എന്തുകൊണ്ടാണ് മേഗൻ മാൾക്കിൾ നഗ്ന പാദയായി നടക്കാൻ ഇഷ്ടപ്പെടുന്നത്‍?
text_fieldsപ്രമുഖ നടിയും ഹാരിസ് രാജകുമാരന്റെ ഭാര്യയുമായ മേഗൻ മാർക്കിളിന്റെ ജീവിത ശൈലി പുതിയ പഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്റെ വീടിനകത്ത് നഗ്ന പാദയായി നടക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന കാര്യമാണ് അവർ പങ്കുവെച്ചത്. എന്നാൽ നഗ്നപാദരായി നടക്കുന്നവരിൽ മാനസിക സമ്മർദവും ഉത്കണ്ഠയും താരതമ്യേന കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഭൂമിയുമായി ബന്ധപ്പെടുന്ന സമയത്ത് മനുഷ്യർക്കുണ്ടാവുന്ന ശാരീരിക നേട്ടങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണത്തിലാണ് വിദഗ്ധർ.
മോണ്ടെസിറ്റോയിലെ വീട്ടിൽ താൻ പലപ്പോഴും നഗ്നപാദയായിട്ടാണ് നടക്കാറുള്ളതെന്ന് മേഗൻ മാർക്കിൾ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ശാന്തതയും സമാധാനവും നൽകാൻ സഹായിക്കുന്ന ചിട്ടയാണിതെന്നും അവർ പറഞ്ഞു. 2022ൽ നെറ്റ്ഫ്ലിക്സ് പരമ്പരയായ ഹാരി & മേഗനിലും തന്റെ നഗ്നപാദ ശീലത്തെക്കുറിച്ച് നടി പരാമർശിച്ചിരുന്നു. തന്റെ ശൈലികൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. വില്യം രാജകുമാരനും കേറ്റും സന്ദർശിച്ച സമയത്ത് സാധാരണ വേഷത്തിൽ നഗ്നപാദയായിട്ടാണ് താൻ അവരെ സ്വീകരിച്ചതെന്ന് മേഗൻ ഓർക്കുന്നു. കൂടാതെ മറ്റുള്ളവരുമായി കണ്ടുമുട്ടുമ്പോൾ ആലിംഗനം ചെയ്യാൻ ഇഷ്ടപ്പെടാറുള്ള വ്യക്തിയാണ് താൻ. എന്നാലത് ബ്രിട്ടീഷുകാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തനിക്കറിയില്ലെന്നും മേഗൻ കൂട്ടിച്ചേർത്തു.
പക്ഷേ, മേഗന്റെ നഗ്നപാദ ശീലത്തിന് സമ്മർദ്ദം ഒഴിവാക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് പഠനങ്ങൾ വിശ്വസിക്കുന്നത്. പൂന്തോട്ടത്തിൽ നഗ്നപാദയായി നിൽക്കുന്നതും, കൈകൾ മണ്ണിൽ താഴ്ത്തി നിൽക്കുന്നതുമെല്ലാം പ്രകൃതിയുമായുള്ള മേഗന്റെ ബന്ധത്തെ തുറന്ന് കാട്ടുന്നതാണ്. മേഗന് പുറമേ പോപ്പ് താരം സബ്രീന കാർപെന്ററും ഗ്രൗണ്ടിങ് പോലുള്ള ശൈലികൾ പിന്തുടരുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മാനസികമായ അസ്വസ്ഥകൾ അനുഭവിക്കുമ്പോഴെല്ലാം തന്റെ കാൽ പുല്ലിലേക്ക് ഇറക്കി വെച്ച് ഭൂമിയെ അനുഭവിക്കാൻ ശ്രമിക്കും. കുറച്ച് സമയം അങ്ങനേ നിൽക്കുമ്പോൾ മനസിന് സമാധാനവും സന്തോഷവും അനുഭവപ്പെടുമെന്നും സബ്രീന പറഞ്ഞു.
ഇത്തരം രീതിയെ ഗ്രൗണ്ടിങ് എന്നാണ് പറയുന്നത്. മാനസികാവസ്ഥ, വീക്കം, മൊത്തത്തിലുള്ള ശാരീരിക സന്തുലിതാവസ്ഥ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ ഗ്രൗണ്ടിങ്ങിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. 2022ൽ ‘ഗ്രൗണ്ടിങ് - ദി യൂണിവേഴ്സൽ ആന്റി-ഇൻഫ്ലമേറ്ററി റെമഡി’ എന്ന പേരിൽ നടത്തിയ പ്രാഥമിക പഠനത്തിൽ ഭൂമിയുടെ ഉപരിതലവുമായുള്ള സമ്പർക്കത്തിലൂടെ വീക്കം, രോഗപ്രതിരോധം, മുറിവ് ഉണക്കൽ എന്നിവയെ സ്വാധീനിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ പഠനങ്ങൾ അന്തിമ ഘട്ടത്തിയെത്തിയാലേ ഇവയെക്കുറിച്ചുള്ള വ്യക്തമായ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂ. വനങ്ങളിലൂടെയുള്ള നഗ്നപാദ നടത്തം സെറോട്ടോണിൻ അളവിനെ സ്വാധീനിക്കുമെന്നും നിരീക്ഷണമുണ്ട്. ശാസ്ത്രം വികസിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെ ശരീരത്തിനും പ്രകൃതി ലോകത്തിനും ഇടയിൽ രസകരമായ ബന്ധങ്ങൾ ഉണ്ടായിരിക്കാമെന്നാണ് ഇത്തരം പഠനങ്ങൾ സൂചിപ്പിക്കുന്നത്.


