ശ്വാസത്തിന്‍റെ സംരക്ഷണത്തിന് ഒരുമിച്ച്; ഇന്ന് ലോക ന്യൂമോണിയ ദിനം
text_fieldsഎല്ലാ വർഷവും നവംബർ 12-ാം തീയതി ലോകമെമ്പാടും ലോക ന്യൂമോണിയ ദിനം (World Pneumonia Day) ആയി ആചരിക്കുന്നു. മനുഷ്യരിൽ ഇപ്പോഴും മരണകാരണമാകുന്ന അണുബാധകളിലൊന്നാണ് ന്യൂമോണിയ. പ്രത്യേകിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലും വയോജനങ്ങളിലുമാണ് രോഗം കൂടുതൽ ഗുരുതരമായി കാണപ്പെടുന്നത്. ന്യൂമോണിയയെക്കുറിച്ചുള്ള ബോധവൽക്കരണവും പ്രതിരോധ നടപടികളിലേക്കുള്ള സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കലുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
ന്യൂമോണിയ ഒരു ശ്വാസകോശ അണുബാധയാണ്. ബാക്ടീരിയ, വൈറസ്, അല്ലെങ്കിൽ ഫംഗസ് എന്നിവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങൾ. രോഗബാധിതർ ശ്വസിക്കുമ്പോൾ അല്ലെങ്കിൽ ചുമക്കുമ്പോൾ പുറന്തള്ളുന്ന തുള്ളികളിലൂടെ രോഗം പകരുന്നു. ചിലപ്പോൾ ഗുരുതരമായ ജലദോഷം അല്ലെങ്കിൽ ഫ്ലൂ പോലുള്ള രോഗങ്ങൾക്ക് ശേഷം ന്യൂമോണിയ രൂപപ്പെടാം. കഫത്തോടുകൂടിയ ചുമ, ശക്തമായ പനി, ശ്വാസതടസം, ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ നെഞ്ചുവേദന, ക്ഷീണം, സ്വബോധം നഷ്ടപ്പെടുക (65 വയസ്സിന് മുകളിലുള്ളവരിൽ), വിയർക്കൽ, വിറയൽ സാധാരണ ശരീര താപനിലയേക്കാൾ കുറവ് (65 വയസ്സിന് മുകളിലുള്ളവരിലും രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകളിലും), ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
കുറഞ്ഞ പ്രതിരോധശേഷി, പോഷകാഹാരക്കുറവ്, പുകവലി, ദീർഘകാല ശ്വാസകോശരോഗം എന്നിവ രോഗം ബാധിക്കാനുള്ള സാധ്യത ഉയർത്തുന്നു. അതിനാൽ പ്രതിരോധം അത്യന്തം പ്രധാനമാണ്. കൃത്യമായ വാക്സിനേഷൻ, പോഷകാഹാര സമ്പുഷ്ടമായ ഭക്ഷണം, ശുചിത്വം പാലിക്കൽ, മലിനമായ അന്തരീക്ഷം പരമാവധി ഒഴിവാക്കൽ എന്നീ പ്രതിരോധ മാർഗങ്ങൾ പാലിക്കണം. കുട്ടികളിലെ പ്ന്യൂമോകോക്കൽ വാക്സിൻ, ഇൻഫ്ലുവൻസ വാക്സിൻ എന്നിവ രോഗബാധ കുറക്കാൻ സഹായിക്കുന്നു.
ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, 102 F (39 C) അല്ലെങ്കിൽ അതിൽ കൂടുതലുള്ള തുടർച്ചയായ പനി, തുടർച്ചയായ ചുമ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. സ്വയംചികിത്സ രോഗം മൂർഛിക്കാൻ കാരണമാകും.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ലോകത്ത് ലക്ഷക്കണക്കിന് കുട്ടികൾ ന്യൂമോണിയ മൂലം മരിക്കുന്നു. ഇതിൽ ഭൂരിഭാഗവും വികസനോന്മുഖ രാജ്യങ്ങളിലാണ്. അതിനാൽ ന്യൂമോണിയയെ “മറക്കപ്പെട്ട കൊലയാളി” (The forgotten killer disease) എന്നും വിളിക്കാറുണ്ട്.
ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നത് വ്യക്തി തലത്തിലും സാമൂഹ്യതലത്തിലും ശ്വാസകോശാരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമാണ്. ശുദ്ധവായുവും ശുചിത്വജീവിതശൈലിയും വാക്സിനേഷനിലൂടെയുള്ള പ്രതിരോധവും ഉറപ്പാക്കി, ആരോഗ്യ ബോധവൽക്കരണം വ്യാപിപ്പിക്കുന്നത് വഴി ന്യൂമോണിയയെ അതിജീവിക്കാൻ സാധിക്കും.


