത്തവരിലാണ് സ്ലീപ് പരാലിസിസ് സംഭവിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ എല്ലാ ദിവസം ഒരേ നേരത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. രാവിലെ കുറച്ച് നേരം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രാത്രി കിടക്കുന്ന സമയത്തിന് ഒരു നാല് മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുക. രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് നല്ല ഹെവി ഫുഡ് കഴിക്കാതിരിക്കാം. മദ്യപാനം, പുകവലി, കാപ്പി എന്നിവ കുറക്കുന്നത് നല്ലതാണ്.


