Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതലച്ചോറിന്റെ ആരോഗ്യം...

തലച്ചോറിന്റെ ആരോഗ്യം നമ്മുടെ കൈകളിൽ

text_fields
bookmark_border
stroke
cancel

ഒരു മിനിറ്റ് വൈകിയാൽ അനേകം മസ്തിഷ്‌ക കോശങ്ങൾ മരിക്കും. ഇതൊരു ജീവൻ രക്ഷാ മുന്നറിയിപ്പാണ്. സ്ട്രോക്ക് ബാധിച്ചാൽ ഉടനടി ചികി‌ൽസ ലഭ്യമാക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനാകും. ലോക സ്ട്രോക്ക് ദിനം (World Stroke Day) നമ്മെ ഓർമപ്പെടുത്തുന്നതും ഈ സമയത്തിൻെ പ്രാധാന്യമാണ്. എല്ലാ വർഷവും ഒക്ടോബർ 29-നാണ് ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത്. സ്ട്രോക്കിനെതിരെ ജനങ്ങളെ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയെന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ നാല് സെക്കൻഡിലും ലോകത്ത് ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കുന്നു. അതിൽ പലർക്കും വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ജീവൻ നഷ്ടപ്പെടുകയോ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്യുന്നു.

എന്താണ് സ്ട്രോക്ക് ?

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുന്നത് വഴി മസ്തിഷ്‌ക കോശങ്ങൾ നശിക്കുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. പ്രധാനമായും മൂന്ന് തരത്തിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്.

1. ഇസ്കീമിക് സ്ട്രോക്ക്

കൂടുതൽ പേരിലും സാധാരണയായി കണ്ടുവരുന്ന സ്ട്രോക്ക്. ഏകദേശം 85 ശതമാനം കേസുകളും ഈ തരത്തിലേക്ക് പെടുന്നു. രക്തക്കുഴലിൽ കൊഴുപ്പ് അല്ലെങ്കിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് വഴി രക്തപ്രവാഹം നിൽക്കുന്നതാണ് കാരണം. ഇത് വഴി തലച്ചോറിന്റെ ഭാഗങ്ങൾ ഓക്സിജൻ ലഭിക്കാതെ നശിക്കുന്നു.

ഉപതരങ്ങൾ

ത്രോംബോട്ടിക് സ്ട്രോക്: തലച്ചോറിനുള്ളിലെ രക്തക്കുഴലിൽ രക്തക്കട്ട രൂപപ്പെടുന്നത്.

എംബോളിക് സ്ട്രോക്: ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് (ഹൃദയം) രൂപപ്പെട്ട രക്തക്കട്ട തലച്ചോറിലേക്കെത്തി രക്തകുഴൽ അടക്കുന്നത്.

2 ഹെമറാജിക് സ്ട്രോക്ക്

ഇത് രക്തക്കുഴൽ പൊട്ടിപ്പോകുന്നതിലൂടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതുവഴി സംഭവിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, രക്തക്കുഴൽ പാളികൾ ദുർബലമാകുന്നത്, തലക്കേറ്റ ക്ഷതം, അണുബാധ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. ഇത് രക്തസ്രാവം മൂലം തലച്ചോറിൽ മർദ്ദം കൂടാനും കോശങ്ങൾ നശിക്കാനും കാരണമാകുന്നു.

മിനി സ്ട്രോക്ക് എന്നറിയപ്പെടുന്ന ട്രാൻസിയെൻ് ഈസ്കിമിക് അറ്റാക്കിനെ (Transient Ischemic Attack) പറ്റിയും അറിഞ്ഞിരിക്കണം. ഇത് സ്ട്രോക്ക് അല്ല, പക്ഷേ സ്ട്രോക്കിന്റെ മുന്നറിയിപ്പ് എന്ന നിലയിൽ അത്യന്തം പ്രാധാന്യമുണ്ട്. രക്തക്കുഴൽ താൽക്കാലികമായി തടസ്സപ്പെടുന്ന അവസ്ഥയാണിത്. മുഖം കോടുക, സംസാരശേഷി നഷ്ടപ്പെടുക, കൈകാലുകൾ ബലഹീനമാകുക (പക്ഷേ സാധാരണയായി കുറച്ച് മിനിറ്റുകൾക്കോ മണിക്കൂറുകൾക്കോ ശേഷം സാധാരണ നിലയിലേക്ക് മടങ്ങും) എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. ഇതിനെ അവഗണിക്കരുത്. കാരണം TIA കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ സ്ട്രോക്ക് സംഭവിക്കാൻ സാധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ തിരിച്ചറിയുക (FAST)

സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാനും ഉടൻ ചികിത്സ തേടാനും "FAST" എന്ന പദം ഓർമിക്കുക.

F Face മുഖത്തിന്റെ ഒരു വശം കോടുക

A Arm ഒരു കൈ ഉയർത്താനാവാതെ വീഴുക

S Speech സംസാരിക്കാൻ ബുദ്ധിമുട്ട്, വാക്കുകൾ വ്യക്തമാവാത്ത അവസ്ഥ

T Time സമയനഷ്ടമില്ലാതെ ചികിത്സ തേടുക

ഇവിടെ സമയത്തിന് നമ്മുടെ തലച്ചോറിനെ വിലയുണ്ട്. വൈകിയാൽ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ ശേഷി സ്ഥിരമായി നഷ്ടപ്പെടും.

കാരണം എന്തെല്ലാം?

സ്ട്രോക്ക് ഏതു പ്രായക്കാരെയും ബാധിക്കാം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ , പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, മാനസിക സമ്മർദം എന്നീ ജീവിതശൈലി ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു.

സ്ട്രോക്കിനെ തടയാൻ

  • ദിവസേന 30 മിനിറ്റ് വ്യായാമം ചെയ്യുക
  • സമീകൃത ആഹാരം (പച്ചക്കറികൾ, പഴങ്ങൾ) ശീലമാക്കുക
  • പുകവലിയും മദ്യപാനവും ഒഴിവാക്കുക
  • രക്തസമ്മർദം, പ്രമേഹം എന്നിവ നിരന്തരം പരിശോധിക്കുക
  • ധ്യാനം, യോഗ തുടങ്ങിയവ വഴി മാനസികശാന്തി നിലനിർത്തുക

സ്ട്രോക്കിന് ശേഷം

സ്ട്രോക്ക് വന്ന് കഴിഞ്ഞാലും ജീവിതം അവിടെ അവസാനിക്കുന്നില്ല. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, കൗൺസിലിങ് തുടങ്ങിയ മാർഗങ്ങൾ രോഗിയെ വീണ്ടും സ്വതന്ത്രജീവിതത്തിലേക്ക് നയിക്കുന്നു. കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും രോഗിയുടെ ആത്മവിശ്വാസത്തിന് അത്യന്താപേക്ഷിതമാണ്. സ്ട്രോക്ക് ഒരാളുടെ ജീവിതം നിശ്ചലമാക്കാം. പക്ഷേ ബോധവൽക്കരണവും സമയോചിതമായ ചികിത്സയും ജീവിതത്തെ തിരികെ നൽകാനാവും. ലോക സ്ട്രോക്ക് ദിനം വെറും ഒരു ഓർമദിനമല്ല. അത് നമ്മുടെയും പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളോട് ഉത്തരവാദിത്വം കാണിക്കാനുള്ള ദിനം കൂടിയാണ്.

Show Full Article
TAGS:stroke World Stroke Day world health organization Health Alert 
News Summary - World Stroke Day
Next Story