പനിയുള്ളപ്പോൾ വിചിത്ര സ്വപ്‌നങ്ങൾ കാണുന്നത് എന്തുകൊണ്ട്? 'ഫീവർ ഡ്രീംസി'ന് പിന്നിലെ രഹസ്യം
text_fieldsപനി പിടിച്ച് കിടക്കുമ്പോൾ, സാധാരണ കാണുന്ന സ്വപ്നങ്ങളിൽ നിന്ന് വളരെ വിചിത്രവും, അസുഖകരവും, ഭയപ്പെടുത്തുന്നതുമായ സ്വപ്‌നങ്ങൾ കാണാറുണ്ടോ? ഇത്തരം സ്വപ്നങ്ങളെയാണ് സാധാരണയായി 'ഫീവർ ഡ്രീംസ്' (Fever Dreams) എന്ന് വിളിക്കുന്നത്. പനി ഉണ്ടാകുമ്പോൾ വിചിത്ര സ്വപ്‌നങ്ങൾ ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുള്ള മാറ്റങ്ങളാണ്. ശരീര താപനില ഉയരുമ്പോൾ, മസ്തിഷ്കത്തിന്‍റെ താപനിലയും വർധിക്കുന്നു. ഇത് മസ്തിഷ്കത്തിന്‍റെ സാധാരണ വൈജ്ഞാനിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. മസ്തിഷ്കം ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോൾ അത് കൂടുതൽ വിചിത്രവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സ്വപ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
ഏറ്റവും തീവ്രമായ സ്വപ്നങ്ങൾ ഉണ്ടാകുന്നത് റാപ്പിഡ് ഐ മൂവ്‌മെന്‍റ് എന്ന ഉറക്ക ഘട്ടത്തിലാണ്. ശരീരത്തിന് പനി വരുമ്പോൾ താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്‍റെ ശ്രമങ്ങൾ കാരണം റാപ്പിഡ് ഐ മൂവ്‌മെന്‍റ് ഉറക്കം തടസ്സപ്പെടുകയോ ക്രമം തെറ്റുകയോ ചെയ്യാം. ഇത് സ്വപ്നങ്ങളുടെ തീവ്രതയും അസ്വാഭാവികതയും വർധിപ്പിക്കും. പലപ്പോഴും ഈ സ്വപ്നങ്ങൾ സാധാരണ സ്വപ്നങ്ങളേക്കാൾ കൂടുതൽ വികാരപരമായി തീവ്രമായതും നെഗറ്റീവായതുമായിരിക്കും. പനി മാറുമ്പോൾ ഈ സ്വപ്നങ്ങളും ഇല്ലാതാകും.
ചലിക്കുന്ന ചുമരുകൾ, വസ്തുക്കൾ ഉരുകുന്നത്, ജീവികളുടെ കൈകാലുകൾ അസാധാരണമായി വലുതായിരിക്കുന്നത് തുടങ്ങിയ സ്ഥലപരമായ വികലതകൾ ഈ സ്വപ്നങ്ങളിൽ സാധാരണമാണ്. പഠനമനുസരിച്ച്, ഇത്തരം സ്വപ്‌നങ്ങൾ കാണുന്നവരിൽ 94 ശതമാനം പേരും അവയെ നെഗറ്റീവായ അനുഭവങ്ങളായാണ് വിവരിക്കുന്നത്. കത്തുന്ന മേഘങ്ങൾ, ഉരുകുന്ന പ്രതിമകൾ എന്നിങ്ങനെയുള്ള ശരീരത്തിലെ ചൂടിനെ പ്രതിഫലിക്കുന്ന തീമുകൾ സ്വപ്നങ്ങളിൽ കടന്നുവരാം. അസുഖം കാരണം ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസിലുള്ള കാര്യങ്ങൾ സ്വപ്നങ്ങളിൽ പ്രതിഫലിക്കുന്ന 'തുടർച്ചാ സിദ്ധാന്തം' അനുസരിച്ച് ആരോഗ്യ സംബന്ധമായ വിഷയങ്ങളും അസുഖത്തിന്‍റെ ലക്ഷണങ്ങളും സ്വപ്നങ്ങളിൽ കൂടുതലായി വരാം.
ജോലിയിലോ, വീട്ടിലോ, പഠനത്തിലോ ഉള്ള ശക്തമായ സമ്മർദങ്ങൾ രാത്രിയിൽ പേടിസ്വപ്നങ്ങളായി മാറിയേക്കാം. ഉത്കണ്ഠാ രോഗങ്ങളോ അല്ലെങ്കിൽ പാനിക് അറ്റാക്കുകളോ ഉള്ളവർക്ക് മോശം സ്വപ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പ്രിയപ്പെട്ടവരുടെ മരണം, വിവാഹമോചനം, പുതിയ സ്ഥലത്തേക്കുള്ള താമസം തുടങ്ങിയ പ്രധാനപ്പെട്ട ജീവിത മാറ്റങ്ങൾ ഉറക്കത്തെയും സ്വപ്നങ്ങളെയും ബാധിക്കാം. ശാരീരികമോ വൈകാരികമോ ആയ ആഘാതകരമായ സംഭവങ്ങൾ അനുഭവിച്ച വ്യക്തികളിൽ മോശം സ്വപ്നങ്ങൾ ആവർത്തിച്ച് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫീവർ ഡ്രീംസ് തടയാൻ പ്രത്യേക വഴികളില്ലെങ്കിലും പനി നിയന്ത്രിക്കുന്നത് ഈ സ്വപ്നങ്ങളുടെ സാധ്യത കുറക്കും. ധാരാളം വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. ആവശ്യത്തിന് വിശ്രമിക്കേണ്ടതും ആവശ്യമാണ്.


